അന്ന് ദക്ഷിണാഫ്രിക്ക ഇന്ന് ഇസ്രയേൽ


എ ശ്യാം
Published on Oct 07, 2026, 12:00 AM | 3 min read
പശ്ചിമേഷ്യയിലെ മാത്രമല്ല, ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾകൂടി ഉൾപ്പെടുന്ന മധ്യപൗരസ്ത്യ ദേശത്തെയാകെ ഏക അണുവായുധ ശക്തിയാണ് ഇസ്രയേൽ. ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടന ഇൗ രാജ്യത്തിന്റേതാണെന്ന് പറയപ്പെടുന്നു. ശാസ്ത്രരംഗത്തും സാങ്കേതികവിദ്യകളിലും മുന്പന്തിയിലുള്ള രാജ്യം. കാർഷികരംഗത്തും ഇസ്രയേലിന്റെ അത്ഭുതങ്ങളെക്കുറിച്ച് ആരാധകർ വാഴ്ത്തിപ്പാടാറുണ്ട്. ഇൗ നേട്ടങ്ങൾക്കെല്ലാം അവരെ പ്രാപ്തമാക്കിയത് പാശ്ചാത്യരാജ്യങ്ങളുടെ, വിശേഷിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ നിർലോഭ സഹായമായിരുന്നു. തങ്ങളുടെ ചൂഷണതാൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളെപ്പോലും നിഷ്ഠുര സാന്പത്തിക ഉപരോധങ്ങളിലൂടെ തകർക്കുന്ന പാശ്ചാത്യരാജ്യങ്ങൾ, ഇസ്രയേൽ പശ്ചിമേഷ്യയിൽ മുക്കാൽനൂറ്റാണ്ടിലധികമായി നടത്തിവരുന്ന അതിക്രമങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തുവരികയായിരുന്നു. എന്നാൽ, സ്ഥിതി മാറുന്നുവെന്നാണ് പുതിയ ലോകം നൽകുന്ന സൂചനകൾ. ഇസ്രയേൽ ഗാസയിൽ പലസ്തീൻ ജനതയ്ക്കെതിരെ ആരംഭിച്ച സംഹാരപരന്പരയിലെ ഏറ്റവും ഒടുവിലത്തേത് ആരംഭിച്ചിട്ട് ഇന്ന് മൂന്നുവർഷം തികയുന്പോൾ ആ ജൂത വംശീയ രാഷ്ട്രത്തിനെതിരെ അതിന്റെ സൃഷ്ടാക്കളായ രാജ്യങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്.
ഇൗ മാറ്റത്തിന്റെ പ്രതിഫലനമാണ് സെപ്തംബർ 24ന് ഐക്യരാഷ്ട്ര പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നടത്തിയ പ്രസംഗം. മൂന്നുവർഷംമുന്പ് പലസ്തീൻ സായുധസംഘടന ഹമാസ് ഇസ്രയേലിനെ ഞെട്ടിച്ച് നടത്തിയ തിരിച്ചടിയെ കാൽനൂറ്റാണ്ടുമുന്പ് അൽ ഖായ്ദ ഭീകരർ അമേരിക്കയിൽ നടത്തിയ ആക്രമണത്തോട് ഉപമിച്ച് ലോകത്തിന്റെ സഹാനുഭൂതി പിടിച്ചുപറ്റാനാണ് നെതന്യാഹു ശ്രമിച്ചത്. ഇസ്രയേലിന്റെ കുടിയേറ്റ കൊളോണിയൽ അതിക്രമങ്ങളെ യൂറോപ്യൻ രാജ്യങ്ങൾപോലും അപലപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടനെയും ഫ്രാൻസിനെയും പേരു പറഞ്ഞ് പരിഹസിക്കാനും നെതന്യാഹു തയ്യാറായി. ഇസ്രയേലിനെ വിമർശിക്കുന്ന ഇൗ രാജ്യങ്ങളാണ് കൊളോണിയലിസം കണ്ടുപിടിച്ചത് എന്നായിരുന്നു പരിഹാസം. യഥാർഥത്തിൽ പാശ്ചാത്യ കൊളോണിയലിസത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞത് വസ്തുതയാണ്. എന്നാൽ, പ്രത്യക്ഷ കൊളോണിയലിസത്തിന്റെ അവസാനകാലത്ത് ഇൗ രാജ്യങ്ങളുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങളുടെ സൃഷ്ടിയായാണ് അറബ്മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടത് എന്നുകൂടി പറഞ്ഞാലേ ചിത്രം പൂർണമാകൂ. നെതന്യാഹുവിന്റെ പ്രസംഗം തുടങ്ങിയപ്പോൾ ഇറങ്ങിപ്പോയ 77 രാജ്യങ്ങളുടെ പ്രതിനിധികളിൽ യൂറോപ്പുകാരും ഉൾപ്പെട്ടതും പ്രധാനമാണ്.
പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് രാജ്യത്ത് പ്രവേശനം വിലക്കി ഇസ്രയേൽ വിദേശമന്ത്രി അടുത്തയിടെ ഉത്തരവിട്ടതാണ് ജൂതരാഷ്ട്രവും അതിന്റെ സൃഷ്ടാക്കളും തമ്മിലുള്ള ബന്ധം മാറുന്നതിന്റെ മറ്റൊരു തെളിവ്. ഗാസയിൽമാത്രമല്ല, വെസ്റ്റ് ബാങ്കിലും ഇസ്രയേലി അധിനിവേശ ഭരണകൂടവും അതിന്റെ പിന്തുണയോടെ അനധികൃത ജൂത കുടിയേറ്റക്കാരും നടത്തിവരുന്ന വംശഹത്യാപരമായ അതിക്രമങ്ങളെ വിമർശിക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമായതാണ് സയണിസ്റ്റുകളെ പ്രകോപിപ്പിച്ചത്. സയണിസം എന്ന വംശീയ പ്രത്യയശാസ്ത്രത്തെയും ഇസ്രയേലി ഭരണകൂടത്തിന്റെ അതിക്രമങ്ങളെയും വിമർശിച്ചാൽ ആന്റി സെമിറ്റിസം (ജൂതവിരോധം) എന്നാരോപിച്ച് വേട്ടയാടുന്ന ഇസ്രയേലിന്റെ നിലപാടിനെ അനുകൂലിക്കുന്ന സമീപനമായിരുന്നു ഇതുവരെ പാശ്ചാത്യ നേതാക്കൾക്ക്. എന്നാൽ, ആ നിലപാടിലും മാറ്റംവരുന്നതിന്റെ വാർത്തകൾ ബ്രിട്ടനിൽനിന്ന് വരുന്നുണ്ട്. സയണിസം വംശീയത തന്നെയാണെന്ന് ഞായറാഴ്ച ബ്രിട്ടനിലെ ഗ്രീൻ പാർടി വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചു. ആദ്യമായാണ് യൂറോപ്പിലെ കമ്യൂണിസ്റ്റ്–ഇടതുപക്ഷ പാർടികൾ അല്ലാത്ത ഒരു രാഷ്ട്രീയകക്ഷി സയണിസം വംശീയതയാണെന്ന് തുറന്നുപറയുന്നത്. ഇസ്രയേലിനുള്ള ആയുധവിൽപ്പന ബ്രിട്ടൻ നിർത്തിവയ്ക്കണമെന്നും ഗ്രീൻ പാർടി ആവശ്യപ്പെട്ടു. ഗ്രീൻ പാർടിക്കാർ ജൂതവിരുദ്ധരാണെന്നാണ് പതിവുപോലെ ഇസ്രയേലിന്റെ പ്രതികരണം.
അമേരിക്ക വിസ നിഷേധിച്ചതിനാൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസംഗം റെക്കോഡ് ചെയ്ത വീഡിയോയാണ് ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രദർശിപ്പിച്ചത്. അത് അനുവദിക്കാൻ പൊതുസഭയിൽ വോട്ടെടുപ്പ് വേണ്ടിവന്നു. 152 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ മൂന്നു രാജ്യങ്ങൾ– അമേരിക്ക, ഇസ്രയേൽ, പാരഗ്വായ്– എതിർത്ത് വോട്ട് ചെയ്തു. അമേരിക്കയോട് കൂറുപുലർത്തുന്ന കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നീ നാലു രാജ്യങ്ങൾക്ക് വിട്ടുനിന്ന് നിഷ്പക്ഷത ഭാവിക്കേണ്ടിവന്നു. പലസ്തീൻ അതോറിറ്റി ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നുവെന്നും ഇസ്രയേൽ–പലസ്തീൻ തർക്കത്തെ അന്താരാഷ്ട്രവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് പലസ്തീൻ പങ്കാളിത്തം തടയാൻ അമേരിക്ക ശ്രമിച്ചത്. എന്നാൽ, ജന്മനാട് വിട്ട് മറ്റെവിടേക്കെങ്കിലും പോകില്ലെന്നും തങ്ങളുടെ ഭാവി തീരുമാനിക്കാൻ മറ്റാരെയും അനുവദിക്കില്ലെന്നും യുഎൻ പ്രസംഗത്തിൽ പലസ്തീൻ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലിന്റെ അതിക്രമങ്ങളോട് ചില രാജ്യങ്ങൾ പുലർത്തുന്ന നിശ്ശബ്ദത എത്രകാലം തുടരാനാകുമെന്ന അദ്ദേഹത്തിന്റെ ചോദ്യം യുഎൻ ഹാളിന് പുറത്തേക്കും അലയടിച്ചു. പലസ്തീൻ ജനതയെ കൊന്നൊടുക്കാൻ ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് ഇനിയെത്ര കാലം തുടരാനാകുമെന്ന ചോദ്യവും പാശ്ചാത്യരാജ്യങ്ങളിലെ പുതുതലമുറകളെ ഉലയ്ക്കുന്നതാണ്.
