Deshabhimani

Articles

തിരുവനന്തപുരം മൃഗശാല

നഗരത്തിലെ മൃഗശാല മനുഷ്യനെതിരല്ല

trivandrum zoo
avatar
വലിയശാല രാജു

Published on Sep 19, 2026, 01:00 AM | 3 min read

തിരുവനന്തപുരം നഗരത്തിന്റെ മാറിടത്തിൽ ഒന്നരനൂറ്റാണ്ടിലേറെയായി തലയുയർത്തി നിൽക്കുന്ന പച്ചത്തുരുത്തുണ്ട്. രാജഭരണകാലത്തുനിന്ന് ജനാധിപത്യകേരളത്തിലേക്കുള്ള നഗരത്തിന്റെ രാഷ്ട്രീയ -സാമൂഹിക പരിണാമങ്ങൾക്ക് സാക്ഷിയായി, തലമുറകളിലെ കുരുന്നുകൾക്ക് വിസ്‌മയമായി, കോൺക്രീറ്റ് കാടുകൾക്കിടയിൽ ഓക്‌സിജൻ കലവറയായി നിലകൊള്ളുന്ന തിരുവനന്തപുരം മൃഗശാല. ആ ഹരിത ഇടത്തെ നഗരമധ്യത്തിൽനിന്ന് കുടിയൊഴിപ്പിക്കണമെന്ന വാദം ഉയരുകയാണ്‌. മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക ആവാസവ്യവസ്ഥ നൽകണമെന്ന ലേബലിലാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. മൃഗക്ഷേമത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, അക്കാര്യത്തിൽ ആദ്യചോദ്യം ‘മൃഗശാല എങ്ങോട്ട് മാറ്റണം' എന്നതല്ല. ‘നൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള ഈ ചരിത്രസ്ഥാപനത്തെ നഗരത്തിനുള്ളിൽത്തന്നെ എന്തുകൊണ്ട് കൂടുതൽ ശാസ്ത്രീയവും മൃഗസൗഹൃദവുമാക്കി പുനർനിർമിച്ചുകൂടാ?' എന്നതാണ്.


​പ്രകൃതിയെ നാടുകടത്തുന്ന രാഷ്ട്രീയം


​നഗരങ്ങൾ വികസിക്കുമ്പോൾ ആദ്യം ബലിനൽകപ്പെടുന്നത് പ്രകൃതിയാണ്. മരങ്ങൾ നിലംപൊത്തുന്നു. തണ്ണീർത്തടങ്ങൾ മൂടപ്പെടുന്നു. തുറസ്സായ പൊതുസ്ഥലങ്ങൾ ചുരുങ്ങുന്നു. ഒടുവിൽ പച്ചപ്പും വന്യജീവികളെയും കാണാൻ നഗരത്തിന് പുറത്തേക്ക് വണ്ടികയറേണ്ട ഗതികേടിലേക്ക് ജനങ്ങൾ തള്ളപ്പെടുന്നു. നഗരഹൃദയത്തിൽ അവശേഷിക്കുന്ന പച്ചത്തുരുത്തിനോട് ‘നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല, പുറത്തുപോകൂ’ എന്നു കൽപ്പിക്കുന്നത് നഗരാസൂത്രണത്തിന്റെ ആധുനികസങ്കൽപ്പങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.


​നഗരങ്ങൾ മനുഷ്യർക്കുമാത്രമുള്ളതല്ല. മൃഗങ്ങൾക്കും പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും വൃക്ഷലതാദികൾക്കും ജലാശയങ്ങൾക്കും മനുഷ്യർക്കുമൊപ്പം സഹവർത്തിത്വത്തോടെ കഴിയാനുള്ള ഇടങ്ങളാണ് ഒരുങ്ങേണ്ടത്. അതുകൊണ്ടുതന്നെ മൃഗശാലയെ നാടുകടത്തുന്നതിനുമുന്പ്‌ നഗരത്തിനുള്ളിൽ പ്രകൃതിയുടെ ജനാധിപത്യപരമായ സാന്നിധ്യം ഉറപ്പാക്കാനുള്ള നമ്മുടെ ബാധ്യതയെക്കുറിച്ചാണ് ആദ്യം ചർച്ച ചെയ്യേണ്ടത്.

