എൽഡിഎഫ് മുന്നേറ്റം നൽകുന്ന സന്ദേശം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫിന് തുടർഭരണം നഷ്ടമായപ്പോൾ രാജ്യത്ത് കമ്യൂണിസ്റ്റ് പാർടികളും ഇടതുപക്ഷവും തകർന്നടിഞ്ഞുവെന്ന പ്രചണ്ഡമായ പ്രചാരണമാണ് വലതുപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും കെട്ടഴിച്ചുവിട്ടത്. ബംഗാളിനും ത്രിപുരയ്ക്കും പുറമെ കേരളത്തിലും ഇടതുപക്ഷത്തിന് ഭരണം നഷ്ടമായപ്പോൾ, 1991ൽ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ തകർന്ന ഘട്ടത്തിലുണ്ടായ കമ്യൂണിസ്റ്റ് വിരുദ്ധ കോലാഹലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രചാരണമാണ് കേരളത്തിലുണ്ടായത്. സിപിഐ എമ്മിനും എൽഡിഎഫിനും ഇനി അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് ഇവർ ഏകസ്വരത്തിൽ വിധിയെഴുതി. എന്നാൽ അന്നു ഞങ്ങൾ പറഞ്ഞത് ജനങ്ങൾ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തി, ആവശ്യമായ മാറ്റങ്ങൾ വരുത്തി, ജനവിശ്വാസം വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ്. പറ്റിയ തെറ്റുകൾ ജനങ്ങളോട് തുറന്നുപറയാൻ പാർടി തയ്യാറായി. കോഴിക്കോട്ട് സെപ്തംബർ 13 മുതൽ 15 വരെ ചേർന്ന സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗം സമഗ്രമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് തുടക്കമിട്ടു. അവിടെ നടന്ന ചർച്ചയുടെ ഫലമായി സംഘടനാരംഗത്ത് അടക്കം ആവശ്യമായ മാറ്റങ്ങൾക്ക് പാർടി തയ്യാറായി. തുടർന്ന് 14 ജില്ലാ കമ്മിറ്റികളുടെയും വിപുലീകൃത യോഗം ചേർന്ന് അതത് ജില്ലയിലെ വീഴ്ചകൾ പരിശോധിച്ച് അവ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇൗ തെറ്റുതിരുത്തൽ പ്രക്രിയക്ക് തുടക്കമിട്ട സമയത്താണ് കൊല്ലം, ആലപ്പുഴ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. തികച്ചും രാഷ്ട്രീയമായി വോട്ടെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ മൂന്നിൽ രണ്ടും ബ്ലോക്ക് പഞ്ചായത്തിൽ ഏഴിൽ അഞ്ചും എൽഡിഎഫ് നേടി. യുഡിഎഫിന്റെ സീറ്റുകൾ 22ൽനിന്ന് 19 ആയി കുറഞ്ഞു. ഏഴ് യുഡിഎഫ് എംഎൽഎമാർ പ്രതിനിധാനം ചെയ്‌തിരുന്ന തദ്ദേശസ്ഥാപന വാർഡുകളിൽ രണ്ടെണ്ണം എൽഡിഎഫ് പിടിച്ചെടുത്തു; ചങ്ങനാശേരി എംഎൽഎ വിനു ജോബിന്റെയും ചിറ്റൂരിലെ സുമേഷ് അച്യുതന്റെയും സീറ്റുകൾ. മറ്റ് അഞ്ചിടങ്ങളിൽ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനും എൽഡിഎഫിനായി. എൽഡിഎഫ് കൈവശം ഉണ്ടായിരുന്ന 15 സീറ്റ് പതിനെട്ടായി ഉയർത്തി. യുഡിഎഫിന് 72,814 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 85,105 വോട്ട് നേടാനായി. മൊത്തം വാർഡുകളിലായി 1,81,862 വോട്ട് പോൾ ചെയ്‌തതിൽ 46.80 ശതമാനം വോട്ട് എൽഡിഎഫിന് ലഭിച്ചപ്പോൾ യുഡിഎഫിന് കിട്ടിയത് 40.03 ശതമാനംമാത്രം. യുഡിഎഫിനേക്കാൾ 12,291 വോട്ട് അധികം നേടാൻ എൽഡിഎഫിനായി. യുഡിഎഫിന് 3346 വോട്ട് കൂടുതൽ എന്നതായിരുന്നു 