Deshabhimani

മോദിയുടെ ആത്മനിർഭർ കൊള്ള

MODI MONEY
avatar
എം എ ബേബി

Published on Sep 15, 2026, 02:36 AM | 4 min read

ഇക്കഴിഞ്ഞ ആഗസ്‌ത്‌ 25ന്‌ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അതിവിചിത്രമായൊരു വിധി പ്രഖ്യാപിച്ചു. സീ, എസ്സെൽ ഗ്രൂപ്പുകളുടെ തലവൻ സുഭാഷ്‌ ചന്ദ്ര വിവിധ ധനകാര്യസ്ഥാപനങ്ങളിൽ വരുത്തിയ വായ്‌പക്കുടിശ്ശികയായ 22,006 കോടി രൂപയിൽ 6.5 കോടി രൂപമാത്രം തിരിച്ചടച്ചാൽ മതി! അതായത്‌, ഓരോ നൂറു രൂപയ്ക്കും പകരം മൂന്നുപൈസവീതം മാത്രം തിരിച്ചടച്ചാൽ മതിയെന്ന്‌. കുടിശ്ശികയുടെ 99.97 ശതമാനം എഴുതിത്തള്ളിയെന്ന്‌ സാരം. ഇ‍ൗ നഷ്ടം സഹിക്കേണ്ടിവരുന്നത്‌ ഏതെങ്കിലും വമ്പൻ സ്വകാര്യ സ്ഥാപനങ്ങളാണെന്ന്‌ ധരിച്ചാൽ തെറ്റി. എൽഐസി ഹ‍ൗസിങ്‌ ഫിനാൻസ്‌, കനറാ ബാങ്ക്‌, യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തുടങ്ങി രാജ്യത്തെ സാധാരണക്കാരുടെ സമ്പാദ്യം കൈവശം വച്ചിരിക്കുന്ന ദേശസാൽകൃത ബാങ്കുകളും മറ്റ്‌ പൊതുമേഖലാ സ്ഥാപനങ്ങളുമാണവ. 1322 കോടി രൂപ തിരിച്ചടവ്‌ ലഭിക്കേണ്ട എൽഐസി ഹ‍ൗസിങ്‌ ഫിനാൻസിന്‌ 38 ലക്ഷം രൂപമാത്രമാണ്‌ ലഭിക്കുക എന്നറിയുമ്പോൾ കാര്യങ്ങൾക്ക്‌ കൂടുതൽ വ്യക്തത വരും. ​2017ലെയും 2018ലെയും ബിസിനസ്‌ മാഗസിനുകളുടെ കണക്കുപ്രകാരം സുഭാഷ്‌ ചന്ദ്രയുടെ ആസ്‌തി 40,000 കോടിക്കും 46,000 കോടിക്കും ഇടയിലായിരുന്നു. എന്നാൽ, പാപ്പർ ഹർജി സമർപ്പിക്കുന്പോഴേക്കും തന്റെ സ്വത്ത്‌ 31.79 കോടിയായി ചുരുങ്ങിയെന്നാണ്‌ അദ്ദേഹം അവകാശപ്പെട്ടത്‌. ഇത്രയും ഭീമമായ സ്വത്ത്‌ ഇത്ര പെട്ടെന്ന് ആവിയായിപ്പോയതെങ്ങനെ എന്നതിന്‌ വിശദീകരണമോ തെളിവോ ട്രിബ്യ‍ൂണലിന്‌ നൽകിയതുമില്ല. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ഭിന്നവിധി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്നാം അംഗത്തെ നിയമിച്ചു. കമ്മിറ്റിയിൽ ആകെ വോട്ടിന്റെ 80.81 ശതമാനം കൈയാളുന്ന വായ്‌പദാതാക്കളുടെ പിന്തുണകൂടി ലഭിച്ചതോടെ ഇ‍ൗ തിരിച്ചടവ് പദ്ധതിക്ക് അംഗീകാരമായി. എൽഐസി ഹൗസിങ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കനറാ ബാങ്ക്, ആർബിഎൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ എതിർപ്പ് പരിഗണിക്കപ്പെട്ടില്ല. പിന്തുണച്ച 80.81 ശതമാനം ആര്, അവർക്ക് എസ്സെൽ ഗ്രൂപ്പുമായുള്ള ബന്ധമെന്ത് എന്നതിനെപ്പറ്റിയുള്ള വിശദീകരണങ്ങളൊന്നും പാപ്പർ ചട്ടം