Deshabhimani

Articles

എല്ലാവരെയും ഒന്നിപ്പിക്കുകമാത്രമല്ല, എല്ലാവരും തുല്യരാണെന്ന മഹത്തായ സന്ദേശവും ഓണം നൽകുന്നുണ്ട്.

ക്ഷേമത്തിൽനിന്ന്‌ 
ക്ഷാമത്തിലേക്ക്‌ ഇ‍ൗ ഓണം

a
avatar
എം വി ​ഗോവിന്ദൻ

Published on Aug 21, 2026, 01:30 AM | 4 min read


മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ജാതി, മത, വർഗഭേദമന്യേ മലയാളികൾ ഒന്നടങ്കം പങ്കാളികളാകുന്ന ബഹുസ്വരതയുടെ ആഘോഷംകൂടിയാണ് ഓണം. എല്ലാവരെയും ഒന്നിപ്പിക്കുകമാത്രമല്ല, എല്ലാവരും തുല്യരാണെന്ന മഹത്തായ സന്ദേശവും ഓണം നൽകുന്നുണ്ട്. ക്ഷാമകാലത്തിന്റെ അന്ത്യവും ക്ഷേമകാലത്തിന്റെ ആരംഭവും കുറിക്കുന്ന മാവേലിക്കഥയുമായി ബന്ധപ്പെടുത്തിയാണ് മലയാളികൾ ഓണം ആഘോഷിക്കാറുള്ളത്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും കാരണം വലിയ വിഭാഗം ജനങ്ങൾക്ക് ക്ഷാമകാലത്തിന്റെ ഓർമ നൽകുന്നതായി ഇത്തവണത്തെ ഓണക്കാലം മാറുകയാണ്.


​മാനംമുട്ടുന്ന വിലക്കയറ്റവും പൊതുവിപണി വിൽപ്പനയുടെ അഭാവവുമാണ് ഓണത്തിന്റെ നിറംകെടുത്തുന്നത്. പലവ്യഞ്ജനങ്ങൾക്കുമാത്രമല്ല, പച്ചക്കറികൾക്കും പഴങ്ങൾക്കും പൊള്ളുന്ന വിലയാണ്. ഒരു മാസമായി അരിവില തുടർച്ചയായി വർധിക്കുന്നു. വറ്റൽമുളകിന് കിലോഗ്രാമിന് 320 രൂപയാണ് വില. വെളുത്തുള്ളിക്ക് 280 രൂപയും ഇഞ്ചിക്ക്‌ 200 രൂപയുമാണ് വില. ഉള്ളിക്കുപോലും വൻ വിലവർധനയാണ് അനുഭവപ്പെടുന്നത്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടംമറിക്കുന്ന ഈ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നുമാത്രമല്ല, റേഷൻ അരിവിഹിതവുംമറ്റും വെട്ടിക്കുറച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളാണ് മോദി–-സതീശൻ സർക്കാരുകൾ സ്വീകരിക്കുന്നത്. ജനവിരുദ്ധനയങ്ങളാണ് ഈ സർക്കാരുകളുടെ മുഖമുദ്ര. ഓണക്കാലത്തെങ്കിലും ജനവിരുദ്ധത മാറ്റിവച്ച് ജനങ്ങൾക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. വൻ വിലക്കയറ്റം കാരണം ഉപഭോഗം കുറയുന്നത് കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ സാധനങ്ങൾ ലഭ്യമായാൽമാത്രമേ വ്യാപാരരംഗത്ത് ഉണർവുണ്ടാകൂ. അത് ഉറപ്പുവരുത്തേണ്ട സർക്കാരാകട്ടെ ഇരുട്ടിൽ തപ്പുകയുമാണ്.


​ഓണത്തിന് ഇനി ഒരാഴ്ചയിൽ കുറഞ്ഞ ദിവസങ്ങൾമാത്രമാണുള്ളത്. ഈ ഘട്ടത്തിലും ഓണക്കിറ്റിന്റെയും സ്പെഷ്യൽ അരിയുടെയും വിതരണം ഒരു ജില്ലയിലും കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്. മഞ്ഞ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും നൽകുന്ന ഓണക്കിറ്റ് വിതരണം താറുമാറായിരിക്കുകയാണ്. 10ന് വിതരണം തുടങ്ങി 25നകം തീർക്കുമെന്നാണ് വകുപ്പുമന്ത്രി പറഞ്ഞിരുന്നത്. അരി, പയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ശർക്കര, ശബരി തേയില, പഞ്ചസാര തുടങ്ങി 16 ഇനങ്ങളടങ്ങിയ ഓണക്കിറ്റാണ് നൽകുമെന്നു പറഞ്ഞിരുന്നത്. നീല, വെള്ള കാർഡുടമകൾക്ക് കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോ സ്പെഷ്യൽ അരി വിതരണംചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞവർഷത്തേക്കാൾ ഒന്നര ഇരട്ടി വില ഈടാക്കിയാണ് ഇക്കുറി അരി വിതരണംചെയ്യുന്നത്. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിരിക്കെ സ്പെഷ്യൽ അരിയും ഓണക്കിറ്റും യഥാസമയം ലഭ്യമാക്കിയാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമായിരുന്നു. എന്നാൽ, അത് കൃത്യമായി വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. വിതരണം ചെയ്യേണ്ട ആറുലക്ഷം ഓണക്കിറ്റുകളിൽ 10 ശതമാനംപോലും ഇതിനകം വിതരണത്തിനായി റേഷൻ കടകളിൽ എത്തിയിട്ടില്ല.


