തൊഴിലും അപഹരിക്കുന്ന മോദിഭരണം


എം എ ബേബി
Published on Sep 16, 2026, 02:50 AM | 3 min read
പോരാട്ടങ്ങളിലൂടെ ഗ്രാമീണ തൊഴിൽശക്തി നേടിയെടുത്ത ജീവനോപാധിയും തകർക്കപ്പെടുകയാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തച്ചുടച്ച് വിബിജി ആർഎഎം ജി കൊണ്ടുവന്നിരിക്കുകയാണ് മോദിസർക്കാർ. ഇത് വെറും പേരുമാറ്റമല്ല. 2025 ജൂലൈയിൽ തൊഴിലുറപ്പ് പദ്ധതിപ്രകാരം 1.42 കോടി കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. 15.3 കോടി തൊഴിൽദിനങ്ങൾ. പുതിയ പദ്ധതിയുടെ ആദ്യ പൂർണമാസമായ 2026 ജൂലൈയിൽ 68.9 ലക്ഷം കുടുംബങ്ങൾക്ക് 7.67 തൊഴിൽദിനങ്ങളാണ് ലഭിച്ചത്. ഒറ്റ വർഷത്തിൽ പകുതിയായി കുറഞ്ഞു. ഇത് പദ്ധതി നടപ്പാക്കിയതിലെ പരാജയമല്ല, പുതിയ പദ്ധതിതന്നെ ഇത്തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കണം. ആവശ്യാധിഷ്ഠിത തൊഴിൽ എന്നതിനെ റേഷനിങ് രീതിയിലേക്ക് മാറ്റിയിരിക്കുന്നു. ദരിദ്രജനങ്ങൾ എപ്പോൾ പണിയെടുക്കണമെന്ന് കേന്ദ്രം തീരുമാനിക്കും. പണം സംസ്ഥാന സർക്കാർ നൽകുകയും വേണം.
മൂലധനത്തിന് വാരിക്കോരി
ഗ്രാമീണർക്കുള്ള തൊഴിലുറപ്പ് ഇല്ലാതാകുമ്പോൾ, കോർപറേറ്റുകൾക്ക് സഹായം വാരിക്കോരി നൽകുകയാണ് കേന്ദ്രസർക്കാർ. 1.97 ലക്ഷം കോടി വകയിരുത്തിയ ഉൽപ്പാദന ബന്ധിത ആനുകൂല്യ പദ്ധതിപ്രകാരം ഉൽപ്പാദനച്ചെലവുകൾ നേരിടാൻ കമ്പനികൾക്ക് അവരുടെ വിൽപ്പനയുടെ നിശ്ചിത ശതമാനം നൽകുന്നു. 1.07 ലക്ഷം കോടി വകയിരുത്തിയ തൊഴിൽബന്ധിത ആനുകൂല്യ പദ്ധതിവഴിയാകട്ടെ പുതിയ ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം തൊഴിൽദാതാവിന് നൽകുന്നു; രണ്ടുവർഷംവരെ ഈ തുക ലഭിക്കും. പ്രൈംമിനിസ്റ്റേഴ്സ് ഇന്റേൺഷിപ് പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സാമൂഹ്യ ഉത്തരവാദിത്വ ബജറ്റുള്ള 500 കമ്പനികൾവഴി മാസം 5,000 രൂപ നിരക്കിൽ ഒരുകോടി ഇന്റേൺഷിപ്പുകളാണ് വിഭാവന ചെയ്തത്. 2026 ജനുവരി ആയപ്പോഴേക്കും 3417 ഇന്റേൺഷിപ്പുകൾ പൂർത്തിയായി. 7094 പേർ പാതിവഴിയിൽ നിർത്തി. പദ്ധതിക്കായി കഴിഞ്ഞവർഷം നീക്കിവച്ച 10,000 കോടി രൂപയിൽ 64.91 കോടിമാത്രമാണ് ചെലവായത്.
ഇതൊരു സ്ഥിരംരീതിയാണ്. മൂലധനച്ചെലവ്, ഉൽപ്പാദനച്ചെലവ്, വേതനച്ചെലവ്... എല്ലാത്തിനും സബ്സിഡി. എന്നിട്ടും തൊഴിൽ ലഭ്യമാകുന്നില്ല. എന്തുകൊണ്ട് എന്നതിന് ഒറ്റ ഉത്തരംമാത്രം. തൊഴിൽ സൃഷ്ടിക്കുക എന്നതല്ല കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യം, മറിച്ച് സമ്പത്ത് കോർപറേറ്റുകൾക്ക് മറിച്ചുനൽകുക എന്നതുമാത്രമാണ്.
