Deshabhimani

Articles

മോദിയുടെ "ജവാന്മാർക്ക്' സ്വാഗതമോതി കോൺഗ്രസ് സർക്കാർ

മോദിയുടെ "ജവാന്മാർക്ക്' സ്വാഗതമോതി കോൺഗ്രസ് സർക്കാർ

vd satheesan modi cartoon

മോദിയുടെ "ജവാന്മാർക്ക്' സ്വാഗതമോതി കോൺഗ്രസ് സർക്കാർ

avatar
എം വി ഗോവിന്ദൻ

Published on Sep 24, 2026, 01:37 AM | 4 min read

കോൺഗ്രസ് ദേശീയ നേതൃത്വം അതിനിശിതമായി വിമർശിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് എന്ന ഇഡി. ധനമന്ത്രാലയത്തിനു കീഴിലാണെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ ഏജൻസിയെ നിയന്ത്രിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത ഏജൻസിയാണിത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രയ്‌ക്കെതിരെയും ഇഡി അന്വേഷണമുണ്ട്.


ഇതൊക്കെ രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിപക്ഷശബ്ദം ഇല്ലാതാക്കാനുള്ള നീക്കമാണെന്നുമാണ് കോൺഗ്രസ് പാർടിയുടെ വിലയിരുത്തൽ. 2023 ഏപ്രിൽ 11ന് "ദ ഹിന്ദു' ദിനപത്രത്തിൽ "നിർബന്ധിത നിശ്ശബ്ദതയ്‌ക്ക്‌ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല' എന്ന തലക്കെട്ടിൽ സോണിയ ഗാന്ധി എഴുതിയ ലേഖനത്തിൽ ഇഡിയെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. 



"നരേന്ദ്ര മോദി സർക്കാർ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ദുരൂപയോഗം ചെയ്യുന്നത് എല്ലാവർക്കും അറിയാം, പ്രതിപക്ഷ പാർടികൾക്കെതിരെമാത്രം ഫയൽ ചെയ്യപ്പെടുന്നവയാണ് കേസുകളിൽ 95 ശതമാനത്തിലധികവും. ഭാരതീയ ജനത പാർടിയിൽ (ബിജെപി) ചേരുന്നവർക്കെതിരായ കേസുകൾ അത്ഭുതകരമായി ആവിയാകുകയാണ്.' നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു മണിക്കൂറോളം ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത് "ഞങ്ങൾക്ക് ഭയമില്ല.


സ്വേച്ഛാധിപത്യത്തിനെതിരെ ഞങ്ങൾ തുടർന്നും സംസാരിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്യും’ എന്നാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരായ "രാഷ്ട്രീയ പ്രതികാരത്തിന്റെ' ഭാഗമായാണ് ഇഡി നടപടിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

​നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ചോദ്യംചെയ്ത നടപടിയെക്കുറിച്ച് 2022 ആഗസ്തിൽ രാജ്യസഭയിൽ സംസാരിക്കവെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞത് "ഞങ്ങളുടെ (കോൺഗ്രസിന്റെ) മനോവീര്യം തകർക്കാനും നശിപ്പിക്കാനും ഭീഷണിപ്പെടുത്താനും മനഃപൂർവം ചെയ്യുന്നതാണ് ഈ ചോദ്യം ചെയ്യൽ' എന്നായിരുന്നു.


2023 നവംബറിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ഖാർഗെ പറഞ്ഞത് ‘മോദി പ്രചാരണത്തിന് വരുന്നതിനുമുമ്പ് ഇഡി, സിബിഐ, ആദായനികുതി വകുപ്പ്‌ എന്നിവയെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കി അയക്കുന്നു’ എന്നാണ്. ഈ ഏജൻസികളെ അദ്ദേഹം മോദിയുടെ "ജവാന്മാർ' (സൈനികർ) എന്നാണ് വിശേഷിപ്പിച്ചത്. ഇഡി കേസ് "രാഷ്ട്രീയ പകപോക്കലാണെന്നും' ഖാർഗെ വിശേഷിപ്പിച്ചു.



​കർണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജർക്കിഹോളിയുടെയും കുടുംബാംഗങ്ങളുടെയും വീട് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് ചെയ്തപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളെ മോദിസർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉയർത്തിയത്. രാഷ്ട്രീയപ്രേരിതമാണ് റെയ്ഡ് എന്ന് ആഭ്യന്തരമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ മകനുമായ പ്രിയങ്ക് ഖാർഗെ ആരോപിച്ചു.