​കിറ്റിലേക്കാവശ്യമായ സാധനങ്ങൾ സപ്ലൈകോയിൽ എത്താത്തതും സപ്ലൈകോ ഗോഡൗണുകളിലെ പാക്കിങ് പ്രതിസന്ധിയുമാണ് വിതരണം വൈകാൻ പ്രധാന കാരണം. ഈ മാസം അഞ്ചോടെ ഓണക്കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മലബാറിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സ്പെഷ്യൽ അരിവിതരണം പ്രധാനമായും അവതാളത്തിലായിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ തുണിസഞ്ചി ഇല്ലാത്തതിനാൽ വിതരണംപോലും മുടങ്ങുന്ന സ്ഥിതിയുണ്ടായി. കോഴിക്കോട് ജില്ലയിലും വിതരണം മന്ദഗതിയിലാണ്. പല ജില്ലകളിലും സ്പെഷ്യൽ അരിയും കിറ്റും ചോദിച്ചെത്തുന്നവരോട് മറുപടി പറയാനാകാതെ റേഷൻ കട ഉടമകൾ കൈമലർത്തുകയാണ്. ഇത് പലയിടത്തും റേഷൻ വ്യാപാരികളും കാർഡുടമകളും തമ്മിൽ വാക്കുതർക്കത്തിനും കൈയാങ്കളിക്കുംവരെ കാരണമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓണക്കിറ്റ് വിതരണത്തിന് 53 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തുക അനുവദിച്ചിട്ടും സപ്ലൈകോയിൽനിന്ന്‌ സാധനങ്ങൾ റേഷൻ കടകളിൽ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കിറ്റും സ്പെഷ്യൽ അരിയും വൈകുന്നതോടെ സ്വാഭാവികമായും വിപണിയിൽ സാധനവില വീണ്ടും ഉയരാൻ കാരണമാകും.


​ കഴിഞ്ഞവർഷം സെപ്തംബർ അഞ്ചിനായിരുന്നു തിരുവോണം. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് എൽഡിഎഫ് സർക്കാർ നൽകിയത്. മഞ്ഞ കാർഡുകാർക്ക് റേഷൻ കടകൾവഴി വിതരണംചെയ്തപ്പോൾ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള കിറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിക്കുകയായിരുന്നു. 99 ശതമാനം കിറ്റും അന്ന് വിതരണം ചെയ്തിരുന്നു. വെള്ള കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 15 കിലോ അരി നൽകി. നീല കാർഡുടമകൾക്ക് സാധാരണ വിഹിതത്തിനുപുറമെ 10 കിലോ അരി ഇതേവിലയ്ക്ക് നൽകുകയും ചെയ്തു. പിങ്ക് കാർഡ് വിഭാഗത്തിനും സാധാരണ വിഹിതത്തിനുപുറമെ 10.90 രൂപ നിരക്കിൽ അഞ്ചു കിലോഗ്രാം അരി നൽകി. ഇതിനെല്ലാം പുറമെ 20 കിലോ അരി എല്ലാ കാർഡുടമകൾക്കും 25 രൂപയ്‌ക്കും നൽകി. 10.90 രൂപയ്ക്ക് കഴിഞ്ഞവർഷം നൽകിയ അരിയാണ് 15.10 രൂപ വർധിപ്പിച്ച് ഇക്കുറി 26 രൂപയ്ക്ക് നൽകുന്നത്. ഓണക്കാലമായിട്ടും അരിയുടെ അളവ് കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തു. വെള്ള കാർഡുകാർക്ക് 15 കിലോ എന്നത് ഏഴു കിലോയായി കുറച്ചു. നീല കാർഡുകാർക്ക് 10 കിലോ എന്നത് മൂന്നു കിലോയായി കുറച്ചു. പിങ്ക്‌ കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകുന്നില്ല. കഴിഞ്ഞ ഓണത്തിന് അഞ്ചു കിലോ നൽകിയിരുന്നു.