ശത്രുപ്രഖ്യാപനം
വിദ്യാർഥികളും യുവജനങ്ങളും നടത്തിയ ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ വിജയത്തിൽ വിറച്ചുപോയ നരേന്ദ്ര മോദി ചെങ്കോട്ടയിൽ കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പുതിയൊരു ശത്രുനിരയെ പ്രഖ്യാപിച്ചിരിക്കുകയാണ്–- ദിമാഗി നക്സൽ. ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നാണ് ആഹ്വാനം. ഒറ്റ ദിവസത്തിനുള്ളിൽ ആഭ്യന്തരമന്ത്രാലയം അതിന് നിർവചനവും നൽകി. ഫലത്തിൽ, പ്രവർത്തനക്ഷമമായ തലച്ചോറുള്ള ആരും ഈ പട്ടികയിൽപ്പെടാം. രണ്ടാഴ്ച എടുത്തില്ല, ആർഎസ്എസ് മുഖവാരിക ഓർഗനൈസർ കൂടുതൽ വ്യക്തത വരുത്തി മുഖപ്രസംഗംതന്നെ എഴുതി. മോദി പറഞ്ഞ ദിമാഗി നക്സലുകൾ തോക്കുകൾ കൊണ്ടുനടക്കാറില്ല, മറിച്ച് വിഖ്യാത ചരിത്രപണ്ഡിതർ, ബുദ്ധിജീവികൾ തുടങ്ങിയ വിശേഷണങ്ങൾ പേറുന്നവരും വലിയ പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാരുമായിരിക്കും എന്നാണ് ഓർഗനൈസറിന്റെ കണ്ടെത്തൽ. സുരക്ഷാ ഏജൻസികളുമായി ചേർന്ന് ഇവരെ കണ്ടെത്തുന്നത് രാജ്യത്തോടുള്ള കർത്തവ്യമാണെന്നും ഓർഗനൈസർ ഓർമിപ്പിച്ചു.
ഈ പ്രഖ്യാപനംവന്ന സമയം ഒട്ടും യാദൃച്ഛികമല്ല. വൻകിട കമ്പനികൾക്ക് മൂന്നുലക്ഷം കോടി നികുതി ഇളവ് നൽകിയ, 10 ലക്ഷം കോടി വരുന്ന കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളിയ, രണ്ടുലക്ഷം കോടിയുടെ ഖനനകുടിശ്ശിക ഒറ്റ നിയമനിർമാണത്തിലൂടെ തുടച്ചുനീക്കിയ, ഗ്രാമീണ തൊഴിൽ ഒറ്റ വർഷംകൊണ്ട് പകുതിയായി വെട്ടിച്ചുരുക്കിയ സർക്കാരിന്, തങ്ങൾ ഇരിക്കുന്നത് പുകയുന്ന അഗ്നിപർവതത്തിനു മുകളിലാണെന്ന് നല്ല ബോധ്യമുണ്ട്. 2021–-22ലെ ഐതിഹാസികമായ കർഷകസമരം അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് മോദിസർക്കാരിന് മനസ്സിലാക്കിക്കൊടുത്തതാണ്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം സംഘടിതസമരങ്ങൾക്ക് തടയിടാൻ കേന്ദ്രം ഒരുമുഴംമുമ്പേ എറിഞ്ഞ കോലാണ് ‘ദിമാഗി നക്സൽ’ പ്രയോഗം. മാന്യമായ വേതനം ആവശ്യപ്പെടുന്ന തൊഴിലാളി, വിളകൾക്ക് താങ്ങുവില ആവശ്യപ്പെടുന്ന കർഷകൻ, സ്കൂൾ എവിടെ എന്നു ചോദിക്കുന്ന വിദ്യാർഥി, തൊഴിൽ അന്വേഷിക്കുന്ന യുവതി അല്ലെങ്കിൽ യുവാവ്, മതിയായ പ്രാതിനിധ്യം ആവശ്യപ്പെടുന്ന സ്ത്രീ, ഭൂമിയും ഉപജീവനമാർഗവും തേടുന്ന ഗോത്രവർഗക്കാരൻ, ജാതി അതിക്രമങ്ങൾ ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ദളിത്, ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന മാധ്യമപ്രവർത്തകൻ... ആരെയും കേന്ദ്രസർക്കാരിന് ‘ദിമാഗി നക്സലാ’യി മുദ്രകുത്താം.
നമ്മൾ ഇതിലൊന്നും ഭയപ്പെടുന്നവരല്ല.
പൊതുജനങ്ങളുടെ വരുമാനവും സമ്പാദ്യവും പിടിച്ചുപറിക്കുക, രാജ്യത്തിന്റെ വരുമാനത്തെയും ധാതുസമ്പത്തിനെയും സ്വകാര്യസമ്പത്തായി പരിവർത്തനപ്പെടുത്തുക, എന്നിട്ട് അതിന്റെ നഷ്ടങ്ങൾ സമൂഹത്തിനും ദുരിതങ്ങൾ സാധാരണക്കാർക്കുംമേലെ കെട്ടിവയ്ക്കുക... ഇതാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്ന ആത്മനിർഭർ ഭാരത്. കോർപറേറ്റ്- വർഗീയ ഭരണത്തിനെതിരായും രാജ്യത്തിന്റെ സമ്പത്ത് ഉൽപ്പാദിപ്പിക്കുന്നവരുടെ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സമ്പദ്വ്യവസ്ഥ യാഥാർഥ്യമാക്കാനായും പോരാടണം. തൊഴിലാളികൾ, ദരിദ്രകർഷകർ, കർഷകത്തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, അരികുവൽക്കരിക്കപ്പെട്ടവർ എന്നിവർ ഇതിനായി ഒറ്റക്കെട്ടായി പോരാടണം. അതാണ് രാജ്യത്ത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരേയൊരു പരിഹാരമാർഗം.