ആവശ്യപ്പെടുന്നുമില്ല. വമ്പന്മാർ കടമെടുത്ത ഭീമൻ തുക തിരിച്ചടയ്ക്കാതെ മുങ്ങുന്നത് അവസാനിപ്പിക്കുമെന്നു പറഞ്ഞാണ് 2016ൽ രാജ്യത്തിന് പാപ്പർ നിയമം പരിചയപ്പെടുത്തിയത്. ഒരുപതിറ്റാണ്ടിനുശേഷമിപ്പോൾ, ട്രിബ്യൂണലിന്റെ അനുമതിയോടെതന്നെ വമ്പന്മാർ രക്ഷപ്പെടുന്നതാണ്‌ നാം കാണുന്നത്. ​ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. ആത്മനിർഭർ ഭാരത് എന്ന പേരിന്റെ മറവിൽ മോദിസർക്കാർ അവരുടെ സാമ്പത്തികനയം നടപ്പാക്കുന്നതിന്റെ രീതിശാസ്‌ത്രമാണിത്. പൊതുഖജനാവിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും പണമെടുത്തും പ്രകൃതിവിഭവങ്ങൾ യഥേഷ്ടം വിനിയോഗിച്ചുമാണ് കോർപറേറ്റുകൾ സ്വയംപര്യാപ്തമാകുന്നത്. പണിയെടുക്കുന്ന തൊഴിലാളികൾ ജീവിച്ചുപോകാൻ സ്വന്തം വഴി കണ്ടെത്തണമെന്ന് പച്ചമലയാളം. ​നികുതിയിളവ്‌ എന്ന സമ്മാനം ​അടിസ്ഥാന കോർപറേറ്റ് നികുതി 30ൽനിന്ന് 22 ശതമാനമാക്കിയതായി 2019 സെപ്ത‍ംബർ 20ന് ധനമന്ത്രി പ്രഖ്യാപിച്ചു. നിർമിതോൽപ്പന്ന മേഖലയിലെ പുതിയ കമ്പനികൾക്ക് ഇത് 15 ശതമാക്കിയും കുറച്ചു; ഓർഡിനൻസ് വഴിയായിരുന്നു നടപടി. ആദ്യവർഷത്തിൽമാത്രം ഇതുവഴി 1.45 ലക്ഷം കോടിയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്ന് സർക്കാർ സമ്മതിച്ചതാണ്. ഈ തീരുമാനപ്രകാരം, 2019 വരെ 30 ശതമാനം നികുതി അടച്ചിരുന്ന ‘ബിഎസ്ഇ 500' കമ്പനികൾക്ക് 2023–-24 ആയപ്പോഴേക്കും നികുതി 21.2 ശതമാനമായി കുറഞ്ഞു. അതുവഴി അഞ്ചുവർഷംകൊണ്ട് അവർക്ക്‌ 3.14 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായെന്ന്‌ ‘ദ ഹിന്ദു' കണ്ടെത്തി. ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകൾകൂടിയാകുമ്പോൾ, 2012-–13 മുതൽ 2021-–22 വരെ ഈ വൻകിട കമ്പനികൾക്ക് കേന്ദ്രസർക്കാർ ‘സമ്മാനിച്ച’ ലാഭം 8.22 ലക്ഷം കോടിയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വിപുലമായ ആനുകൂല്യം കോർപറേറ്റുകൾക്ക്‌ ആദ്യമായാണ്‌. സർക്കാർ ഇത്രയും ഇളവുകൾ നൽകുമ്പോൾ, സ്വകാര്യനിക്ഷേപവും തൊഴിലവസരങ്ങളും കുതിച്ചുയരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 2010ൽ ജിഡിപിയുടെ 17 ശതമാനമായിരുന്ന നിർമിതോൽപ്പന്ന മേഖലയുടെ പങ്ക് 2023 ആയപ്പോഴേക്കും 13 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വൻകിട കോർപറേറ്റുകൾ ലാഭം കൊയ്‌തുകൂട്ടിയപ്പോൾ ജിഎസ്ടിയുടെയും പെട്രോൾ, ഡീസൽ തീരുവകളുടെയുമെല്ലാം