​സംസ്ഥാനത്ത് 95,90,921 റേഷൻ കാർഡുള്ളതിൽ അന്ത്യോദയ അന്നയോജന കാർഡുകൾ ഒഴിവാക്കിയുള്ള 89,97,632 കാർഡുടമകളെയും ഈ വിലക്കയറ്റം ബാധിക്കുമെന്ന് സാരം. കഴിഞ്ഞവർഷത്തേതിനേക്കാൾ ഉയർന്ന വിലയ്ക്കാണ് എല്ലാ സാധനങ്ങളും വിപണിയിൽ ഇക്കുറി വിൽക്കുന്നത്. ചെറുപയറിന് 12 രൂപയും ഉഴുന്നിന് 20 രൂപയും മുളകിന് 133 രൂപയും മല്ലിക്ക് 84 രൂപയും വർധിച്ചിട്ടുണ്ട്. ഉത്സവകാലത്താണ് വിപണിശക്തികൾ ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യാൻ ശ്രമിക്കുക. അരി, വെളിച്ചെണ്ണ, പച്ചക്കറികൾ എന്നിവയുടെ വിലയാണ് പ്രധാനമായും ഉയരുക. ഇതിൽ അരിയുടെ വില പിടിച്ചുനിർത്തുന്നതിന് പൊതുവിതരണം ശക്തിപ്പെടുത്തി പരിഹരിക്കാനുള്ള സമർഥമായ ശ്രമങ്ങൾ കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ നടത്തുകയുണ്ടായി. കേന്ദ്രം അരിവിഹിതം കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ അരി വാങ്ങിയാണ് എൽഡിഎഫ് സർക്കാർ ഓണക്കാലത്ത് റേഷൻ കടകൾവഴി വിതരണം ഉറപ്പുവരുത്തിയത്. അതുപോലെതന്നെ സപ്ലൈകോ വിൽപ്പനശാലകൾ സംസ്ഥാനത്തെമ്പാടും തുറന്ന് അരിയും മറ്റ്‌ സാധനങ്ങളും വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകാനും എൽഡിഎഫ് സർക്കാർ ശ്രദ്ധിച്ചിരുന്നു. അവശ്യവസ്തുക്കൾ യഥേഷ്ടം ലഭ്യമാക്കിയാണ് വിലക്കയറ്റം തടഞ്ഞത്, വിപണിയിൽ ഇടപെട്ടതിനാലും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയതിനാലുമാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരമേറി മൂന്നുമാസത്തിനകം ഈ രീതികളെല്ലാം അട്ടിമറിച്ചു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധി.


​അതുപോലെ 60 വയസ്സ് പിന്നിട്ട പട്ടികവിഭാഗക്കാർക്ക് ഓണസമ്മാനമായി എൽഡിഎഫ് സർക്കാർ നൽകിയിരുന്ന 1000 രൂപയും യുഡിഎഫ് സർക്കാർ നിർത്തി. കഴിഞ്ഞവർഷം അരലക്ഷത്തിലധികംപേരുടെ അക്കൗണ്ടുകളിലേക്ക് 1000 രൂപ നൽകിയിരുന്നു. അത്‌ നിർത്തലാക്കി ഓണക്കോടി നൽകാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഓണക്കാലത്ത് ഈ വിഭാഗം ജനങ്ങളോട് സർക്കാർ കാട്ടുന്ന നീതികേടാണിത്.

​ഓണക്കാലത്ത് വീട്ടിലെത്താൻ ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുംമറ്റും ഇല്ലാത്തത് യാത്രാദുരിതം വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ്‌ ഉടമകളും വിമാനക്കമ്പനികളും അമിതചാർജ് ഈടാക്കുകയാണ്. അത് തടയാനും കൂടുതൽ യാത്രാസൗകര്യം ഒരുക്കാനും മുൻകൈയെടുക്കുന്നതിലും യുഡിഎഫ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. അങ്ങനെ എല്ലാ അർഥത്തിലും ഓണക്കാലത്തും നിഷ്ക്രിയമായ ഒരു സർക്കാരിനെയാണ് കാണാൻ കഴിയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.


കാണം വിറ്റും ഓണം ആഘോഷിക്കണമെന്നാണല്ലോ പഴമൊഴി. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിക്കിടയിലും മലയാളികൾ ഓണം ആഘോഷിക്കുകതന്നെ ചെയ്യും. അവർക്ക് അതിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ വായനക്കാർക്കും ഹൃദയംഗമമായ ഓണാശംസ നേരുന്നു.




Deshabhimani
Home