അഴിമതിക്കെതിരെയല്ല, മറിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധമായാണ് കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതികാരത്തിനായി കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യുകയാണെന്ന് കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. 2014ൽ മോദി അധികാരത്തിൽ വന്നശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നത് സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, അദ്ദേഹത്തിന്റെ സഹോദരൻ ഡി കെ സുരേഷ്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര, മന്ത്രി സമീർ അഹമ്മദ്, പാർലമെന്റ്‌ അംഗം തുക്കാറാം, എംഎൽഎ ഹാരിസ് എന്നിവർക്കെതിരെയെല്ലാം ഇഡി റെയ്ഡ് നടന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും അഭിപ്രായ
പ്പെട്ടു.

​

ഈ പ്രസ്താവനകളിലൂടെ കണ്ണോടിച്ചാൽ വ്യക്തമാകുന്നത്‌ ‘പ്രതിപക്ഷമുക്ത ഹിന്ദുത്വ ഭാരതം’ കെട്ടിപ്പടുക്കാനായി ആർഎസ്എസും ബിജെപിയും ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന പൊതുവികാരമാണ് കോൺഗ്രസിനുള്ളതെന്നാണ്. എന്നാൽ അതേ കോൺഗ്രസ് നയിക്കുന്ന കേരളത്തിലെ വി ഡി സതീശൻ സർക്കാർ, കോൺഗ്രസ് പാർടി ശത്രുപക്ഷത്ത് നിർത്തുന്ന ഇഡിയുമായി പരസ്യമായി സഹകരിക്കുകയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കാൻ കള്ളമൊഴികളുടെ അടിസ്ഥാനത്തിൽ ഇഡി നിർദേശിച്ചപ്പോൾ അതിന് വഴിയൊരുക്കുന്നതിനായി പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് സർക്കാർ.


കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇഡിയും കേന്ദ്ര അന്വേഷണ ഏജൻസികളും തിരിയുമ്പോൾ അത് രാഷ്ട്രീയ പകപോക്കലും സിപിഐ എമ്മും ആംആദ്മി പാർടിയുംപോലുള്ള കോൺഗ്രസിതര പ്രതിപക്ഷ പാർടികൾക്കെതിരെ തിരിയുമ്പോൾ അത് മഹത്തായ അന്വേഷണവും എന്ന നിലപാടാണ് കോൺഗ്രസിന് എന്ന് വ്യക്തം. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി സർക്കാരിനോട് ചോദിച്ചത് രാഹുൽ ഗാന്ധിയായിരുന്നു.

​

ഇതിൽനിന്ന്‌ വ്യക്തമാകുന്നത് കേരളത്തെ മതനിരപേക്ഷതയുടെ തുരുത്തായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന, ബിജെപിയെ തടഞ്ഞുനിർത്തുന്ന സിപിഐ എമ്മിനെയും എൽഡിഎഫിനെയും തകർക്കുകയെന്നത് കോൺഗ്രസ്–ബിജെപി സംയുക്ത അജൻഡയാണെന്നാണ്. കേരളത്തിൽ ആർഎസ്എസിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന് പൊതുസ്വീകാര്യത വളർത്തുന്നതിനായി അമിതമായി അധ്വാനിക്കുകയാണിപ്പോൾ വി ഡി സതീശൻ സർക്കാർ. ഗോൾവാൾക്കറെ ആരാധിക്കുന്ന മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാവേളയിലും മറ്റ്‌ പ്രധാന ചടങ്ങുകളിലും വന്ദേമാതരം പൂർണമായും ചൊല്ലാൻ അനുവാദം നൽകിയത്.


നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റ് പ്രസംഗത്തിലും മോദിസർക്കാരിനെ പേരിനുപോലും വിമർശിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തയ്യാറായില്ല. മോദിസർക്കാരിന്റെ അത്യന്തം തൊഴിലാളിവിരുദ്ധ ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുമായി ചേർന്ന് നടപടികൾ സ്വീകരിക്കുകയാണ്. അതായത് ബിജെപിക്ക് വളരാൻ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മണ്ണൊരുക്കുകയെന്ന കടമയാണ് വി ഡി സതീശൻ നിർവഹിച്ചുവരുന്നത്. ബിജെപി വന്നാലും പ്രശ്നമില്ല, സിപിഐ എമ്മും ഇടതുപക്ഷവും തകർന്നാൽ മതിയെന്ന സമീപനത്തിന്റെ ഭാഗംതന്നെയാണ് ഇഡിയുടെ ഉത്തരവനുസരിച്ച് പ്രതിപക്ഷ നേതാവിനും കുടുംബത്തിനും എതിരെയുള്ള അന്വേഷണം.