​തിരുവനന്തപുരം മൃഗശാല വെറും വാണിജ്യ വിനോദസഞ്ചാര പദ്ധതിയല്ല. 1857-ൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിനുപിന്നാലെ, 1859-ൽ അന്നത്തെ തിരുവിതാംകൂർ ഭരണകൂടം തുടക്കമിട്ടതാണ് സൂ ആൻഡ് പാർക്ക്.


ലോകനഗരങ്ങൾ നൽകുന്ന പാഠം


​‘ലണ്ടൻ സൂ’ ലണ്ടൻ നഗരത്തിന്റെ ഒത്തനടുവിലുള്ള റീജന്റ്സ് പാർക്കിലാണ് ഇന്നും. സെൻട്രൽ പാർക്ക് സൂ ആകട്ടെ ന്യൂയോർക്കിലെ മാൻഹാട്ടൻ നഗരഹൃദയത്തിലാണ്. ബെർലിൻ സുവോളജിക്കൽ ഗാർഡൻപോലുള്ള യൂറോപ്പിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ബെർലിൻ നഗരമധ്യത്തിലാണ്‌.


ആംസ്റ്റർഡാമിന്റെ കേന്ദ്രഭാഗത്ത് 1838 മുതൽ പ്രവർത്തിക്കുന്ന ചരിത്രസ്ഥാപനമാണ് ഇവിടത്തെ മൃഗശാല. ഇവിടെയൊന്നും ആരും മൃഗശാലകളെ നഗരത്തിനു പുറത്തേക്ക് തള്ളിവിട്ടില്ല. മറിച്ച്, കാലാനുസൃതമായി ആവാസവ്യവസ്ഥയെ പരിഷ്‌കരിക്കുകയാണ് ചെയ്തത്. പ്രശ്നം സ്ഥലവിസ്‌തൃതിയുടേതല്ല, ശാസ്ത്രീയമായ രൂപകൽപ്പനയുടേതാണ്. ​


രണ്ടാം ലോകമഹായുദ്ധത്തിൽ ബെർലിൻ മൃഗശാലയിലെ ആയിരക്കണക്കിന് മൃഗങ്ങളിൽ അവശേഷിച്ചത് വെറും 91 എണ്ണം മാത്രമായിരുന്നു. യുദ്ധാനന്തരം അവർ ചരിത്രത്തെ മായ്ച്ചുകളയുകയല്ല, ആ ഹരിതകേന്ദ്രത്തെ നഗരമധ്യത്തിൽത്തന്നെ പുനർനിർമിക്കുകയാണ് ചെയ്‌തത്.


​മൃഗശാല ഒഴിഞ്ഞാൽ ആ ഭൂമി ആരുടേത്?


​മൃഗശാല മാറ്റിയാൽ നഗരഹൃദയത്തിൽ ലഭിക്കുന്ന ഈ അമൂല്യഭൂമിയുടെ ഭാവി എന്തായിരിക്കും? ഇതിനാണ് പൊതുസമൂഹത്തിന് കൃത്യമായ ഉത്തരം ലഭിക്കേണ്ടത്. നഗരഭൂമിക്ക് ചരിത്രത്തേക്കാൾ വാണിജ്യമൂല്യം കൽപ്പിക്കുന്ന കാലമാണിത്. വലിയ പൊതുഭൂമി ഒഴിഞ്ഞുകിട്ടുമ്പോൾ അതിലേക്ക് റിയൽ എസ്റ്റേറ്റ് -വാണിജ്യ താൽപ്പര്യങ്ങൾ കണ്ണുവയ്ക്കുന്നത് സ്വാഭാവികം. മൃഗശാല മാറ്റിയാൽ ആ ഭൂമിയിൽ ഒരുവിധ വാണിജ്യ- സ്വകാര്യ നിർമാണങ്ങളും അനുവദിക്കില്ലെന്നും അത് പൂർണമായും നഗരത്തിന്റെ സംരക്ഷിത ഹരിതമേഖലയായി നിലനിർത്തുമെന്നും സർക്കാരിന്‌ നിയമപരമായ ഉറപ്പുനൽകാൻ കഴിയുമോ? അല്ലാത്തപക്ഷം ‘മൃഗക്ഷേമം’ എന്ന മാന്യമായ മറപിടിച്ച് നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള പൊതുഭൂമി സ്വകാര്യ കോർപറേറ്റ് വികസനങ്ങൾക്ക് തീറെഴുതാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.


