Deshabhimani

Articles

ചോദ്യത്തിന് കടിഞ്ഞാണിടുമ്പോൾ

ചോദ്യത്തിന് കടിഞ്ഞാണിടുമ്പോൾ

university.p
ടി ചന്ദ്രമോഹൻ

Published on Sep 25, 2026, 01:32 AM | 3 min read

സർവകലാശാലകൾ അറിവിന്റെ സംഭരണശാലകൾ മാത്രമല്ല, തീക്ഷ്ണമായ ചോദ്യങ്ങൾ ഉയർത്തുന്ന ഇടങ്ങൾകൂടിയാണ്‌. നിലവിലുള്ള ധാരണകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും അധികാരത്തെ വിമർശിക്കുകയും പുതിയ ആശയങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്ന സ്വതന്ത്ര ഇടങ്ങളാണ്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവിടെ ഒരു ചോദ്യം ഉയരുംമുമ്പ് അതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് വിദ്യാർഥി–വിദ്യാർഥിനികൾ ആലോചിക്കേണ്ടിവരികയും ഗവേഷണവിഷയം നിശ്‌ചയിക്കുമ്പോൾ ഭരണകൂടത്തിന്റെ അപ്രീതിയെക്കുറിച്ച് അധ്യാപകർ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യം അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തെതന്നെ ദുർബലപ്പെടുത്തും.


ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന ഇത്തരം ആശങ്കകൾക്ക് അന്താരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര അക്കാദമിക് അവകാശ സംഘടനയായ ‘സ്‌കോളർ അറ്റ്‌ റിസ്‌ക്‌ (എസ്‌എആർ)’ പ്രസിദ്ധീകരിച്ച ‘ഫ്രീ ടു തിങ്ക്‌–2026’ റിപ്പോർട്ട് ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നാണ് വ്യക്തമാക്കുന്നത്‌. സർക്കാർ ഇടപെടലുകളും വിയോജിപ്പുകൾ അടിച്ചമർത്താനുള്ള ശ്രമങ്ങളും സർവകലാശാലാ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


​ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ അനിയന്ത്രിത ഇടപെടലുകൾ സർവകലാശാലാ ഭരണസംവിധാനം, വൈസ്‌ ചാൻസലർ ഉൾപ്പെടെയുള്ള ഉന്നതതല നിയമനങ്ങൾ, അക്കാദമിക് മുൻഗണനകൾ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചതായി എസ്‌എആർ വിലയിരുത്തുന്നു. സർവകലാശാലാ സ്വയംഭരണത്തെ ബാധിക്കുന്ന നടപടികളിൽ യുജിസിയുടെ പങ്കിനെക്കുറിച്ചും പ്രത്യേകം പരാമർശിക്കുന്നു. വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കെതിരായ നടപടികൾ, അക്കാദമിക് പരിപാടികൾ റദ്ദാക്കൽ, അധ്യാപകർക്കെതിരായ നടപടികൾ, ക്യാമ്പസിൽ അഭിപ്രായപ്രകടനത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവയാണ്‌ അക്കാദമിക്‌ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുതടിയാകുന്ന പ്രധാന ഘടകങ്ങൾ. ഇത് ഇ‍ൗ റിപ്പോർട്ടിന്റെ അഭിപ്രായമായിമാത്രം തള്ളിക്കളയാനാകില്ല. 2026ലെ അക്കാദമിക്‌ സ്വാതന്ത്ര്യസൂചികപ്രകാരം കഴിഞ്ഞ ദശകത്തിൽ വിലയിരുത്തപ്പെട്ട 179 രാജ്യങ്ങളിൽ 50 എണ്ണത്തിൽ അക്കാദമിക് സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞപ്പോൾ ഒമ്പത് ഇടത്താണ്‌ പുരോഗതി രേഖപ്പെടുത്തിയത്. ഇന്ത്യയുടെ സൂചിക സ്‌കോർ 2022ലെ 0.38ൽ നിന്ന് 2025ൽ 0.14 ആയി ഇടിഞ്ഞു.


​വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാറിന്റെ ദീർഘകാല രാഷ്ട്രീയപദ്ധതി നടപ്പാക്കി ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ ‘ഫ്രീ ടു തിങ്ക്‌ റിപ്പോർട്ട്‌ 2026’ പുറത്തുവന്നത്‌. പ്രാഥമിക വിദ്യാഭ്യാസംമുതൽ ഉന്നതവിദ്യാഭ്യാസംവരെ ചരിത്രം, സംസ്‌കാരം, ദേശീയത, മതം തുടങ്ങിയ വിഷയങ്ങളെ പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ കണ്ണിലൂടെ പുനർവ്യാഖ്യാനിക്കുകയാണ്‌ മോദി സർക്കാർ. സരസ്വതി ശിശുമന്ദിരങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ശൃംഖലകളിൽനിന്ന് സ്‌കൂൾമുതൽ കേന്ദ്ര സർവകലാശാലകളിലേക്കുവരെ വ്യാപിച്ചിരിക്കുന്ന സംഘപരിവാർ ഇടപെടലിനെ ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ചരിത്രത്തിന്റെ ബഹുസ്വരതയ്ക്ക് പകരം ഏകശിലാ ദേശീയതയും ശാസ്ത്രീയ അന്വേഷണത്തിന് പകരം വിശ്വാസാധിഷ്ഠിത വ്യാഖ്യാനങ്ങളും മുൻതൂക്കം നേടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതം ഒരു തലമുറയിൽ ഒതുങ്ങുകയില്ല. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും പാഠപുസ്തകങ്ങളിലെ മാറ്റങ്ങളും വിദ്യാഭ്യാസത്തിലെ സാധാരണ പരിഷ്കാരങ്ങളായിമാത്രം കാണാനാകില്ല. എന്താണ് ചരിത്രം, ആരുടേതാണ് ചരിത്രം, ഏത് സാമൂഹിക അനുഭവങ്ങളാണ് ഓർമിക്കപ്പെടേണ്ടത്, ഏത് ശബ്ദമാണ് ഒഴിവാക്കപ്പെടേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ അധികാരത്തിന്റെ ഇടപെടലിന് വിധേയമാകുമ്പോൾ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാകുന്നു. ശാസ്ത്രത്തിന്റെ സ്ഥാനത്ത് അന്ധവിശ്വാസവും തെളിവിന്റെ സ്ഥാനത്ത് അവകാശവാദങ്ങളും കടന്നുവരുന്ന സാഹചര്യം അതിലും അപകടകരം.


​വിദ്യാർഥി രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ദീർഘമായ പാരമ്പര്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരംമുതൽ സാമൂഹികനീതിയുടെയും ജനാധിപത്യാവകാശങ്ങളുടെയും നിരവധി പോരാട്ടങ്ങളിൽ വിദ്യാർഥി–വിദ്യാർഥിനികളും അധ്യാപകരും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് വിദ്യാർഥികളുടെ പ്രതിഷേധത്തെ സർവകലാശാലാ അച്ചടക്കത്തിന്റെ പ്രശ്നമായി കാണുന്നത്‌ അപകടകരമാണ്. ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യാനും സർവകലാശാലാ ഭരണത്തോട് വിശദീകരണം ആവശ്യപ്പെടാനും സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാനും വിദ്യാർഥിസമൂഹത്തിന്‌ അവകാശമുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഫ്രീ തിങ്ക്‌ വിലയിരുത്തലിൽ വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കെതിരായ സർവകലാശാലാ നടപടികളും പൊലീസ് ഇടപെടലുകളും അഭിപ്രായപ്രകടനത്തിനുള്ള നിയന്ത്രണങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.


​ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഇടപെടൽ വർധിച്ചതായ എസ്‌എആർ റിപ്പോർട്ട് യുജിസിയുടെയും സർവകലാശാലാ ഭരണസംവിധാനങ്ങളുടെയും പങ്ക് എന്തായിരിക്കണമെന്ന ചർച്ചയും പ്രസക്തമാക്കുന്നു. സംസ്ഥാന സർവകലാശാലകളിൽ ഗവർണർമാരുടെ പദവി ഉപയോഗിച്ചുള്ള ഇടപെടലുകൾ സംബന്ധിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ രാഷ്ട്രീയ-നിയമ തർക്കങ്ങൾ നിലനിന്നിട്ടുണ്ട്. സർവകലാശാലാ സ്വയംഭരണത്തിന്റെ പരിധിയും ഭരണഘടനാപരമായ അധികാരബന്ധങ്ങളും സംബന്ധിച്ച ഈ തർക്കങ്ങൾ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ വലിയ ചോദ്യവുമായി ബന്ധപ്പെട്ടതാണ്. അക്കാദമിക് സ്വാതന്ത്ര്യത്തിന് വലിയ ഭീഷണി എല്ലായ്‌പ്പോഴും ഒരു തുറന്ന നിരോധനമായിരിക്കണമെന്നില്ല. അതിനേക്കാൾ സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഒന്നാണ് ഭയം. ഒരു അധ്യാപകൻ തന്റെ ഗവേഷണ വിഷയം മാറ്റുന്നു, ഒരു ഗവേഷകൻ രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കുന്ന ഫലം പ്രസിദ്ധീകരിക്കാൻ മടിക്കുന്നു, ഒരു വിദ്യാർഥി സെമിനാറിൽ ചോദ്യം ചോദിക്കാതെ മിണ്ടാതിരിക്കുന്നു, സർവകലാശാല അധികൃതർ വിവാദമാകാൻ സാധ്യതയുള്ള പരിപാടിതന്നെ ഒഴിവാക്കുന്നു. പുറമേ നോക്കുമ്പോൾ എവിടെയും ഔദ്യോഗിക വിലക്കില്ല, എന്നാൽ ഭയംകൊണ്ട്‌ ചിന്തയുടെ പരിധി ചുരുങ്ങുന്നു. സർക്കാർ ഇടപെടലുകളും സർവകലാശാലാ സ്വയംഭരണത്തിന്റെ തകർച്ചയും ഗവേഷണത്തിനും പഠിപ്പിക്കലിനുംമേലുള്ള നിയന്ത്രണങ്ങളും അധ്യാപകരെയും വിദ്യാർഥികളെയും സ്വയംനിയന്ത്രണത്തിലേക്ക് നയിക്കാമെന്ന് റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകുന്നു.


