Deshabhimani

ഐഡിബിഐ വിദേശവൽക്കരണം ദേശവിരുദ്ധം

idbi
എസ് എസ് അനിൽ

Published on Oct 16, 2026, 12:00 AM | 3 min read

രാജ്യത്തിന്റെ വ്യവസായവളർച്ചയ്ക്കും സാമ്പത്തിക അടിത്തറയ്ക്കുമായി രൂപംകൊണ്ട ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) വിദേശ മൂലധനത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര മന്ത്രിസഭാതീരുമാനം വന്നതോടെ ഈ സ്ഥാപനം കാനഡ ആസ്ഥാനമായ ഫെയർഫാക്‌സ്‌ ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ നിയന്ത്രണത്തിലാകും. കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 30.48 ശതമാനവും പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ കൈവശമുള്ള 30.24 ശതമാനവും ചേർന്ന് ആകെ 60.72 ശതമാനം ഓഹരികളാണ് കൈമാറുന്നത്. ഇതിനായി നിശ്ചയിച്ച ഇടപാടുതുക 52,878.08 കോടി രൂപയാണ്. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതി ഉൾപ്പെടെ നടപടികൾ പൂർത്തിയാകേണ്ടതുണ്ട്.


​​1964ൽ വികസന ധനകാര്യസ്ഥാപനമായി രൂപംകൊണ്ട ഐഡിബിഐ 2004ൽ ബാങ്കിങ് സ്ഥാപനമായി മാറി. നവ സ്വകാര്യ ബാങ്കിങ്‌ സംസ്കാരത്തിന്റെ ചുവടുപിടിച്ച് ‘നവ പൊതുമേഖലാ ബാങ്ക്' എന്നനിലയിലാണ് ഐഡിബിഐ ബാങ്ക് രൂപീകരിച്ചത്. 2005-ൽ ഐഡിബിഐ ബാങ്ക് ലിമിറ്റഡിനെ ഐഡിബിഐ ലിമിറ്റഡിൽ ലയിപ്പിച്ചു. വികസന ധനകാര്യസ്ഥാപനവും വാണിജ്യ ബാങ്കും തമ്മിലുള്ള വ്യത്യാസം ഇതോടെ ഇല്ലാതായി.

പിന്നീട് ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിയും കിട്ടാക്കടവും വർധിച്ചു. 2017 മെയ് അഞ്ചി-ന് റിസർവ് ബാങ്ക് ഐഡിബിഐയെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂടിൽ ഉൾപ്പെടുത്തുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. 2021 മാർച്ച് 10-നാണ് നിയന്ത്രണങ്ങൾ നീക്കിയത്. മൂന്ന് സാമ്പത്തികവർഷങ്ങളായി പ്രവർത്തനം ലാഭത്തിലാണ്‌. പൊതുജനങ്ങളുടെ 3,50,000 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിൽ നിലവിലുള്ളത്.


​എൽഐസിയുടെ പണം, സർക്കാരിന്റെ പിന്മാറ്റം


​ഐഡിബിഐയുടെ പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി 2019 ജനുവരിയിൽ എൽഐസി ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി. 2019 ജനുവരി 21 മുതൽ എൽഐസിയുടെ ഓഹരിപങ്കാളിത്തം 51 ശതമാനമായി ഉയർന്നു. പിന്നീട് ബാങ്കിന്റെ ഓഹരിപങ്കാളിത്ത ഘടനയിൽ മാറ്റങ്ങളുണ്ടായി.


പൊതുമേഖലാ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ പണം ഉപയോഗിച്ചശേഷം, അതിനെ പൊതുമേഖലാ ബാങ്ക്‌ അല്ലെന്നനിലയിൽ കണക്കാക്കി ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനുള്ള സമീപനമാണ് തുടർന്ന് കേന്ദ്രം സ്വീകരിച്ചത്. എൽഐസിയുടെ പണം ബാങ്കിൽ നിക്ഷേപിച്ചശേഷം, ബാങ്കിന്റെ ഉടമസ്ഥാവകാശം സ്വകാര്യവൽക്കരിക്കുന്നതിന് അതേ ഓഹരികൾ ഉപയോഗിക്കുന്നത് പൊതുസമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. എൽഐസിയുടെ നിക്ഷേപം ബാങ്കിനെ രക്ഷിക്കാനാണെങ്കിൽ, ബാങ്ക് സാമ്പത്തികമായി മെച്ചപ്പെട്ടശേഷം അതിന്റെ നിയന്ത്രണം വിദേശമൂലധനത്തിന് കൈമാറേണ്ടതുണ്ടോ?