2025ലെ സ്ഥിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ യുഡിഎഫ് തുടരുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് തിരുവനന്തപുരത്തെ കല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞതവണ 5683 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ഇവിടെ ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 3019 ആയി കുറഞ്ഞു. 2025ൽ പതിനായിരത്തിലധികം വോട്ട് നേടിയ ബിജെപിയുടെ വിഹിതം ഇക്കുറി പകുതിയായി കുറഞ്ഞതാണ് 3019 വോട്ടിനെങ്കിലും ജയിക്കാൻ യുഡിഎഫിനെ സഹായിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ സിപിഐ എമ്മിനും എൽഡിഎഫിനും ചരമക്കുറിപ്പെഴുതിയ "മലയാള മനോരമ’ സെപ്തംബർ 30ന് ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച റിപ്പോർട്ടിന്റെ തലക്കെട്ട് "തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം’ എന്നാണ്. ഉൾപ്പേജിൽ ആ പത്രം പ്രസിദ്ധീകരിച്ച വിശകലനത്തിൽ പറയുന്നത് ‘ഉപതെരഞ്ഞെടുപ്പ് ഫലം സ്വാഭാവികമായി സിപിഐ എമ്മിന് ഊർജമാകും’ എന്നാണ്. സിപിഐ എമ്മും സിപിഐയും പല വിഷയങ്ങളിലും ഭിന്നിച്ചുനിൽക്കുന്ന സാഹചര്യം മയപ്പെടാനും ഇത് ഇടയാക്കുമെന്നും നിയമസഭാ സമ്മേളനം രണ്ടാഴ്ചയ്ക്കകം തുടങ്ങാനിരിക്കെ എൽഡിഎഫിന് ലഭിച്ച ആയുധമാണ് ഈ തെരഞ്ഞെടുപ്പുവിജയമെന്നും അവർ വിലയിരുത്തി. അതായത് എൽഡിഎഫിന് ഇനി തിരിച്ചുവരവില്ലെന്ന് എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധ ജിഹ്വക്ക് നാലുമാസം കഴിഞ്ഞപ്പോൾത്തന്നെ തിരുത്തിയെഴുതേണ്ടി വന്നു. ഒരു പരാജയംകൊണ്ട് തകരുന്നതല്ല കേരളത്തിലെ സിപിഐ എമ്മും ഇടതുപക്ഷവും എന്ന വസ്തുത അവർക്കും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സിപിഐ എം തകർന്നില്ലെന്ന, അവർക്ക് കയ്‌പേറിയ സത്യം അംഗീകരിക്കാൻ നിർബന്ധിതമായപ്പോഴും പാർടിക്കും എൽഡിഎഫിനും വളരാൻ അവസരം നൽകരുതെന്ന യുഡിഎഫിനുള്ള ഉപദേശവും മനോരമയുടെ ഈ വിശകലനത്തിൽ വായിച്ചെടുക്കാം.
നാലുമാസം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കൈക്കൊണ്ട ജനവിരുദ്ധനയങ്ങളേക്കാൾ, കെപിസിസി പ്രസിഡന്റ് മന്ത്രിയായതോടെ സംഘടനാരംഗത്തുണ്ടായ നിർജീവാവസ്ഥ ഉപതെരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിച്ചതാണ് പരാജയത്തിന് കാരണമെന്ന ആഖ്യാനം സൃഷ്ടിക്കാനും ഇതേ വലതുപക്ഷ മാധ്യമങ്ങൾ മത്സരിക്കുന്നത് കാണാം. അതിന് ബലമേകാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മുഖാമുഖവും മനോരമ പത്രം നൽകുന്നുണ്ട്. "പാർടിക്ക് ഒരു നാഥൻ വേണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രിമാർതന്നെ പാർടി നേതൃത്വത്തിലും തുടരട്ടെ എന്ന തീരുമാനം അപകടം ചെയ്യും’ എന്നാണ് അടൂർ പ്രകാശിന്റെ വാദം. നാലുമാസത്തെ യുഡിഎഫ് ഭരണത്തിലെ ജനവിരുദ്ധനയങ്ങൾ മറച്ചുപിടിക്കാനുള്ള പാഴ്‌ശ്രമമാണ് ഇതുവഴി മാധ്യമങ്ങൾ നടത്തുന്നത്.