​ജനാധിപത്യത്തിൽ സർവകലാശാല എന്നത്‌ ഭൂരിപക്ഷത്തിന്റെ അഭിപ്രായംമാത്രം ആവർത്തിക്കുന്ന സ്ഥാപനമാകരുത്. ജനപ്രിയമല്ലാത്ത അഭിപ്രായങ്ങൾക്കും ന്യൂനപക്ഷ വീക്ഷണങ്ങൾക്കും ഭരണകൂടത്തിന്‌ അസ‍ൗകര്യമുണ്ടാക്കുന്ന ഗവേഷണഫലങ്ങൾക്കും ഇടമുണ്ടാകണം. സർവകലാശാലയുടെ ഉത്തരവാദിത്വം ചോദ്യങ്ങൾ ഉയർത്താനുള്ള അവസരം സൃഷ്ടിക്കലാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ ഉത്തരങ്ങൾ തേടാനുള്ള സ്വാതന്ത്ര്യം നൽകലാണ്. അതിനാൽ അക്കാദമിക് സ്വാതന്ത്ര്യം അധ്യാപകരുടെ തൊഴിലവകാശം മാത്രമല്ല. അത് സമൂഹത്തിന്റെ അറിയാനുള്ള അവകാശവുമാണ്. ഗവേഷണത്തിന്റെ ഗുണനിലവാരവും ശാസ്ത്രീയ മുന്നേറ്റവും ജനാധിപത്യ സംവാദവും വിമർശനാത്മക ചിന്തയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവേഷണ വിഷയങ്ങളും ഫലങ്ങളും രാഷ്ട്രീയസമ്മർദത്തിന് വിധേയമാകരുത്. വിദ്യാർഥികളുടെ അഭിപ്രായപ്രകടനത്തിനും പ്രതിഷേധത്തിനും സംരക്ഷണം നൽകണം. സർവകലാശാലകളുടെ ഭരണപരമായ തീരുമാനങ്ങളിൽ സുതാര്യതയും അക്കാദമിക് സ്വയംഭരണവും ഉറപ്പാക്കണം. അക്കാദമിക് സ്വാതന്ത്ര്യം ഒരു സർക്കാരിനോടുള്ള അനുകൂല നിലപാടല്ല, അധികാരത്തിന്റെ സ്വഭാവത്തെ അതിജീവിക്കുന്ന ജനാധിപത്യ സ്ഥാപനപരമായ സംരക്ഷണമാണ്.


ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള എസ്‌എആർ വിലയിരുത്തൽ അവഗണിക്കേണ്ട മുന്നറിയിപ്പല്ല. അമിതമായ സർക്കാർ ഇടപെടലിന്റെയും സർവകലാശാലാ സ്വയംഭരണം ദുർബലമാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇ‍ൗ വിലയിരുത്തൽ. സർവകലാശാലയിൽ ചോദ്യങ്ങൾക്ക്‌ അവസരമില്ലാത്ത അവസ്ഥ വരുമ്പോൾ നഷ്ടപ്പെടുന്നത് അധ്യാപകരുടെയോ വിദ്യാർഥികളുടെയോമാത്രം സ്വാതന്ത്ര്യമല്ല. ഒരു സമൂഹത്തിന്റെ ചിന്തിക്കാനുള്ള ശേഷിയാണ് ഇല്ലാതാകുന്നത്‌. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ യഥാർഥ പരീക്ഷണം എളുപ്പമുള്ള ചോദ്യങ്ങൾക്ക് എത്ര സ്വാതന്ത്ര്യമുണ്ട് എന്നതല്ല. അധികാരത്തിന് അസൗകര്യമുണ്ടാക്കുന്ന ചോദ്യം ചോദിക്കുമ്പോഴും ജനപ്രിയമല്ലാത്ത സത്യം അന്വേഷിക്കുമ്പോഴും നിലവിലുള്ള ധാരണയെ വിമർശിക്കുമ്പോഴും സർവകലാശാലയ്ക്ക് സ്വതന്ത്രമായി നിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ്. അറിവിനെ നിയന്ത്രിക്കുന്നിടത്ത് ചിന്തയും നിയന്ത്രിക്കപ്പെടും. ചിന്ത നിയന്ത്രിക്കപ്പെടുന്നിടത്ത് ജനാധിപത്യത്തിന്റെ ബൗദ്ധിക അടിത്തറയും തകരും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home