​ഒരേ നിക്ഷേപകൻ, വ്യത്യസ്‌ത വ്യാപ്തി


​ഫെയർഫാക്‌സിന്റെ നിക്ഷേപതാൽപ്പര്യങ്ങളും ബാങ്കിങ് മേഖലയിലെ സാന്നിധ്യവും മനസ്സിലാക്കാൻ സിഎസ്‌ബി ബാങ്കിന്റെ ചരിത്രം പരിശോധിച്ചാൽ മതി. 1920-ൽ തൃശൂരിൽ സ്ഥാപിതമായ, കേരളത്തിന്റെ തനിമയായിരുന്ന കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരി 1210 കോടി രൂപയ്ക്ക് ഫെയർഫാക്‌സ്‌ ഏറ്റെടുത്തത് 2018 ഫെബ്രുവരിയിലാണ്. 2024 ജൂണിൽ ഫെയർഫാക്‌സ്‌ ഇന്ത്യ ഹോൾഡിങ്സ് സിഎസ്ബി ബാങ്കിലെ തങ്ങളുടെ 9.7 ശതമാനം ഓഹരികൾ വിപണിയിലൂടെ വിറ്റഴിച്ച് ഏകദേശം 595 കോടി രൂപയോളം സമാഹരിച്ച് വൻ ലാഭം കൊയ്തു. ഫെയർഫാക്‌സ്‌ ഓഹരി ഉടമയായതും ബാങ്കിന്റെ പേരുതന്നെ മാറ്റി. കാത്തലിക് സിറിയൻ ബാങ്കിനെ വെറും സിഎസ്ബി ബാങ്ക് എന്നു പുനർനാമകരണം ചെയ്തു. വായ്പഘടനകളും പൂർണമായും ഉടച്ചുവാർത്തു. വായ്പകൾ സ്വർണപ്പണയവായ്പയും കോർപറേറ്റ് വായ്‌പകളുമായി ചുരുങ്ങി. മുൻഗണനാ വായ്പകൾ അവസാനിച്ചു. വിദേശമൂലധനം കടന്നുവരുന്നത് എന്തിനാണെന്ന്‌ വ്യക്തമാക്കപ്പെട്ടു. ഒരു വിദേശനിക്ഷേപകന് ബാങ്കിൽ ഭൂരിപക്ഷ ഓഹരിപങ്കാളിത്തം സ്വന്തമാക്കാനും പിന്നീട് അതിന്റെ ഒരു ഭാഗം വിപണിയിൽ വിറ്റഴിക്കാനും കഴിയുന്നു.

​സിഎസ്ബി ബാങ്കിലെ അനുഭവവും ഐഡിബിഐ ബാങ്കിന്റെ ഇപ്പോഴത്തെ വിൽപ്പനതീരുമാനവും തമ്മിൽ വ്യത്യാസമുണ്ട്‌. സിഎസ്ബി ബാങ്ക് കേരളത്തിൽ വേരുകളുള്ള സ്വകാര്യ ബാങ്കാണ്. അതേസമയം, 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് ഐഡിബിഐയുടെ ആകെ ബിസിനസ് ആറുലക്ഷം കോടി രൂപയിലധികമാണ്. സിഎസ്ബി ബാങ്കിന്റെ ആകെ നിക്ഷേപവും അറ്റവായ്പകളും ചേർന്ന ബിസിനസ് ഏകദേശം 84,094 കോടി രൂപയാണ്. അതിനാൽ ഐഡിബിഐയുടെ വിൽപ്പനയുടെ വ്യാപ്തി സിഎസ്ബി ബാങ്കിന്റെ ഓഹരി ഇടപാടിനേക്കാൾ വളരെ വലുതാണ്.


