Deshabhimani

എം എം ലോറൻസ്‌ ധീരനായ
സമരപോരാളി

m m lawrence
avatar
എം വി ഗോവിന്ദൻ

Published on Sep 21, 2026, 01:30 AM | 1 min read

ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച സ. എം എം ലോറൻസ്‌ വേർപിരിഞ്ഞിട്ട്‌ സെപ്‌തംബർ 21-ന്‌ രണ്ട്‌ വർഷം പൂർത്തിയാകുന്നു. എറണാകുളം മുളവുകാട്‌ ഗ്രാമത്തിൽ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ലോറൻസ്‌ വിദ്യാർഥിയായിരിക്കെ ദേശീയ പ്രസ്ഥാനത്തിലും തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയിലുമെത്തി. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ ലോറൻസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. അനുഭവിക്കേണ്ടി വന്ന ഭീകരമർദനങ്ങൾ അദ്ദേഹത്തെ തളർത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ ധീരനാക്കുകയാണ്‌ ചെയ്‌തത്‌. ഇടപ്പള്ളി പൊലീസ്‌ സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ സഖാവ്‌, ഇന്ത്യ–-ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും ജയിലിലടയ്‌ക്കപ്പെട്ടു.


​1946-ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ സെൽ സെക്രട്ടറിമുതൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, എൽഡിഎഫ്‌ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-ൽ ഇടുക്കിയിൽനിന്ന്‌ ലോക്‌സഭാംഗമായി. കൊച്ചി കോർപറേഷൻ രൂപീകരിച്ച 1969 മുതൽ 79 വരെ കൗൺസിലറായിരുന്നു. ദേശാഭിമാനി നിരോധിച്ച കാലത്ത്‌ എറണാകുളത്തുനിന്ന്‌ പ്രസിദ്ധീകരിച്ച "നവലോക'ത്തിന്റെ ചുമതലക്കാരനായി. ദേശാഭിമാനിയുടെ റിപ്പോർട്ടറായും വിതരണക്കാരനായും പ്രവർത്തിച്ചു.


​തൊഴിലാളിവർഗത്തിന്റെ കരുത്തും ക്രിയാത്മകതയും ഉയർത്താൻ പ്രവർത്തിച്ച പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവായിരുന്നു ലോറൻസ്‌. കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനം ദുഷ്‌കരമായ കാലത്ത്‌ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾക്കും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി അതിശക്തമായി പോരാടി. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ലോറൻസ്‌ നൽകിയ സംഭാവന വിലമതിക്കാനാകില്ല.

​അവസാന ശ്വാസംവരെ സാധാരണ മനുഷ്യരെക്കുറിച്ച്‌ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു. സമരധീരമായ ആ ഓർമകൾക്കുമുന്നിൽ അഭിവാദ്യം.



Deshabhimani
Home