Deshabhimani

Articles

സർക്കാരിന്റെ മുഖമുദ്ര പിടിപ്പുകേടും ബിജെപി സേവയും

സർക്കാരിന്റെ മുഖമുദ്ര പിടിപ്പുകേടും ബിജെപി സേവയും

VD Satheeshan.jpg
avatar
എം വി ഗോവിന്ദൻ

Published on Oct 08, 2026, 01:30 AM | 4 min read

കേരളത്തിൽ ഭരണം മാറിയിട്ട്‌ നാലുമാസം കഴിയുന്നതേയുള്ളു. അപ്പോൾത്തന്നെ കെടുകാര്യസ്ഥതയുടെയും ബിജെപി വിധേയത്വത്തിന്റെയും പൊലീസ്‌രാജിന്റെയും പര്യായമായി വി ഡി സതീശൻ സർക്കാർ മാറി. സംസ്ഥാനം നാഥനില്ലാക്കളരിയായി മാറുകയാണ്. തികഞ്ഞ അരാജകത്വത്തിലേക്കും ഭരണമില്ലായ്‌മയിലേക്കുമാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്. അതിനിടയിൽ ഭരണമുന്നണിയിലും പരസ്യമായ ചേരിപ്പോര് ആരംഭിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർതന്നെ രംഗത്തുവന്നിരിക്കുകയാണ്.

​

സംസ്ഥാനത്തെ ഭരണരാഹിത്യത്തിന് പ്രധാന ഉദാഹരണങ്ങളാണ് വൈദ്യുതി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ അവസ്ഥ. യുഡിഎഫ് സർക്കാർ അധികാരമേറി ചുരുങ്ങിയ സമയത്തിനകം പവർ കട്ടിന് തുടക്കമായി. കഴിഞ്ഞ 10 വർഷവും ഇല്ലാത്ത ഈ പ്രതിഭാസമാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യസംഭാവന. ആവശ്യം കണ്ടറിഞ്ഞ് വൈദ്യുതി ലഭ്യമാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് സംസ്ഥാനത്തെ പവർ കട്ടിലേക്ക് നയിച്ചത്.


മുന്നറിയിപ്പ് നൽകാതെ വിവിധ ഘട്ടത്തിലായി പവർ കട്ട് ഏർപ്പെടുത്തിയത് സാധാരണജനങ്ങളെമാത്രമല്ല വ്യവസായങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ഉൾപ്പെടെ പ്രതിസന്ധിയിലാക്കി. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ആസൂത്രണമില്ലായ്‌മയ്ക്ക് ഉപയോക്താക്കളെ ശിക്ഷിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കുക എന്ന രഹസ്യ അജൻഡയും സർക്കാരിനുണ്ട്. അത്തരത്തിൽ നീങ്ങിയാൽ ശക്തമായ പ്രതിഷേധം സർക്കാരിന് നേരിടേണ്ടിവരും.

​

കുത്തഴിഞ്ഞ, നാഥനില്ലാഭരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആരോഗ്യവകുപ്പാണ്. എൽഡിഎഫ് ഭരണകാലത്ത് വളരെ കാര്യക്ഷമതയോടെ കൈകാര്യംചെയ്ത വകുപ്പാണിത്. അതുകൊണ്ടാണ് കോവിഡിനെയും നിപായെയും ഫലപ്രദമായി നേരിടാനായത്. ഇപ്പോൾ ഈ വകുപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കെടുകാര്യസ്ഥതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്.


ഈമാസം മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽമാത്രം ചിത്രം വ്യക്തമാകും. "വയനാട് മെഡിക്കൽ കോളേജിൽ അൾട്രാസൗണ്ട് സ്കാനിങ് നിലച്ചു',"ചികിത്സാപിഴവ്: ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ മരിച്ചു' (കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ചികിത്സയ്ക്കുശേഷം ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ചു), "കേരളം പനിച്ചുവിറയ്ക്കുമ്പോൾ പാരസെറ്റമോൾ ഗുളികപോലുമില്ല', "മുറിവിൽ വെച്ചുകെട്ടാൻ പഞ്ഞിക്കുപോലും ക്ഷാമം', "വൈദ്യുതിയും ഉപകരണങ്ങളുമില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നു', "എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്ന് മുടങ്ങിയിട്ട് 3 മാസം', "രണ്ടുമാസത്തിൽ 85 എലിപ്പനി മരണം', "തിമിരശസ്ത്രക്രിയയിൽ പിഴവ്: കാഴ്ച പോയി'.


