സമകാലത്തിന്റെ കണ്ണാടിയായ ഗാന്ധിജി


ആർ പാർവതി ദേവി
Published on Oct 02, 2026, 12:00 AM | 4 min read
ഗാന്ധിജി ഒരിക്കൽ രാമചന്ദ്ര നാഥുറാം വിനായക് ഗോഡ്സെയെ തന്റെയൊപ്പം എട്ടുദിവസം താമസിക്കാൻ ക്ഷണിച്ചു. "നമുക്ക് പരസ്‌പരം കൂടുതൽ മനസ്സിലാക്കാം’ എന്നാണ് ഗാന്ധിജി പറഞ്ഞത്. ഗോഡ്‌സെ ക്ഷണം നിരസിച്ചു. 1944ൽ, തന്നെ കൊലപ്പെടുത്താൻ ഗോഡ്‌സെ നടത്തിയ ആദ്യ ശ്രമത്തെ തുടർന്നാണ് ഗാന്ധിജി തികച്ചും അസാധാരണമായ ഈ നിർദേശം മുന്നോട്ടുവച്ചത്. പരിചയപ്പെടുന്നവരെ ഇരുമ്പ് കാന്തത്തോടെന്നപോലെ ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമയായ ഗാന്ധിജി, തന്നോടൊപ്പം കുറച്ചുദിവസം കഴിഞ്ഞാൽ ഗോഡ്‌സെയ്ക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകാം. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു.
ആഗ ഖാൻ കൊട്ടാര ജയിലിൽവച്ച് മലമ്പനി ബാധിച്ചതിനെ തുടർന്ന് വിശ്രമിക്കാനാണ് ഗാന്ധിജി പുണെയിൽ പഞ്ച്‌ഗനിയിലെ ദിൽഖുഷ് ബംഗ്ലാവിൽ എത്തിയത്. ഏതാനും ദിവസത്തിനുശേഷം പുണെയിലെ ഒരു സംഘം പ്രതിഷേധവുമായി വന്നു. അവരെ നയിച്ചുവന്ന ഗോഡ്‌സെ, പ്രാർഥനയിൽ മുഴുകിയിരുന്ന ഗാന്ധിജിക്കുനേരെ ‘ജാംബിയ’ എന്നറിയപ്പെടുന്ന കഠാര ഓങ്ങി ഓടിയടുത്തു. ഗാന്ധിജിക്കെതിരെ അയാൾ ഉറക്കെ മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു. ഒപ്പം മറ്റൊരു യുവാവുമുണ്ടായിരുന്നു. മണിശങ്കർ പുരോഹിത്, ഭിലാരെ ഗുരുജി എന്നിവർ ചേർന്ന് അക്രമിയെ കീഴ്‌പെടുത്തി ഗാന്ധിജിയെ രക്ഷിച്ചു. ഗോഡ്‌സെയെ ദേഹോപദ്രവം ചെയ്യാനോ പൊലീസിൽ ഏൽപ്പിക്കാനോ ഗാന്ധിജി അനുവദിച്ചില്ല. അയാളെ വെറുതെ വിട്ടു. തന്റെ ഒപ്പം താമസിക്കാൻ അക്രമിയെ ക്ഷണിക്കുകയായിരുന്നു.
അടുത്തദിവസം പൊതുയോഗത്തിൽ പ്രസംഗിച്ചപ്പോൾ താൻ ഉടൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും 125 വയസ്സുവരെ ജീവിക്കുമെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. "അതിന് ഞങ്ങൾ അനുവദിക്കില്ല’ എന്ന് ഗോഡ്‌സെ മറ്റൊരു യോഗത്തിൽ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്. അന്ന് പഞ്ച്‌ഗനിയിലെ പ്രതിഷേധക്കാരിൽ ഉണ്ടായിരുന്ന പലരും പിന്നീട് ഗോഡ്സെയ്ക്കുപുറമെ ഗാന്ധി വധക്കേസിലെ പ്രതികളായെന്നതും ചരിത്രം.
സ്‌നേഹം എന്ന വികാരത്തെ ഏറ്റവും ദാർശനികമായി കാണാൻ ശ്രമിച്ച വ്യക്തിയാണ് ഗാന്ധിജി. സ്വാമി ശ്രദ്ധാനന്ദിനെ കൊലപ്പെടുത്തിയ മുസ്ലിം തീവ്രവാദി അബ്ദുൽ റഷീദിനെ ഗാന്ധിജി ‘എന്റെ സഹോദരൻ’ എന്നാണ് അഭിസംബോധന ചെയ്തത്. ഗോഡ്സെയെയും റഷീദിനെയുംമറ്റും വിദ്വേഷസംസ്‌കാരത്തിന്റെ ഇരകളായാണ് ഗാന്ധിജി കണ്ടതെന്ന് രാം പുനിയാനി നിരീക്ഷിക്കുന്നുണ്ട്. അവർ ഉൾക്കൊണ്ടിരിക്കുന്നത് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്‌ത്രമാണ്. അവരെ കൊലയാളികളാക്കുന്നത് അവരുടെ രാഷ്ട്രീയമാണ്.