ഭാരം ചുമന്നത് രാജ്യത്തെ ദരിദ്രരും സാധാരണക്കാരുമാണ്. ഓരോ വർഷവും കേന്ദ്രസർക്കാർ ഏറ്റവും വലിയ 500 കോർപറേറ്റുകൾക്ക്‌ ഇളവ് നൽകിയ മൊത്തം തുകയായ 1.45 ലക്ഷം കോടി രൂപയെന്നത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ച വാർഷികവിഹിതത്തേക്കാൾ കൂടുതലാണെന്ന് മനസ്സിലാക്കണം. ​സംസ്ഥാനങ്ങളെയും ‘ഊറ്റുന്നു’ ​സംസ്ഥാനങ്ങളുടെ ധാതുസമ്പത്ത് നിർലോഭം കൊള്ളയടിക്കാനും അവസരമൊരുക്കുന്നു. ധാതുസമ്പത്തിനും അവ വഹിക്കുന്ന ഭൂമിക്കും നികുതി ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് 2024 ജൂലൈയിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധി പ്രസ്‌താവിച്ചു. റോയൽറ്റി നികുതിയല്ല എന്നും വ്യക്തമാക്കി. എന്നാൽ വെറും രണ്ടുവർഷത്തിനകം, ഈ വിധി റദ്ദാക്കാൻ നിയമനിർമാണം നടത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലഷൻ) നിയമത്തിൽ 9ഡി എന്ന പുതിയ സെക്‌ഷൻ കൂട്ടിച്ചേർത്തായിരുന്നു ഭേദഗതി. ഇതുപ്രകാരം, കേന്ദ്രസർക്കാർ നിഷ്‌കർഷിക്കുന്ന നിബന്ധനകൾപ്രകാരമല്ലാതെ ധാതുക്കളിലോ അവ ഉൾക്കൊള്ളുന്ന ഭൂമിയിലോ ഏതെങ്കിലും തരത്തിലുള്ള നികുതി, സെസ്, ലെവി എന്നിവ ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല എന്ന്‌ വ്യക്തമാക്കി. അതുമാത്രമല്ല ‘ധാതുക്കൾ വഹിക്കുന്ന ഭൂമി' എന്നതിന് വിശാല നിർവചനം നൽകി അഞ്ചാംപട്ടികയിൽപ്പെടുന്ന ആദിവാസിഭൂമിയടക്കം കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കി. ഈ പ്രദേശങ്ങളിൽനിന്ന്‌ കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനെപ്പറ്റി പരാമർശംപോലുമില്ല. നിയമലംഘകരായ കമ്പനികൾക്ക് അനുകൂലമായ വ്യവസ്ഥകളാണ് കൂട്ടിച്ചേർത്തത്. മുൻ നിയമങ്ങൾപ്രകാരം കമ്പനികൾ സംസ്ഥാനങ്ങൾക്ക് അടയ്ക്കേണ്ടിയിരുന്ന കുടിശ്ശിക പൂർണമായും തുടച്ചുനീക്കി. ടാറ്റ സ്റ്റീലിന്റെ 1.5 ലക്ഷം കോടിയും വേദാന്തയുടെ രണ്ടുലക്ഷം കോടിയും ഇത്തരത്തിൽ എഴുതിത്തള്ളപ്പെടുമെന്ന് പൗരാവകാശസംഘടനകൾ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനങ്ങളോടുള്ള എല്ലാ ബാധ്യതകളും കൊടുത്തുതീർത്ത കമ്പനികൾക്ക് പണം തിരികെ ലഭിച്ചതുമില്ല; കുടിശ്ശിക വരുത്തിയവർ രക്ഷപ്പെടുകയും ചെയ്‌തു. ബിസിനസ് സ്റ്റാൻഡേർഡ് ചൂണ്ടിക്കാട്ടിയതുപോലെ, ‘കുടിശ്ശിക വരുത്തിയ കമ്പനികൾക്ക് പ്രതിഫലവും നിയമങ്ങൾ പാലിച്ചവർക്ക് ശിക്ഷയും നൽകുന്നതാണ് കേന്ദ്രനിയമം'. മൊത്ത