കേരളരാഷ്ട്രീയത്തിൽ ഒരു ‘വിസ്‌മയ’മായി വി ഡി സതീശനെ എഴുന്നള്ളിച്ചുകൊണ്ടുവന്നത് ഇൗ മാധ്യമങ്ങളാണെന്നതിൽ തർക്കമില്ല. തങ്ങൾ ഊതിപ്പെരുപ്പിച്ച് ഉയർത്തിക്കാട്ടിയ ഈ "വിസ്‌മയത്തിന് മങ്ങലേറ്റു’ എന്ന് ഈ മാധ്യമപ്പടയിലെ പ്രധാന അംഗമായ ‘മാതൃഭൂമി’ക്ക് സമ്മതിക്കേണ്ടി വന്നു. "തദ്ദേശക്കാറ്റ് ഇടത്തേക്കാണ്’ എന്ന് വേദനയോടെ തലക്കെട്ടിടാനും ഈ പത്രം നിർബന്ധിതമായി. അതായത് പുതിയ ജനവിധി കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങൾക്കുള്ള ചുട്ട മറുപടികൂടിയാണ്. യുഡിഎഫ് സർക്കാരിന്റെ എല്ലാ ജനവിരുദ്ധനടപടികളെയും വെള്ളപൂശി അവതരിപ്പിക്കാൻ മത്സരിക്കുകയായിരുന്നു കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും. 10 വർഷത്തിനുശേഷം തിരിച്ചെത്തിയ പവർകട്ടും മന്ത്രിമാരുടെ സ്‌പോൺസേർഡ് വിദേശപര്യടനങ്ങളും ഹെലികോപ്റ്റർ–വിമാന യാത്രകളും പിഎം ശ്രീ, വന്ദേമാതരം, സർവകലാശാലകളുടെ കാവിവൽക്കരണം, വഖഫ് തുടങ്ങിയ വിഷയങ്ങളിൽ സംഘപരിവാറിന് പൂർണമായും വഴങ്ങുന്ന നയവും ജനക്ഷേമപദ്ധതികൾ ഉപേക്ഷിച്ചതും ആശുപത്രികളിൽ മരുന്നില്ലാത്തത് ഉൾപ്പെടെയുള്ള അരക്ഷിതാവസ്ഥയും ഇവർക്ക് വാർത്തയായില്ലെങ്കിലും ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. ജനങ്ങളെ ദ്രോഹിക്കുന്ന, കെടുകാര്യസ്ഥതയുടെ ഭരണത്തിനെതിരായ ജനവിധിയാണ് ഉണ്ടായത്. ഇതിൽനിന്ന് പാഠം ഉൾക്കൊള്ളാൻ വി ഡി സതീശൻ സർക്കാരും യുഡിഎഫും തയ്യാറാകുമോ എന്നതാണ് അറിയാനുള്ള കാര്യം.
അധികാരത്തിൽ ഇരിക്കുന്നവരോട് ഭയമേതുമില്ലാതെ സത്യം വിളിച്ചുപറയേണ്ട മാധ്യമങ്ങൾ അതിന് തയ്യാറാകാതെ അവരെ സന്തോഷിപ്പിക്കാൻ പ്രതിപക്ഷത്തെ ആക്രമിക്കാനാണ് തയ്യാറായത്. ആർഎസ്‌എസ്–ബിജെപി സംഘത്തിന്റെ പോഷകസംഘടനപോലെ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിപക്ഷനേതാവിനെ വേട്ടയാടാൻ ശ്രമിച്ചപ്പോൾ കൽപ്പിത കഥകളും ഉപകഥകളുമായി ഈ മാധ്യമങ്ങൾ ആവേശത്തോടെ രംഗത്തുവന്നു. മറ്റൊരു പത്രം ശബരിമലയിൽ സ്വർണക്കിരീടം മോഷണംപോയി എന്ന കള്ളവാർത്ത നൽകി പ്രതിപക്ഷത്തെ ആക്രമിക്കാൻ ശ്രമിച്ചു. ഒരു ചാനലിന്റെ ന്യൂസ് റൂമിൽ പൊലീസ് കയറി വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതിനെപ്പോലും എതിർക്കാൻ കഴിയാത്തവിധം മടിത്തട്ട് ജിഹ്വകളായി കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും അധഃപതിച്ചു. നെറികെട്ട ഈ മാധ്യമപ്രവർത്തനത്തിന് ജനങ്ങളിൽനിന്ന് ലഭിച്ച കനത്ത പ്രഹരംകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ അച്ചുനിരത്തുകയും ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കുകയും ചെയ്ത മാധ്യമങ്ങളെ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന പാഠം ഈ തെരഞ്ഞെടുപ്പുഫലത്തിൽ പ്രകടമാണ്.
പണക്കൊഴുപ്പുവഴിയും, ഭരണസംവിധാനങ്ങളെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും തെരഞ്ഞെടുപ്പ് കമീഷനെയും ഉപയോഗിച്ചും തെരഞ്ഞെടുപ്പ് അട്ടിമറി രാഷ്ട്രീയശൈലിയാക്കിയ ബിജെപിയെ ജനങ്ങൾ പൂർണമായും തിരസ്‌കരിക്കുകയാണെന്ന സന്ദേശവും ഈ തെരഞ്ഞെടുപ്പുഫലം നൽകുന്നുണ്ട്. ഡൽഹിയിലെ വിദ്യാർഥി–യുവജനപ്രക്ഷോഭവും തുടർന്നുള്ള സംഭവവികാസങ്ങളും കേന്ദ്രം ഭരിക്കുന്ന കക്ഷിയെ ജനങ്ങളിൽനിന്ന് അകറ്റിയെന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇൗ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം.