വെറുപ്പിന്റെ രാഷ്ട്രീയം സ്വാംശീകരിച്ചവർക്ക് ഗാന്ധിജി മുഖ്യശത്രുവായതിൽ അത്ഭുതമില്ല. ഗാന്ധിവധത്തെ തുടർന്ന് ആർഎസ്‌എസിനെ നിരോധിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയും ഗാന്ധിജിയുടെ ശിഷ്യനുമായ സർദാർ വല്ലഭ്‌ഭായി പട്ടേൽ 1948 ഫെബ്രുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവിൽ ഇങ്ങനെ പറയുന്നു: "രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നതും രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതുമായ ശക്തികളെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തുന്നത്’ എന്നാണ്. ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ ചില വ്യക്തിഗത അംഗങ്ങൾ തീവയ്‌പ്, കവർച്ച, കൊള്ള, കൊലപാതകം തുടങ്ങി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിയമവിരുദ്ധമായ ആയുധങ്ങളും വെടിക്കോപ്പുകളും അവർ ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭീകരവാദപരമായ മാർഗങ്ങൾ സ്വീകരിക്കാനും തോക്കുകളും മറ്റ് ആയുധങ്ങളും ശേഖരിക്കാനും സർക്കാരിനെതിരായ അസംതൃപ്തിയും വിദ്വേഷവും വളർത്താനും പൊലീസിനെയും സൈന്യത്തെയും സ്വാധീനിച്ച് സർക്കാരിനെതിരെ തിരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ അവർ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്’– ഉത്തരവിൽ തുടർന്നു.
അഹിംസാസിദ്ധാന്തത്തെ തന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി കണ്ട ഗാന്ധിജിക്കുനേരെ അനേകം തവണ വധശ്രമമുണ്ടായി. ഇന്ത്യയിൽ പലയിടങ്ങളിൽവച്ചും അദ്ദേഹം ആക്രമിക്കപ്പെട്ടു. രാജ്യത്ത് ഗാന്ധിജിയുടെ ജീവനുനേരെ നടന്നതായി പറയപ്പെടുന്ന ഏഴ് വധശ്രമങ്ങളിൽ ആറെണ്ണത്തിന് വ്യക്തമായ ചരിത്രരേഖകളുണ്ട്. ഇവയിൽ പുണെയിലെ ഹിന്ദു മഹാസഭയുടെ ശാഖയുമായും സവർക്കറുടെ വിശ്വസ്തരായിരുന്ന ചില തീവ്രവാദികളുമായും ബന്ധമുള്ളവരുടെ പങ്കാളിത്തം രേഖകളിൽ കാണാം. ഇത്തരം ശ്രമങ്ങളിലൊന്നായിരുന്നു 1948 ജനുവരി 20-ന് ഗാന്ധിജിയുടെ പ്രാർഥനാസമ്മേളനത്തിനിടെ ഉണ്ടായ ബോംബാക്രമണം. ബോംബ് എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റിയതിനാൽ ഗാന്ധിജി അന്ന് രക്ഷപ്പെട്ടു. ഈ സംഭവത്തിന് 10 ദിവസത്തിനുശേഷമാണ് 1948 ജനുവരി 30-ന് നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തിയത്.
താൻ സനാതന ഹിന്ദുവാണെന്ന് അവകാശപ്പെട്ടിരുന്ന ഗാന്ധിജിയോട് ഹിന്ദു മഹാസഭയ്ക്കും അതിന്റെ ഉൽപ്പന്നമായ ആർഎസ്‌എസിനും എന്താണിത്ര ശത്രുത എന്ന ചോദ്യത്തിന് ഉത്തരം വിദ്വേഷത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് സ്‌നേഹത്തിന്റെ ദർശനം ഉൾക്കൊള്ളാനാകില്ല എന്നതുതന്നെയാണ്. ഹിന്ദു–-മുസ്ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ ശ്രമങ്ങളിൽ അരിശംപൂണ്ടാണ് ഗോഡ്‌സെയുടെ കൈയിൽ ഹിന്ദുത്വശക്തികൾ തോക്ക് പിടിപ്പിച്ചതെന്നാണ് ലളിതമായ ആഖ്യാനം. ഇതരമത വിദ്വേഷം ഇന്ത്യക്കാരുടെ മനസ്സുകളിലേക്ക് അപായകരമായി വാരിവിതറുന്ന സമകാലസാഹചര്യത്തിൽ ഗാന്ധിവധത്തെ ന്യായീകരിക്കാൻ ഈ ആഖ്യാനം പലപ്പോഴും സഹായിക്കുന്നു.
