Deshabhimani

Articles

നിയമവ്യവസ്ഥ പൊലീസ്‌ തകർക്കുമ്പോൾ

നിയമവ്യവസ്ഥ പൊലീസ്‌ തകർക്കുമ്പോൾ

delhi jantarmantar 2.0 protest
റിതിൻ പ‍ൗലോസ്‌

Published on Oct 12, 2026, 12:00 AM | 3 min read

തെരഞ്ഞെടുപ്പിൽ അധിഷ്‌ഠിതമായ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത ഏറെക്കുറെ പൂർണമായും തകർന്ന അസാധാരണ സാഹചര്യത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. അതിനെതിരെ ഡൽഹി കേന്ദ്രീകരിച്ചും രാജ്യത്താകെയും കത്തിപ്പടരുന്ന പ്രതിഷേധത്തിന്റെ ദീപശിഖ ഇടതുപക്ഷമാണ്‌ വഹിക്കുന്നത്‌. ഡൽഹിയിൽ സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിജെപി, എഐഎസ്‌എഫ്‌, എഐവൈഎഫ്‌, ഐസ തുടങ്ങിയ വിദ്യാർഥി–യുവജന സംഘടനങ്ങളും കൊളുത്തിവിട്ട പ്രതിഷേധ തീ രാജ്യമാകെ പടരുന്നു.


ഇ‍ൗ പ്രക്ഷോഭത്തെ ഭയപ്പെടുന്ന കേന്ദ്രസർക്കാരാകട്ടെ 13 കോടി പ‍ൗരന്മാരുടെ വോട്ടവകാശം ബിജെപിക്കായി കവർന്നെടുത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നു. 23,000ൽപ്പരം കേന്ദ്ര സായുധസേനാംഗങ്ങളെ ഇറക്കിയും ഭരണഘടനാദത്തമായ പ‍ൗരാവകാശങ്ങൾ ചവിട്ടിമെതിച്ചും ഗ്യാനേഷിന്‌ ബിജെപി സർക്കാർ കവചമൊരുക്കുകയാണ്‌. കൂട്ട അറസ്റ്റും വീട്ടുതടങ്കലുകളും കൊടിയ മർദനങ്ങളുമാണ്‌ ഡൽഹിയിൽ നടമാടുന്നത്‌. മറുവശത്ത്‌ ഹിന്ദുത്വ തീവ്രവാദികളും കൊടിയ ആക്രമണം പ്രക്ഷോഭകർക്കു നേരെ അഴിച്ചുവിടുന്നു. അക്രമികൾക്ക്‌ കുടപിടിക്കുകയാണ്‌ ഡൽഹി പൊലീസ്‌.


​സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ കസ്റ്റഡിയിൽ എടുത്ത്‌ എട്ടു മണിക്കൂർ നഗരം ചുറ്റിച്ച പൊലീസ്‌, മരുന്നും ഭക്ഷണവും വെള്ളവുംപോലും നിഷേധിച്ചു. മ‍ൗലികാവകാശങ്ങൾക്കൊപ്പം മനുഷ്യാവകാശങ്ങളും പിണറായിക്ക്‌ നിഷേധിച്ചത്‌ വലിയ ആശങ്ക ഉയർത്തുന്നു.


ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം, 22 ഉറപ്പുനൽകുന്ന അന്യായ അറസ്റ്റിൽനിന്നും തടങ്കലിൽനിന്നുമുള്ള സംരക്ഷണം എന്നിവയുടെ നഗ്‌നമായ ലംഘനമാണ്‌ അനധികൃത വീട്ടുതടങ്കലെന്ന്‌ സുപ്രധാന വിധിന്യായങ്ങളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. വ്യക്തിസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനസത്തയാണെന്നും നിയമവ്യവസ്ഥയുടെ ചട്ടക്കൂടുകൾക്ക് പുറത്തുള്ള ഏത് തടങ്കലും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പല ഘട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനാപരമായ ഇ‍ൗ അവകാശങ്ങൾ അനധികൃത തടങ്കലുകൾക്കെതിരെ പൗരന്മാർക്ക് ശക്തമായ പരിച തീർക്കുന്നുണ്ടെങ്കിലും ഇവയുടെ കൃത്യമായ പാലനം ഉറപ്പുവരുത്തേണ്ടത് നീതിപീഠത്തിന്റെയും നിയമപാലകരുടെയും ചുമതലയാണ്. ഇ‍ൗ ചുമതല നിർവഹിക്കുന്നതിൽ പരാജയം സംഭവിക്കുന്നതായി ആക്ഷേപം ഉയരുകയാണ്‌.


