ആരോഗ്യരംഗത്തെ അടിത്തറ ഭദ്രം

ഡോ. കെ പി അരവിന്ദന്‍
Published on Feb 23, 2026, 09:47 PM | 3 min read
1975-–85 ഘട്ടത്തിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ സാമൂഹ്യ ശാസ്‌ത്രജ്ഞരാണ് ആദ്യമായി കേരളത്തിന്റെ വേറിട്ട വികസന അനുഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്നത്. ‘കുറഞ്ഞ ചെലവിൽ നല്ല ആരോഗ്യം' എന്ന പേരിൽ റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ 1985ലെ റിപ്പോർട്ടാണ് കേരളത്തെ ഒരു മാതൃക എന്ന രൂപത്തിൽ ലോകത്തിന് പരിചയപ്പെടുത്തുന്നത്. അതിൽ കേരളത്തിനുപുറമെ ശ്രീലങ്ക, ചൈന, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളും ഈ മാതൃകയുടെ ഉദാഹരണങ്ങളായി പ്രതിപാദിക്കപ്പെടുന്നുണ്ട്. തത്തുല്യമായ ദേശീയ വരുമാനമുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക്, ജനനനിരക്ക്, ശിശുമരണനിരക്ക് എന്നിവ കുറഞ്ഞിരിക്കുന്നതാണ് ഈ രാജ്യങ്ങളുടെയും കേരളത്തിന്റെയും സവിശേഷതയായി ചൂണ്ടിക്കാണിച്ചത്.
കേരളത്തിൽ ആദ്യസർക്കാർ തുടങ്ങിവച്ച ഭൂപരിഷ്കരണത്തിനുപുറമെ വിദ്യാഭ്യാസരംഗത്ത് നടത്തിയ വലിയ പരിഷ്കാരങ്ങളും ശ്രദ്ധേയമാണ്. ഇവയുടെ ഫലമായി ഉണ്ടായ ഉയർന്ന സാക്ഷരതയും കൂടുതൽപേർ വിദ്യാഭ്യാസം നേടിയതുംമറ്റും വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു. പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ബജറ്റിൽനിന്ന് ഏറ്റവും അധികം പണം ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം.
കഴിഞ്ഞ 20 വർഷങ്ങളിൽ കേരളത്തിലെ ആരോഗ്യമേഖലയിൽ വൻതോതിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു. തൊണ്ണൂറുകളോടെ താഴോട്ടുപോയ പൊതുമേഖലയുടെ അവസ്ഥ മാറ്റിയെടുത്തു എന്നതാണ് ഇതിൽ പ്രധാനം. സാർവത്രിക ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാൻപാകത്തിലുള്ള അടിത്തറ പാകാൻ കഴിഞ്ഞു. മൂന്ന് ഇടതുപക്ഷ സർക്കാരുകളും ഒരു യുഡിഎഫ് സർക്കാരുമാണ് ഈ 20 വർഷക്കാലം കേരളം ഭരിച്ചത്. ഇവയിൽ ഇടതുപക്ഷ സർക്കാരുകളുടെ 15 വർഷത്തിലാണ് നേട്ടങ്ങൾ മുഴുവൻ ഉണ്ടായതെന്ന് കാണാം.
2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒട്ടേറെ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. തൃശൂരിൽ മെഡിക്കൽ സർവകലാശാല സ്ഥാപിച്ചത് അത്തരത്തിലൊരു നടപടിയായിരുന്നു. പല യൂണിവേഴ്സിറ്റികളിലായി ചിന്നിച്ചിതറി കിടന്ന, സമയാസമയത്ത് പരീക്ഷകൾപോലും നടത്താതിരുന്ന മെഡിക്കൽ, ഡെന്റൽ, നഴ്സിങ്, ഫാർമസി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സമയാധിഷ്ഠിതമായി പരീക്ഷകളും കൃത്യതയുള്ള സിലബസും നിലവിൽവന്നു. സർക്കാർ മെഡിക്കൽ കോളേജുകളിൽ പരിഷ്കാരങ്ങൾ വരുത്തി. മെഡിക്കൽ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിർത്തലാക്കി സേവന വേതനവ്യവസ്ഥകൾ മെച്ചപ്പെടുത്തി. ഗവേഷണരംഗത്തിന് പുതിയ ഊർജംപകരാൻ ഇതുവഴി കഴിഞ്ഞു. സമാന്തരമായി മെഡിക്കൽ കോളേജുകളിൽ നവീകരണപ്രക്രിയക്ക് ആക്കംകൂട്ടി.