ബിജെപിയുടെ സഹായത്താലാണ് നൂറിലധികം സീറ്റ് ലഭിച്ച് അധികാരത്തിലെത്താനായത് എന്ന് കോൺഗ്രസിന് നന്നായി അറിയാം. അതിനുള്ള പ്രത്യുപകാരത്തിന്റെ ഭാഗമായും ഈ നീക്കത്തെ വിലയിരുത്താം. കോ–ലീ–ബി സഖ്യത്തിന്റെ തുടർച്ചയായും ഇതിനെ കാണാം. ഈ അവിശുദ്ധ കച്ചവടം കോൺഗ്രസിന് താൽക്കാലിക ലാഭം നൽകുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എന്നതുപോലെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ഒരു മടിയുമില്ലാതെ കോൺഗ്രസുകാർ, ബിജെപിയിലേക്ക് ചേക്കേറാൻ ഈ ബന്ധം പാലമാക്കുകയും ചെയ്യും. എ കെ ആന്റണിയുടെ മകനും കെ കരുണാകരന്റെ മകളും ഇപ്പോൾ ബിജെപിയിൽ എത്തിയിട്ടുണ്ട്. വി ഡി സതീശനും ഈ നീക്കത്തിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട് എന്നുവേണം കരുതാൻ. കാരണം, പിണറായിക്കെതിരെ അന്വേഷണത്തിന് നീങ്ങുന്ന അതേ കേസിൽ പ്രസ്തുത കമ്പനിയിൽനിന്ന് പണം വാങ്ങിയെന്ന് പരസ്യമായി സമ്മതിച്ച രണ്ടുപേർ സതീശൻ മന്ത്രിസഭയിലുണ്ട്.


അതിലൊന്ന് സതീശന്റെ നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള രമേശ് ചെന്നിത്തലയാണ്. മറ്റൊന്ന് പ്രബല സഖ്യകക്ഷിയായ മുസ്ലിംലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഇവരെ രണ്ടു പേരെയും ചൊൽപ്പടിക്ക് നിർത്താനുള്ള ആയുധമായും ഈ കേസിനെ സതീശന് ഉപയോഗിക്കാം. അതായത് ഒരു വശത്ത് പിണറായിക്കെതിരെ നീങ്ങി പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി, മോദിയും അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതൃത്വത്തിന്റെ പ്രീതി സമ്പാദിക്കാം. രണ്ടാമതായി സംസ്ഥാനത്ത് തനിക്കെതിരെയുള്ള എതിരാളികളെ നിലയ്‌ക്ക് നിർത്തുകയും ചെയ്യാം. സതീശന്റെ ഈ അജൻഡയ്‌ക്കു മുമ്പിൽ കീഴടങ്ങുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്.

​

എന്ത്‌ ജനവിരുദ്ധ നടപടികളും കൈക്കൊള്ളാനും സർക്കാരിനെത്തന്നെ സ്വകാര്യ മുതലാളിമാർക്ക് അടിയറവയ്‌ക്കാനും വി ഡി സതീശന് ധൈര്യം ലഭിക്കുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിൽനിന്നാണ്. മോദിസർക്കാരിന്റെ മുഖമുദ്രയായ കോർപറേറ്റ് സേവയും വർഗീയശക്തികളെ താലോലിക്കലുമാണ് വി ഡി സതീശൻ സർക്കാരിന്റെയും നയം. ദിവസം കഴിയുന്തോറും വി ഡി സവർക്കറിൽനിന്ന്‌ വി ഡി സതീശനിലേക്കുള്ള ദൂരം കുറയുകയാണ്. ഈ നയങ്ങൾക്കെതിരെ ഭയരഹിതമായി പോരാടാൻതന്നെയാണ് സിപിഐ എമ്മിന്റെ തീരുമാനം. പിണറായിക്കെതിരായ നീക്കം പാർടിക്കും ഇടതുപക്ഷത്തിനുമെതിരായ നീക്കംതന്നെയാണ്. അതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം ശക്തിപ്പെടുത്തും.



Deshabhimani
Home