​കരുതൽ തടങ്കൽ നിയമങ്ങൾ കഠിനമാണെന്നും വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച്‌ വിചാരണകൂടാതെ ആളുകളെ ജയിലിൽ അടയ്‌ക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്‌. ഇത്‌ ക്രൂരമായ നടപടിയാണെന്നും താൽക്കാലിക തടവാണെങ്കിൽപ്പോലും നിയമാനുസൃത നടപടിക്രമം പാലിക്കണമെന്നും കോടതി പലവട്ടം ചൂണ്ടിക്കാട്ടി. ഡി കെ ബസു കേസിലാണ്‌ (1997) കരുതൽ തടങ്കൽ നടപ്പാക്കുന്നതിൽ 11 സുപ്രധാന മാർഗനിർദേശങ്ങൾ കോടതി പുറത്തിറക്കിയത്‌. പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന വ്യക്തമായ തിരിച്ചറിയൽ ടാഗ് ഉദ്യോഗസ്ഥനുണ്ടായിരിക്കണം, അറസ്റ്റ് മെമ്മോ കാണിക്കണം, ബന്ധുക്കളെ ഉടൻ വിവരമറിയിക്കണം, അഭിഭാഷകനെ കാണാൻ അനുമതി നൽകണം, അറസ്റ്റിന്റെ സമയം രേഖപ്പെടുത്തണം എന്നിവയാണ്‌ അതിൽ സുപ്രധാനം. എന്നാൽ വിമാനത്തിൽ കടന്നുകയറി പൊലീസ്‌ തടങ്കലിലാക്കിയ സിജെപി സ്ഥാപകൻ അഭിജീത്‌ ദിപ്‌കെ അടക്കമുള്ളവർക്കോ രാജ്യത്തെന്പാടും കരുതൽ തടങ്കലിൽ ഇട്ടവർക്കോ ഇ‍ൗ പരിരക്ഷ ലഭ്യമായില്ല. നിരോധനാജ്ഞ നിലവിലില്ലാത്ത ഡൽഹി എൻസിആർ മേഖലയിലും വ്യാപക കരുതൽ തടങ്കൽ നടന്നു. പ്രഥമദൃഷ്‌ട്യാ ഇത്‌ നിയമവിരുദ്ധമാണ്‌.


​പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായിട്ടാണ്‌ കരുതൽ തടങ്കൽ പൊലീസ്‌ ഉപയോഗിക്കുന്നതെന്ന്‌ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ നിപുൻ സക്‌സേന പറയുന്നു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനുമുള്ള അസാധാരണ നടപടിയായിട്ടാണ്‌ ഇത്‌ ഉപയോഗിക്കേണ്ടതെന്നും സക്‌സേന വ്യക്തമാക്കുന്നു. ഭാവിയിൽ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ ‘മുൻകരുതൽ തടങ്കൽ’ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ അടങ്ങിയിട്ടുണ്ടെന്ന്‌ സുപ്രീംകോടതി അഭിഭാഷകനായ കെ ആർ സുഭാഷ്‌ ചന്ദ്രനും ചൂണ്ടിക്കാട്ടുന്നു.