2011ൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് അധികാരത്തിൽ വന്നു. മുൻ സർക്കാർ തുടങ്ങിവച്ച കാര്യങ്ങൾ നിലനിർത്താനായില്ല എന്നുമാത്രമല്ല, പലതിലും പിറകോട്ടുപോയി. ഈ സർക്കാരിന്റെ മുൻഗണനാക്രമങ്ങൾ തികച്ചും വ്യത്യസ്‌തമായിരുന്നു. ലഭ്യമായ പണത്തിന്റെയും ഉത്സാഹത്തിന്റെയും വലിയ പങ്ക് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിലായിരുന്നു. പുതിയ മെഡിക്കൽ കോളേജുകൾ ഒരു യഥാർഥ ആവശ്യമായിരുന്നില്ല. കേരളത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ കുറവ് ഒരു കാരണമേ ആയിരുന്നില്ല. മാത്രമല്ല, തികച്ചും രാഷ്ട്രീയപരിഗണനകൾവച്ച് ആരംഭിച്ച ഈ കോളേജുകൾ ചികിത്സയുടെ കാര്യത്തിൽ മികവിന്റെ കേന്ദ്രങ്ങൾ ആയില്ലെന്നുമാത്രമല്ല, പലതും വിജനമായ സ്ഥലങ്ങളിൽ ആളെത്താസ്ഥാപനങ്ങളായി. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരംപോലും സ്ഥിരമായി നേടാനായില്ല ഇവയിൽ പലതിനും. ഇടുക്കിയും കോന്നിയുമൊക്കെ ഉദാഹരണങ്ങൾ. പഴയ മെഡിക്കൽ കോളേജുകൾ പുറകോട്ടടിക്കുന്ന അവസ്ഥ വന്നു.
മന്ത്രിമുതൽ താഴോട്ട് അഴിമതിയുടെ നിഴലിൽപ്പെട്ടു. ചലനാത്മകത ഏതാണ്ട് പൂർണമായും നിലച്ചു. ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് കഴിഞ്ഞ 20 വർഷത്തെ ശിശുമരണനിരക്കുകൾ. യുഡിഎഫ് കാലത്ത് അത് നിശ്ചലമായി 12 എന്ന സംഖ്യയിൽത്തന്നെ നിന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അത് വീണ്ടും താഴുന്നത്. ഇന്നത് വികസിതരാജ്യങ്ങൾക്ക് സമാനമായ ആയിരത്തിൽ അഞ്ച് എന്ന നിലയിലെത്തി. 2016ലെ എൽഡിഎഫ് സർക്കാരിന് വലിയ നേട്ടം സാധിച്ചത് യാദൃച്ഛികമായല്ല. ‘ഹൃദ്യം'പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യരംഗത്ത് ആ സർക്കാർ പ്രവർത്തിച്ചത്. സംസ്ഥാനത്തിന് ഒരു ആരോഗ്യനയം ഉണ്ടാക്കി.