​81 എന്ന വിലയും പൊതുസമ്പത്തിന്റെ മൂല്യവും


​ഓഹരി ഒന്നിന് 81 രൂപ നിരക്കിൽ ഐഡിബിഐ ഓഹരികൾ വിൽക്കുന്നതിനാണ് അംഗീകാരം. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണത്തിൽ, സ്വതന്ത്ര ഏജൻസികൾ കണക്കാക്കിയ ന്യായമായ മൂല്യം ഒരു ഓഹരിക്ക് 75.99 രൂപയായിരുന്നുവെന്നും 81 രൂപ എന്ന ലേലവില അതിനേക്കാൾ ഉയർന്നതാണെന്നും പറയുന്നു. എന്നാൽ, ഓഹരിയുടെ മൂല്യം കണക്കാക്കുന്നതും ഒരു സ്ഥാപനത്തിന്റെ തന്ത്രപ്രധാനമായ പൊതുപങ്ക് വിലയിരുത്തുന്നതും രണ്ടാണ്. വിപണിമൂല്യം, ആസ്തികൾ, ബാധ്യതകൾ, ഭാവി ലാഭസാധ്യത എന്നിവയ്ക്കുപുറമെ പൊതുജനങ്ങളുടെ സമ്പാദ്യം സമാഹരിക്കുന്നതിലും വ്യവസായത്തിനും ചെറുകിടസംരംഭങ്ങൾക്കും വായ്പ നൽകുന്നതിലും സാമ്പത്തികപ്രതിസന്ധികളിൽ സ്ഥിരത നിലനിർത്തുന്നതിലും ബാങ്ക് വഹിക്കുന്ന പങ്കുകൂടി പരിഗണിക്കേണ്ടതുണ്ട്. ഒരു സ്ഥാപനം വിൽക്കുന്നതിലൂടെ ഒരിക്കൽ ലഭിക്കുന്ന തുകയും അതിന്റെ ഭാവിപ്രവർത്തനങ്ങളിൽനിന്ന് രാജ്യത്തിനും പൊതുജനങ്ങൾക്കും ലഭിക്കാവുന്ന ദീർഘകാലനേട്ടങ്ങളും തമ്മിൽ താരതമ്യം ചെയ്യേണ്ടതുണ്ട്.


​വിദേശവൽക്കരണം ഒരു ബാങ്കിൽ അവസാനിക്കുമോ


​ബാങ്കിങ്‌ മേഖലയിലെ സ്വകാര്യവൽക്കരണം സംബന്ധിച്ച് തൊഴിലാളി സംഘടനകൾ ഉയർത്തിയ ആശങ്കകൾക്ക് ഐഡിബിഐയുടെ വിൽപ്പന പുതിയ പ്രസക്തി നൽകുന്നു. പൊതുമേഖലാ ബാങ്കുകളുടെ പങ്ക് ക്രമേണ കുറയ്ക്കുകയും സ്വകാര്യ മൂലധനത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുന്ന നയത്തിന്റെ അടുത്ത ഘട്ടമായി ഇതിനെ കാണാം. ഇന്ത്യൻ ബാങ്കിങ് മേഖലയിൽ വിദേശനിക്ഷേപം പുതുമയുള്ളതല്ല. എന്നാൽ, വിദേശ നിക്ഷേപകൻ ബാങ്കിൽ നിക്ഷേപം നടത്തുന്നതും രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കിന്റെ ഭൂരിപക്ഷ ഉടമസ്ഥാവകാശവും നിയന്ത്രണവും കൈവശപ്പെടുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്.


പ്രസംഗങ്ങളിൽ ദേശസ്നേഹം എന്ന മന്ത്രം മുഴക്കുന്നവരാണ് ഐഡിബിഐ ബാങ്കിനെ വിദേശമൂലധനത്തിന് കൈമാറാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സാധാരണക്കാരന്റെ അധ്വാനവും സമ്പാദ്യവുംകൊണ്ട് വളർന്ന പൊതുസമ്പത്ത് സംരക്ഷിക്കാനുള്ള പോരാട്ടം കാലത്തിന്റെ അനിവാര്യതയാണ്.





deshabhimani section

Dont Miss it

Recommended for you

Deshabhimani
Home