ചടയൻ സ്മരണ പോരാട്ടങ്ങൾക്ക് കരുത്തേകും


എം വി ഗോവിന്ദൻ
Published on Sep 09, 2026, 01:30 AM | 3 min read
കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കെയാണ് സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ സഖാവിന്റെ വേർപാട് 1998 സെപ്തംബർ ഒമ്പതിനായിരുന്നു. ഏറ്റവും താഴെത്തട്ടുമുതൽ ഉന്നതതലംവരെ അരനൂറ്റാണ്ടുകാലം വിശ്രമരഹിതമായി പ്രവർത്തിച്ച ചടയൻ, കേരളം കണ്ട ഏറ്റവും മികച്ച കമ്യൂണിസ്റ്റ് സംഘാടകരിൽ ഒരാളായിരുന്നു. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ലാളിത്യത്തെ അദ്ദേഹം ജീവിതവ്രതമാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്.
കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസിക സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. പൊലീസ്–ഗുണ്ടാ വാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും.
1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ് മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുണ്ടായ വ്യതിയാനങ്ങൾക്കെതിരെ ശരിയായ മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കാഴ്ചപ്പാടോടെ പാർടിയോടൊപ്പം ഉറച്ചുനിന്നു.
വീട്ടിലെ സാമ്പത്തികനില മോശമായതിനാൽ അഞ്ചാംക്ലാസിൽ പഠനം അവസാനിപ്പിച്ചു. പ്രാഥമികവിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം, സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. തിരക്കിട്ട രാഷ്ട്രീയപ്രവർത്തനത്തിനിടയിലും വായനയ്ക്കും പഠനത്തിനും സമയം കണ്ടെത്തി. ആനുകാലിക രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതോടൊപ്പം ഉത്തമനായ കമ്യൂണിസ്റ്റ് എന്നനിലയിൽ പ്രത്യയശാസ്ത്രവിഷയങ്ങൾ ഹൃദിസ്ഥമാക്കാനും നിരന്തരം ശ്രദ്ധിച്ചു. നന്നേചെറുപ്പത്തിൽ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്നപ്പോഴും ചടയൻ രാഷ്ട്രീയകാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി.
അതുവഴി നെയ്ത്തുതൊഴിലാളിസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച് കല–സാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയുംമറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി സഖാവിന് ലഭിച്ചിരുന്നു.
1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു. 1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരുംമറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധപ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും നേരിടേണ്ടിവന്നു. കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിലാളികളും കർഷകരും സാധാരണക്കാരുമടങ്ങുന്ന ജനസാമാന്യം വലിയ ദുരിതത്തിലൂടെ കടന്നുപോകുന്പോഴാണ് ചടയൻ ഗോവിന്ദന്റെ 28–ാം ചരമവാർഷികദിനം ആചരിക്കുന്നത്. രാജ്യത്ത് യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ മോദിസർക്കാർ സാമ്പത്തികവളർച്ച കണക്കിൽ കബളിപ്പിക്കൽ നടത്തുന്ന തിരക്കിലാണ്. നടപ്പു സാമ്പത്തികവർഷം ആദ്യപാദത്തിൽ കൃത്രിമം കാട്ടിയാണ് 7.8 ശതമാനം വളർച്ച ഉണ്ടാക്കിയെടുത്തത്.
യഥാർഥത്തിൽ വളർച്ച 2.6 ശതമാനം മാത്രമാണെന്നാണ് വലതു സാമ്പത്തികവിദഗ്ധരുടെയടക്കം വിലയിരുത്തൽ. പ്രക്ഷോഭങ്ങളെയും സമരങ്ങളെയും സേനകളെ ഉപയോഗിച്ച് നിശ്ശബ്ദമാക്കുന്ന കേന്ദ്രസർക്കാരിന് ജനങ്ങൾ തിരിച്ചടി നൽകി തുടങ്ങിയിട്ടുണ്ട്. ബിഹാറിലെ ബങ്കിപുരിലും മധ്യപ്രദേശിലെ ദതിയയിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 30 വർഷം ബിജെപിക്കാർ പ്രതിനിധാനംചെയ്ത ബങ്കിപുരിലെ പരാജയം മോദിഭരണത്തിന് ഇളക്കമുണ്ടായതിന്റെ സൂചനയാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്ര കൊള്ളയും പുറത്തുവന്ന തെളിവുകളും തോൽവിക്ക് ആക്കംകൂട്ടി.
വന്ദേമാതരം പൂർണമായി ആലപിച്ച് അധികാരത്തിലേറിയ കേരളത്തിലെ കോൺഗ്രസ് മുന്നണി സർക്കാർ സമാന നിലപാടാണ് ഭരണത്തിലുടനീളം പിന്തുടരുന്നത്. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുമെന്ന് നെഹ്റുവിന്റെ കാലത്ത് കോൺഗ്രസ് നിലപാടെടുത്തിരുന്നു. കേരളത്തിലെ കോൺഗ്രസും അവരുടെ ഘടകകക്ഷികളും സംഘപരിവാർ ആശയങ്ങൾ പകർത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയ്ക്കനുസരിച്ച് വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിക്കുന്നതിന് കേരളം സാക്ഷ്യംവഹിച്ചു.
ഇതിൽ പ്രതിഷേധിച്ച വിദ്യാർഥിനേതാക്കൾക്കെതിരെ വധശ്രമമടക്കം ചുമത്തി കേസെടുത്തു; സമരനാളിൽ സ്ഥലത്തില്ലാതിരുന്നവരെയും പ്രതികളാക്കുന്നു. സർവകലാശാലാ നിയമം യുജിസി ചട്ടങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്യാമെന്ന് രേഖാമൂലം എഴുതിനൽകിയ യുഡിഎഫ് സർക്കാർ നടപടി ആർഎസ്എസ് അജൻഡയ്ക്ക് പൂർണമായ കീഴടങ്ങലാണ്. ഇതുവഴി സർവകലാശാലാ കാര്യങ്ങളിൽ സംഘപരിവാറിന് സ്വാധീനവും ആധിപത്യവും നേടാൻ അവസരമുണ്ടാകും. ആർഎസ്എസ് തലവനായിരുന്ന ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ കുനിഞ്ഞുനിന്ന് വിളക്ക് കൊളുത്തിയ വി ഡി സതീശൻ നയിക്കുന്ന സർക്കാരിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ.
ആർഎസ്എസിന് അനുകൂലമായ തീരുമാനങ്ങളെടുക്കുന്ന കോൺഗ്രസിനും ജനദ്രോഹനയങ്ങൾ സ്വീകരിക്കുന്ന ബിജെപി–യുഡിഎഫ് സർക്കാരുകൾക്കും എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകണം. ആ പോരാട്ടപാതയിൽ സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫിന് കരുത്തുപകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക് പ്രചോദനമേകും.