ചരിത്രത്താളുകളിൽനിന്ന് ഗാന്ധിസ്‌മരണ മായ്ച്ചുകളയാനും ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയാനും രാജ്യസ്നേഹിയായി വാഴ്ത്താനും മുന്നിട്ടിറങ്ങാൻ ബിജെപി എംപിമാരെ പ്രാപ്‌തരാക്കുന്നത് മുസ്ലിം വിരോധമാണ്. എന്നാൽ, ഹിന്ദുമതത്തിൽ ഉണ്ടാകേണ്ട പുരോഗമനപരമായ പരിഷ്‌കാരങ്ങൾക്കായി ഗാന്ധിജി നടത്തിയ പ്രവർത്തനങ്ങൾ ബ്രാഹ്മണ്യത്തിന്റെ വക്താക്കൾക്ക് കടുത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. അതിന്റെ ഏറ്റവും നല്ല തെളിവ് ഗാന്ധിജിക്കുനേരെ നടന്ന വധശ്രമങ്ങൾ തന്നെയാണ്. ആക്രമണങ്ങൾ കൂടുതലും പുണെയിലായത് യാദൃച്ഛികമല്ല.
1944ൽ സേവാഗ്രാമിൽവച്ചും ഗാന്ധിജിയെ ഗോഡ്‌സെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. 1946 ജൂൺ 30-ന് ബോംബെയിൽനിന്ന് പുണെയിലേക്ക് ഗാന്ധിജി യാത്ര ചെയ്‌ത ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നതായി ഗാന്ധി ഹെറിറ്റേജ് പോർട്ടലിന്റെ രേഖയിൽ പറയുന്നു. ട്രെയിൻ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. ഇന്ത്യ–പാകിസ്ഥാൻ വിഭജനം എന്ന ഒറ്റ രാഷ്ട്രീയസംഭവമാണ് ഗാന്ധിജിയുടെ വധത്തിനുപിന്നിലെന്നതും ചരിത്രത്തെ ലഘൂകരിക്കലാകും.
സനാതന ഹിന്ദുമതത്തെക്കുറിച്ച് ഗാന്ധിജിക്ക് വ്യത്യസ്‌ത നിലപാടാണ് ഉണ്ടായിരുന്നത്. “ജാതിവ്യവസ്ഥ ഒരു തടസ്സമാണ്; എന്നാൽ അത് പാപമല്ല. എന്നാൽ അയിത്തം ഒരു പാപമാണ്, ഗുരുതര കുറ്റമാണ്. ഹിന്ദുമതത്തിന് ഈ സർപ്പത്തെ നശിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒടുവിൽ അതുതന്നെ ഹിന്ദുമതത്തെ വിഴുങ്ങും” എന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു.
അയിത്തനിർമാർജനം ആത്യന്തികമായി ജാതിഹിന്ദുക്കളായ കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയപരിവർത്തനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ജാതിവ്യവസ്ഥയെക്കുറിച്ചും ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തെക്കുറിച്ചും ഗാന്ധിജിയുടെ വീക്ഷണത്തോടുള്ള അംബേദ്‌കറിന്റെ വിമർശങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ ഹിന്ദുമതം പരിഷ്‌കരിക്കപ്പെടണമെന്ന ഗാന്ധിജിയുടെ നിലപാട് യാഥാസ്ഥിതിക ഹിന്ദുക്കൾക്കിടയിൽ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. വൈക്കം സത്യഗ്രഹവേളയിൽ, ഹിന്ദുമതത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കൃത്യമായ നിലപാട് വ്യക്തമാക്കപ്പെട്ടതാണ്. ഹിന്ദുമത വിമർശം നടത്തുന്ന ഗാന്ധിജിയെ ഇല്ലായ്‌മ ചെയ്യേണ്ടത് സംഘപരിവാർ ശക്തികൾക്ക് അവരുടെ നിലനിൽപ്പിന്റെ ആവശ്യമായിരുന്നു.
നൂറുവർഷമായി ഇന്ത്യൻ മണ്ണിൽ ഹിന്ദുത്വശക്തികൾ കുഴിച്ചിട്ട് നട്ടുവളർത്തി വലുതാക്കിയ വിദ്വേഷത്തിന്റെ സംസ്‌കാരമാണ് ഇന്ത്യയുടെ ബഹുസ്വരതയിൽ വിള്ളലുകൾ വീഴ്‌ത്തുന്നത്. സംഘപരിവാർ ആരെയാണ് ഹിന്ദുവായി പരിഗണിക്കുന്നത്? മഹാത്മാഗാന്ധി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, കൽബുർഗി തുടങ്ങിയവരൊന്നും ഹിന്ദുക്കളാകുന്നില്ല. വിദ്വേഷപ്രചാരകർക്കാണ് സംഘപരിവാറിന്റെ അംഗത്വ രജിസ്റ്ററിൽ സ്ഥാനം.
ഗാന്ധിജയന്തി ഭൂതകാലസ്‌മരണ മാത്രമല്ലാതാകുന്നത് ഈ സാഹചര്യത്തിലാണ്. അത് നമ്മുടെ വർത്തമാനകാലത്തെ പരിശോധിക്കുന്ന കണ്ണാടിയാണ്. ഗാന്ധിജിയുടെ നേരവകാശികളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ എപ്പോഴാണ് ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുക എന്നതാണ് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിലുണ്ടാകുന്ന പ്രധാന ആശങ്ക.