ഈ പട്ടിക ഇവിടെ പൂർണമാകുന്നില്ല. ​​പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വസ്തുതാവിരുദ്ധമായി ആക്ഷേപം ഉന്നയിച്ചയാൾ ആരോഗ്യമന്ത്രിയായപ്പോൾ ആരോഗ്യവകുപ്പ് അക്ഷരാർഥത്തിൽ വെന്റിലേറ്ററിലായി എന്ന് തെളിയിക്കുന്ന വാർത്തകളാണ് മേൽസൂചിപ്പിച്ചവയൊക്കെ. പൊതുജനാരോഗ്യമേഖലയുടെ അടിത്തറയാണ് യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നത്. ഇതിനുപിന്നിലുള്ളത് സങ്കുചിത താൽപ്പര്യങ്ങളും കോർപറേറ്റ് അജൻഡയുമാണ്.


മരുന്നുസംഭരണത്തിനുള്ള ടെൻഡർ നടപടി വൈകിപ്പിച്ച് മരുന്നുക്ഷാമം സൃഷ്ടിച്ചും ഡോക്ടർമാരെ സ്ഥലംമാറ്റിയും ഭരണനിർവഹണത്തെ ബാധിക്കുംവിധം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം ഇടിച്ച് സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌. ഇത്‌ നവ ഉദാരവൽക്കരണ കോർപറേറ്റ് ഭരണശൈലിയുടെ ഭാഗമായാണ്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളെ അമേരിക്കയിലെയുംമറ്റും കോർപറേറ്റുകൾ വിഴുങ്ങുകയാണെന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിച്ചാൽ ചിത്രം വ്യക്തമാകും. ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാർ സമീപനത്തിനെതിരെ ശക്തമായ ജനകീയരോഷം ഉയരുകതന്നെ വേണം.


​സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ് സ്കൂൾ ഗെയിംസ് സംഘാടനത്തിലുണ്ടായ ഗുരുതരവീഴ്ച. തൃശൂരിലെ നീന്തൽ മത്സരവേദി തകർന്ന് അഞ്ചുപേർക്കാണ് പരിക്കേറ്റത്. കുട്ടികൾക്ക് പരിക്കേറ്റിട്ടും സ്ഥലത്ത് ആംബുലൻസിന്റെയോ അഗ്നി രക്ഷാസേനയുടെയോ സേവനം ഉറപ്പാക്കിയില്ല. ടെൻഡർ നൽകാതെയാണ്‌ ഈ മത്സരവേദി ഒരുക്കിയത്‌. അപകടമുണ്ടായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.


ഇവിടെ സംഘാടകസമിതിപോലും രൂപീകരിച്ചില്ല. ഏകോപനമൊന്നുമില്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗെയിംസ് മത്സരങ്ങൾ നടത്താനാവശ്യമായ ഫണ്ടുപോലും അനുവദിച്ചില്ല. കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നത് അപമാനകരമാണ്. എൽഡിഎഫ് സർക്കാർ സ്കൂൾ ഒളിമ്പിക്സായി നടത്താറുള്ള സ്കൂൾ കായികമേളയാണ് ന്യായീകരിക്കാനാകാത്ത വീഴ്ചയുടെ സാക്ഷ്യപത്രമായി മാറിയത്. പൊതുവിദ്യാഭ്യാസവകുപ്പും കായികമന്ത്രാലയവും കുറ്റകരമായ ഈ അനാസ്ഥയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ടിവരും.

​

യുഡിഎഫ് സർക്കാരിന്റെ ബിജെപി പ്രീണന നയങ്ങളും നിർബാധം തുടരുകയാണ്. ഒക്ടോബർ ആറിന് ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾമാത്രം പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ സുഗതൻ ജയിൽമോചിതനായത് ജാമ്യം തടയാനാവശ്യമായ രേഖകൾ സർക്കാർ ഹാജരാക്കാത്തതിനെ തുടർന്നാണ്. സർക്കാർ ബോധപൂർവം വീഴ്ചവരുത്തി ബിജെപിയുടെ മുഖം രക്ഷിക്കുകയായിരുന്നു.