നികുതി ഇതര വരുമാനത്തിന്റെ 70–80 ശതമാനവും ഖനനമേഖലയിൽനിന്ന് ലഭിച്ചിരുന്ന ജാർഖണ്ഡ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല ഭേദഗതി വെള്ളിടിയായി. സ്‌കൂളുകളും ആശുപത്രികളും നടത്താനുള്ള പണമാണ്‌ സംസ്ഥാനങ്ങൾക്ക്‌ നഷ്ടപ്പെട്ടത്‌. ഇത് ഫെഡറലിസമല്ല, മറിച്ച് ഖനനകുത്തകകൾക്കുവേണ്ടി കേന്ദ്രസർക്കാർ പകൽവെളിച്ചത്തിൽ നടത്തുന്ന ദല്ലാൾപ്പണിയാണ്. രണ്ടുതരം വായ്‌പക്കുടിശ്ശികക്കാർ ​പന്ത്രണ്ടുവർഷത്തിനിടെ ഭീമൻവ്യവസായികളുടെ 9.95 ലക്ഷം കോടി വായ്പ ബാങ്കുകൾ എഴുതിത്തള്ളിയതായി ധന സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. എഴുതിത്തള്ളൽ സാങ്കേതികംമാത്രമാണെന്നും തുക കണ്ടുകെട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ മറുപടി, തിരിച്ചുപിടിക്കലിലെ ഇ‍ൗ ഇരട്ടത്താപ്പ് വ്യക്തമാക്കും. ഒരുകോടിയും അതിൽ താഴെയും വായ്പയെടുത്ത ചെറു കടക്കാരിൽനിന്ന് ബാങ്ക്‌ എഴുതിത്തള്ളിയതിന്റെ 74 ശതമാനം കണ്ടുകെട്ടി. അതേസമയം, 100 കോടിയും അതിൽ കൂടുതലും വായ്‌പയെടുത്ത വൻകിടക്കാരിൽനിന്ന് തിരിച്ചുപിടിച്ചത് 15 ശതമാനംമാത്രവും. വൻ വായ്‌പത്തട്ടിപ്പുകാരിൽ ഒരാളുടെ പേരുപോലും വെളിപ്പെടുത്താൻ ബാങ്ക്‌ തയ്യാറായില്ല. 100 കോടിക്കുമുകളിൽ വായ്‌പയെടുത്തവരുടെ 35,715 കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡ 2021-–22 മുതൽ എഴുതിത്തള്ളിയത്. അതിൽ തിരിച്ചുപിടിച്ചത് 28 ശതമാനംമാത്രം. ​ചെറുകിടവായ്‌പകൾ എടുത്തവർക്ക്‌ ട്രിബ്യൂണൽ ഇല്ല, തിരിച്ചടവ് പദ്ധതി ഇല്ല. 99.97 ശതമാനം ഇളവുനൽകലും ഇല്ല. അവർക്ക് റിക്കവറി ഏജന്റിനെയും തഹസിൽദാരെയും നേരിടേണ്ടിവരുന്നു. ജപ്തിയെ തുടർന്നും ജപ്തി ഭയന്നും ജീവനൊടുക്കിയ കർഷകരും തൊഴിലാളികളും അനേകം. 2024ൽ 10,546 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ടിൽ വ്യക്തമായി. മണിക്കൂറിൽ ഒരാൾവീതം. ഇതിൽ 5913 പേർ ഭൂരഹിതരായ കർഷകത്തൊഴിലാളികളായിരുന്നു. മഹാരാഷ്ട്രയിൽമാത്രം 3824. അതേവർഷം 52,910 ദിവസവേതനക്കാരും ആത്മഹത്യ ചെയ്തു. രാജ്യത്തെ ആകെ ആത്മഹത്യകളിൽ മൂന്നിൽ ഒന്നും ഈ വിഭാഗക്കാരാണ്. 22,000 കോടി രൂപയുടെ വായ്‌പത്തട്ടിപ്പ് നടത്തി 6.25 കോടി രൂപ തിരിച്ചടച്ച്‌ സുഭാഷ് ചന്ദ്ര തടിയൂരുമ്പോൾ ഏതാനും ആയിരങ്ങൾമാത്രം കടമെടുത്ത വിദർഭയിലെ കർഷകർ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.



Deshabhimani
Home