​പ്രകൃതി സാധാരണക്കാരന്റെയും അവകാശമാണ്


​ഇത് നഗരത്തിലെ സാധാരണക്കാരന് പ്രകൃതിയിലേക്കുള്ള തുല്യനീതിയുടെ പ്രശ്നംകൂടിയാണ്. സാധാരണ തൊഴിലാളിക്കും സ്കൂൾ കുട്ടിക്കും കുറഞ്ഞ ചെലവിൽ പൊതുഗതാഗതംവഴി എത്തിച്ചേരാൻ കഴിയുന്ന ഒരിടമാണ് ഇന്നത്തെ മൃഗശാല. പ്രകൃതിയുടെ പച്ചപ്പ് സമ്പന്നരുടെ ആഡംബര റിസോർട്ടുകളിലും ദൂരെയുള്ള ഇക്കോ -ടൂറിസം സഫാരികളിലുംമാത്രം ഒതുങ്ങേണ്ട ഒന്നല്ല. സാധാരണ കുടുംബങ്ങൾക്ക്‌ നഗരത്തിരക്കിൽനിന്ന് മാറി നഗരത്തിനുള്ളിൽത്തന്നെ വന്മരത്തണലിൽ ഇരിക്കാനും വന്യജീവികളെ കണ്ട് കുട്ടികൾക്ക് ജൈവലോകത്തെ പഠിക്കാനും കഴിയുന്നത് ഒരു നഗരത്തിന്റെ ജനാധിപത്യസ്വഭാവമാണ്. അതിനെ നഗരാതിർത്തിക്കു പുറത്തേക്ക് നാടുകടത്തുമ്പോൾ ഇല്ലാതാകുന്നത് അരികുവൽക്കരിക്കപ്പെട്ടവരുടെ ഈ അവകാശമാണ്.


​വേണ്ടത്‌ പിഴുതെറിയലല്ല


​തിരുവനന്തപുരം മൃഗശാലയ്ക്ക് ആധുനികീകരണം അത്യന്താപേക്ഷിതമാണ്. നിലവിലെ സ്ഥലത്ത് വലിയ മൃഗങ്ങൾക്ക് കൂടുതൽ ഇടംനൽകി എൻക്ലോഷറുകൾ നവീകരിക്കണം. മഴവെള്ളസംഭരണവും സൗരോർജവും ജൈവമാലിന്യസംസ്കരണവും സമന്വയിപ്പിച്ച് കാർബൺ-ന്യൂട്രൽ പാർക്കാക്കി മാറ്റുകയും ചെയ്യാം. പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും തുമ്പികൾക്കും തദ്ദേശീയ സസ്യങ്ങൾക്കുമായി പ്രത്യേക ബയോ-ഡൈവേഴ്സിറ്റി സോണുകൾ ഒരുക്കാം. കുട്ടികൾക്കായി നവീന ശാസ്ത്ര-പ്രകൃതി വിദ്യാഭ്യാസ കേന്ദ്രമായി ഇതിനെ മാറ്റാം. ഇനി, വലിയ വന്യമൃഗങ്ങളുടെ ദീർഘകാല സംരക്ഷണത്തിനും പ്രജനനത്തിനും വിപുലമായ സ്ഥലം വേണമെന്നുണ്ടെങ്കിൽ, നഗരത്തിനു പുറത്ത് മറ്റൊരു കൺസർവേഷൻ സെന്റർ നിർമിക്കുന്നതിൽ തെറ്റില്ല. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും കച്ചവടസമുച്ചയങ്ങൾക്കും മാത്രമായി വീതിച്ചുനൽകാനുള്ളതല്ല നഗരം. വിപണിമൂല്യംകൊണ്ട് അളക്കാൻ കഴിയാത്തതാണ് ഈ ഹരിതത്തുരുത്തിന്റെ ജൈവമൂല്യം.



Deshabhimani
Home