വന്ദേമാതരം 150–-ാം വാർഷികം പ്രമാണിച്ച് കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ആർഎസ്എസ് അനുകൂല സെമിനാറിന് പൊലീസ് സംരക്ഷണം നൽകിയെന്നുമാത്രമല്ല പ്രതിഷേധിച്ച വിദ്യാർഥികളെ ഭീകരമായി മർദിക്കുകയും ചെയ്തു. ഇതിനുപുറമെ കലിക്കറ്റ് സർവകലാശാലയിലെ ഡി ലിറ്റ് ബിരുദദാനച്ചടങ്ങിലും വന്ദേമാതര ഗാനം പൂർണമായും ആലപിക്കാൻ അനുവദിച്ചു. സംസ്ഥാനത്തിന്റെ പഞ്ചവത്സരപദ്ധതിയെയും മോദിസർക്കാരിന്റെ മാതൃകയിൽ സ്വകാര്യവൽക്കരിക്കുന്ന ഉത്തരവ് ഒക്ടോബർ മൂന്നിനാണ് കേരള സർക്കാർ പുറപ്പെടുവിച്ചത്.


കേന്ദ്രത്തിൽ ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് മോദിസർക്കാർ നിതി ആയോഗിന് രൂപംനൽകിയതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 15–ാം പഞ്ചവത്സരപദ്ധതി രൂപീകരണം സ്വകാര്യവൽക്കരിക്കുന്നത്. ഇനിമുതൽ സ്വകാര്യ ഏജൻസികൾക്കായിരിക്കും പദ്ധതിരൂപീകരണത്തിനുള്ള വർക്കിങ് ഗ്രൂപ്പ് ചർച്ചകളുടെ മേൽനോട്ടച്ചുമതല. നിതി ആയോഗിലെ ഉന്നതതലസംഘം സംസ്ഥാനം സന്ദർശിച്ചതിന് തൊട്ടുപുറകെയാണ് ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നത്.


​ഇതുമാത്രമല്ല, സെപ്തംബർ 30ന് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ മന്ത്രി കെ എം ഷാജിയെ കാർ തടഞ്ഞ് ഇറക്കിവിട്ട യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറായില്ല. തനിക്കാണ് തെറ്റുപറ്റിയതെന്ന് കുറ്റസമ്മതം നടത്തി സംഘപരിവാറിനെ രക്ഷിക്കാനാണ് മുമ്പ് അവർക്കെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച മന്ത്രി തയ്യാറായത്. മന്ത്രി ജനീഷിനെ തടഞ്ഞ യുവമോർച്ച പ്രവർത്തകർക്കുനേരെയും ഇതേ മൃദുസമീപനമാണ് സർക്കാർ സ്വീകരിച്ചത്.


ജനീഷിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യമില്ലാവകുപ്പുകളിൽ കേസ് ചുമത്തി ജയിലിലടച്ചു. എന്നാൽ, യുവമോർച്ചാ ആക്രമണങ്ങളിൽ കേസില്ല. എടുത്ത കേസാകട്ടെ നിസ്സാര വകുപ്പിലും. സംഘപരിവാറിനോടുള്ള വി ഡി സതീശൻ സർക്കാരിന്റെ സമീപനം എന്തെന്ന് ഇതിൽനിന്ന്‌ വ്യക്ത
മാകും.

​നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം "ടീം യുഡിഎഫി'ന്റെ വിജയമായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാൽ, നാലുമാസത്തിനകംതന്നെ ടീം യുഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ്.


മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ തുറന്ന യുദ്ധംതന്നെ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പുകയുന്ന ഈ രോഷമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രകടിപ്പിച്ചത്. തങ്ങളെ മൂലയ്ക്കിരുത്തി തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുകയാണ് മുഖ്യമന്ത്രിയെന്നും ക്യാബിനറ്റ് റാങ്കിലുള്ള നിയമനങ്ങളടക്കം മാധ്യമങ്ങളിലൂടെ അറിയേണ്ട ഗതികേടാണ് തനിക്കെന്നും കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചു.


എഐസിസി ആസ്ഥാനത്ത് പോയി പാർടി പ്രസിഡന്റ്‌ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകാനും അടൂർ പ്രകാശ് തയ്യാറായി. യുഡിഎഫ് കൺവീനറെ പിന്തുണച്ചതിന് വി ഡി സതീശൻ അനുകൂലികളുടെ രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായ മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കും കടുത്ത അവഗണനയ്ക്കുമെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ എല്ലാ അർഥത്തിലും യുഡിഎഫ് ഭരണം കേരളത്തെ പിന്നോട്ടുനയിക്കുന്ന പിന്തിരിപ്പൻഭരണമായി മാറിയിരിക്കുകയാണ്.



Deshabhimani
Home