നിയമത്തിന്റെ അമിത പ്രയോഗം എളുപ്പത്തിൽ ഏകപക്ഷീയമായ തടങ്കലായി മാറാനും രാഷ്ട്രീയ വിയോജിപ്പുകളെയോ സമാധാനപരമായ ഒത്തുചേരലുകളെയോ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്‌. വിദ്യാർഥി–- യുവജന പ്രക്ഷോഭങ്ങളായാലും ഉമർഖാലിദ് കേസായാലും ഭീമ കൊറേഗാവ് കേസായാലും ഫാദർ സ്റ്റാൻസ്വാമിമുതൽ പ്രൊഫ. സായിബാബ ഉൾപ്പെടെയുള്ള മനുഷ്യാവകാശപ്രവർത്തകരോട് നിയമവ്യവസ്ഥ കാണിച്ച കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായാലും ജനാധിപത്യ വിശ്വാസികൾ സജീവ ചർച്ചയ്‌ക്ക്‌ ഇത്‌ വിധേയമാക്കേണ്ടതുണ്ട്‌.


​ഇന്ത്യൻ ജനാധിപത്യത്തിന്റെ നിർണായക ഘട്ടത്തിൽ സുപ്രീംകോടതി പൗരന്മാരുടെ അവകാശങ്ങളെ കൃത്യമായി സംരക്ഷിക്കുന്നുണ്ടോയെന്നതിൽ മറ്റൊരു മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്‌ പറയുന്നത്‌ ഇങ്ങനെ: കപിൽ സിബൽതന്നെ കോടതിയിൽ പോയി മടുത്തെന്നും കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നെന്നും മാധ്യമങ്ങളോട് തുറന്നുപറയുകയുണ്ടായി.സുപ്രീംകോടതി അടിയന്തരാവസ്ഥയെ പിന്തുണച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന്‌ ഞായറാഴ്‌ചത്തെ പ്രത്യേക സിറ്റിങ്ങിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഒരുവശത്ത് അതിന്റെ ഉത്തരവുകളുടെ പരസ്യമായ ലംഘനം നടക്കുന്നു. അതിനാൽ, സിസ്റ്റത്തിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കാനും പൗരന്മാർക്ക് അവകാശങ്ങൾ നൽകുന്ന ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാനും കോടതിക്ക് മുന്നോട്ട് വരേണ്ടി വന്നു–അദ്ദേഹം പ
റഞ്ഞു.


​കരുതൽ തടങ്കൽപോലെ ക്രൂരമാണ്‌ വീട്ടുതടങ്കലും. ഇതിന്‌ പൊലീസിന്‌ ഒരു നിയമത്തിലും അധികാരം നൽകുന്നില്ല. ക്രിമിനൽ നടപടിക്രമപ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കാൻ മാത്രമേ പൊലീസിന്‌ അനുവാദമുള്ളൂ. വീട്ടുതടങ്കൽ കോടതിയുടെമാത്രം അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നിരിക്കേ പൊലീസ്‌ വ്യാപകമായി അധികാര ദുർവിനിയോഗം നടത്തുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ക്ക്‌ അന്തസ്സോടെ ജീവിക്കാൻ കഴിയേണ്ട വീടുകളിലേക്ക്‌ കടന്നുകയറി തടങ്കലിലാക്കുന്നത്‌ നിയമവിരുദ്ധ കസ്റ്റഡിയാണ്‌. പ്രായം, ആരോഗ്യസ്ഥിതി തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ജയിലുകൾക്ക് പകരമായി വീട്ടുതടങ്കൽ കോടതി അനുവദിക്കാറുണ്ട്‌. പൊലീസ് സ്വന്തം നിലയ്ക്കോ കോടതിയുടെ അനുമതി ഇല്ലാതെയോ വീട്ടുതടങ്കലിലാക്കുന്നതിന്‌ നിയമത്തിൽ വ്യവസ്ഥയില്ല. സമരം ചെയ്യുന്നവരെയോ പൗരന്മാരെയോ വീടുകളിൽ പൂട്ടിയിടുന്നതിനെതിരെ സുപ്രീംകോടതി വ്യക്തമായ ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home