‘ആർദ്രം’ എന്ന ബൃഹദ് പദ്ധതി സാധ്യമാക്കി. അതിന്റെ തുടർച്ച നാടാകെ കാണാനാകും. കുടുംബാരോഗ്യകേന്ദ്രങ്ങളായി നവീകരിക്കപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഡയാലിസിസ് അടക്കമുള്ള ചികിത്സകൾ ലഭ്യമാക്കുന്ന താലൂക്ക് ആശുപത്രികൾ, ആൻജിയോപ്ലാസ്റ്റിപോലുള്ള നൂതനചികിത്സകൾ നൽകുന്ന ജില്ലാ ആശുപത്രികൾ എന്നിങ്ങനെ അടിമുടി നവീകരിക്കപ്പെട്ട ആരോഗ്യമേഖലയാണ് ഇന്ന് കേരളത്തിലുള്ളത്. ഹൃദയമാറ്റ ശസ്ത്രക്രിയപോലും ജില്ലാ ആശുപത്രിയിൽ ചെയ്യുക എന്നത് ഇന്ത്യയിൽ മറ്റെവിടെയും ചിന്തിക്കാൻപോലും കഴിയില്ല. ആരോഗ്യരംഗത്ത് എല്ലാ കാര്യങ്ങളിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്നു.
ആരോഗ്യരംഗത്ത് പൊതുനിക്ഷേപം ഇത്രമാത്രം അതിവേഗത്തിൽ വർധിച്ച ഒരുകാലം ഉണ്ടായിട്ടില്ല. ബജറ്റ് വഴി വകയിരുത്തിയ കൂടുതലായ തുകയ്ക്കുപുറമെ കിഫ്ബിവഴി സമാഹരിക്കുന്ന തുകയാണ് ഇവയിൽ പലതും സാധ്യമാക്കിയത്. സർക്കാർ മേഖലയിലുള്ള മൂന്നാമത്തെ ക്യാൻസർ ആശുപത്രി കൊച്ചിയിലും അവയവമാറ്റങ്ങൾക്കുവേണ്ടിമാത്രമുള്ള ആശുപത്രി കോഴിക്കോട്ടും വരുന്നത് തൃതീയ ചികിത്സാമേഖലയിൽ ജനങ്ങൾക്ക് ചെലവ് കുറഞ്ഞ സേവനം ലഭിക്കാൻ ഏറെ സഹായിക്കും.
കേരളത്തിൽ നിപാ വന്നപ്പോഴും പിന്നീട് കോവിഡ്- വന്നപ്പോഴുമൊക്കെ അവ നിയന്ത്രിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും ശൂന്യതയിൽനിന്ന് ഉണ്ടായിവന്നതല്ല. 1996ലെ സർക്കാർ തുടങ്ങിവച്ച ജനകീയാസൂത്രണംമുതൽ പിന്നീടുള്ള എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ മേൽവിവരിച്ച നടപടികൾവരെ ഇതിനു ബലമായിത്തീർന്നു. അസാധാരണമായ രാഷ്ട്രീയ ഇച്ഛാശക്തി ഇതിനോടൊപ്പം ചേർന്നപ്പോൾ അതൊരു മാതൃകാപ്രവർത്തനമായി മാറി.
അടുത്തകാലത്തായി കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രികളിൽ പലതിലും വിദേശ മൂലധന കമ്പനികൾ വലിയ നിക്ഷേപങ്ങൾ നടത്തി നിയന്ത്രണം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ആരോഗ്യസേവനങ്ങൾക്ക് ഇവിടെയുള്ള വൻ ഡിമാൻഡാണ് ഇതിന് കാരണമെന്ന് പരക്കെ കരുതപ്പെടുന്നു. മെഡിക്കൽ ടൂറിസമാണ് ഇതിനുപിന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് അഭിപ്രായമുണ്ട്.
സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽകൊണ്ടുമാത്രമേ ഈ സാഹചര്യത്തെ നേരിടാൻ കഴിയൂ. ഇപ്പോൾ പാകിയിരിക്കുന്ന അടിത്തറയിൽ നിന്നുകൊണ്ട് രോഗാതുരത പരമാവധി കുറയ്ക്കുന്നതിലും സാർവത്രിക ആരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിലുമാണ് ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതോടൊപ്പം, സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. (കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻമേധാവിയും ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ)