തെക്കൻ ലെബനന്റെ ഭാഗങ്ങളും ഗാസയും പിടിച്ചെടുത്ത് ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന് തീവ്ര ജൂത വംശീയവാദിയായ ഇസ്രയേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ അധിനിവേശ ഭരണത്തിലുള്ള വെസ്റ്റ് ബാങ്കിനെതിരെ യുദ്ധം ആരംഭിക്കണമെന്നും അവിടെയുള്ള പലസ്തീൻ അതോറിറ്റിയെ തകർക്കണമെന്നും ഇൗ യുദ്ധഭ്രാന്തൻ ആക്രോശിച്ചു. നെതന്യാഹുവിന്റെ യുഎൻ പ്രസംഗത്തിന്റെ മൂന്നാംനാളിലായിരുന്നു ഇത്. 27ന് ഇസ്രയേലിൽ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ പരമാവധി യാഥാസ്ഥിതികരുടെ പിന്തുണ നേടാനാണ് തീവ്രവലതുപക്ഷ നാഷണൽ യൂണിയൻ പാർടി നേതാവായ സ്മോട്രിച്ചിന്റെ ശ്രമം. ഇസ്രയേലി വലതുപക്ഷ ഭരണസഖ്യത്തിലെ ആഭ്യന്തരക്കുഴപ്പങ്ങളുടെകൂടി പ്രതിഫലനമാണ് ഇത്. ദേശീയ സുരക്ഷാ മന്ത്രിയും ഒത്സ്മാ യെഹൂദിന്റെ (ജൂതശക്തി) നേതാവുമായ ഇതാമർ ബെൻഗവീറാണ് അധികാരത്തിലുള്ള മറ്റൊരു തീവ്രവലതുപക്ഷ നേതാവ്. കഴിഞ്ഞ ഒക്ടോബർ 10ന് ഗാസയിൽ ‘വെടിനിർത്തലി’ന് നെതന്യാഹു സമ്മതിച്ചതിനെ രൂക്ഷമായി വിമർശിച്ചവരാണ് ഇത്തരം മന്ത്രിമാർ. അധികാരം നഷ്ടപ്പെട്ടാൽ അഴിമതിക്കേസുകളിൽ ജയിലിലാകാനിടയുള്ള നെതന്യാഹു ഇത്തരം തീവ്രവംശീയവാദികളെ അനുനയിപ്പിച്ചാണ് അതിജീവനത്തിന് ശ്രമിക്കുന്നത്.
സാങ്കേതികമായി ഒരുവർഷത്തോളമായി ഗാസയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇക്കാലത്തിനിടയിൽ അവിടെ ഇസ്രയേൽ അതിക്രമങ്ങൾ നടത്താത്ത ദിവസങ്ങൾ വിരലിലെണ്ണാം. കുട്ടികളും സ്ത്രീകളുമടക്കം ഉദ്ദേശം 1450 പലസ്തീൻകാരെ ഇൗ വെടിനിർത്തൽവേളയിലും ഇസ്രയേൽ അവിടെ കൊന്നിട്ടുണ്ട്. അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച ഗാസയിൽ ഒരു ഭവനസമുച്ചയത്തിൽ ബോംബുകൾ വർഷിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട നാല് സ്ത്രീകളിൽ രണ്ടുപേർ അമ്മയും മകളുമായ ക്രൈസ്തവരാണ്. പലസ്തീൻപ്രശ്നം മുസ്ലിം വിഷയമാണെന്ന് ഭാവിച്ചുവന്ന പാശ്ചാത്യസമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ഇത്തരം സംഭവങ്ങളും ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേലിന് പാശ്ചാത്യ ഭരണാധികാരികൾ നൽകിവന്ന പിന്തുണയ്ക്കെതിരെ അവിടങ്ങളിൽ ജനവികാരം ശക്തമാണ്. 1980കളിൽ ഇത്തരം ജനവികാരം മാനിച്ചാണ് ദക്ഷിണാഫ്രിക്കയിലെ അന്നത്തെ വർണവെറിയൻ ഭരണത്തിനെതിരെ നിലപാടെടുക്കാൻ പാശ്ചാത്യ സർക്കാരുകൾ നിർബന്ധിതമായത്. അതുവരെ നെൽസൺ മണ്ടേലയും സഖാക്കളും പാശ്ചാത്യരാഷ്ട്രങ്ങൾക്ക് ഭീകരവാദികളായിരുന്നല്ലോ. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വർണവെറിയൻ സർക്കാരിനെതിരെ ഉപരോധം ഏർപ്പെടുത്തിയതുപോലെ ഇസ്രയേലിനെതിരെയും ഉപരോധത്തിന് പാശ്ചാത്യരാജ്യങ്ങൾ തയ്യാറായാൽ അത് മേഖലയിൽമാത്രമല്ല, പുറത്തും സമാധാനത്തിന് വഴിതുറക്കും. അതിനാണ് ലോകം കാത്തിരിക്കുന്നത്.














