ജനങ്ങളെ പിഴിയാൻ ഓരോ വഴികൾ

എസ് എസ് അനിൽ
Published on Sep 19, 2026, 01:00 AM | 3 min read
ഇരുപത്തിനാലു മണിക്കൂറും പണം പിൻവലിക്കാം, ബാങ്കിൽ കയറിയിറങ്ങേണ്ട, വരി നിൽക്കേണ്ട എന്നൊക്കെ പറഞ്ഞാണ് എടിഎമ്മുകളും സിഡിഎമ്മുകളും അവതരിപ്പിച്ചത്. ഒരു രൂപപോലും അധികം നൽകാതെ എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താമെന്നായിരുന്നു വാഗ്ദാനം. ഇന്ന് ആ സൗകര്യങ്ങളുടെയെല്ലാം യാഥാർഥ്യം സാധാരണക്കാർ തിരിച്ചറിയുന്നു. മിനിമം ബാലൻസിന്റെ പേരിൽ പിഴയും എടിഎം യൂസർ ചാർജുകളും എസ്എംഎസ് അലർട്ട് ഫീസുമെല്ലാമായി ജനങ്ങളുടെ അക്കൗണ്ടുകളിൽനിന്ന് പണം ചോർത്തുകയാണ്. പട്ടിക ഇങ്ങനെ നീളുന്നു.
ഇതിനിടയിലാണ് ഡിജിറ്റൽ ഇന്ത്യയുടെ പൊള്ളത്തരം തുറന്നുകാട്ടി മറ്റൊരു വാർത്ത. 2000 രൂപവരെയുള്ള യുപിഐ ഇടപാടുകൾക്ക് ഒരു ചാർജും ഈടാക്കരുതെന്ന് കേന്ദ്രം കർശന നിർദേശം നൽകിയിരിക്കുന്നു എന്നായിരുന്നു ആദ്യവാർത്ത. എന്നാൽ ഡിജിറ്റലായി, വലിയ സൗകര്യമായി എന്ന് പ്രചരിപ്പിച്ചവർ ഒടുവിൽ സാധാരണക്കാരുടെ തലയിൽ യുപിഐ ചാർജുകളുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ചെറിയ ചായക്കടമുതൽ വലിയ ഷോപ്പിങ് മാളുകൾവരെ നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ ഇടപാട് സംസ്കാരത്തിനുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്കുകൾ ഏർപ്പെടുത്താനാണ് കേന്ദ്രനീക്കം.
ഭഗവാനും സർവീസ് ചാർജ്!
2016-ലെ നോട്ട് നിരോധനത്തിനുശേഷമാണ് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾക്ക് വൻ പ്രചാരം ലഭിക്കുന്നത്. ചെറിയ കറൻസി നോട്ടുകളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ദൈനംദിന ഇടപാടുകൾ എളുപ്പമാക്കുന്നതിനും യുപിഐ സംവിധാനത്തെ സാധാരണക്കാരും ആശ്രയിച്ചുതുടങ്ങി, അഥവാ ആശ്രയിപ്പിച്ചുതുടങ്ങി. ഇപ്പോൾ 2000 രൂപയ്ക്കുമുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കാൻ ഒരുങ്ങുമ്പോൾ, അത് ജനങ്ങളുടെ നിത്യജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുക. വ്യാപാരികൾ ഓരോ ഇടപാടിനും നൽകേണ്ട തുക സ്വാഭാവികമായും ഇടപാടുകാരിൽനിന്നുതന്നെ പല രൂപത്തിലൂടെയും ഈടാക്കും. ഇന്ന് 2000നുമുകളിൽ, അതും വ്യാപാര ഇടപാടുകളിൽമാത്രമെന്നത് എല്ലാ ഇടപാടുകളിലേക്കും എത്തുന്ന കാലം വിദൂരത്തല്ല. ചില ആരാധനാലയങ്ങളിലെ ഹുണ്ടികകളുടെ മുന്നിൽപ്പോലും ഇപ്പോൾ ഡിജിറ്റൽ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കാണിക്കയായി ലഭിക്കുന്ന സംഖ്യക്ക് ഇനി ആരാധനാലയങ്ങൾക്കും (ഭഗവാനും) സർവീസ് ചാർജ് നൽകേണ്ടിവന്നേക്കാം!
നടപ്പ് സാമ്പത്തികവർഷം ഈ ചാർജുകളിലൂടെ 25,000 കോടിയോളം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ പേ തുടങ്ങി അമേരിക്കൻ കുത്തകകളാണ്. രാജ്യത്തെ യുപിഐ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് ഈ രണ്ടു കമ്പനികളാണ്. ഒരുകാലത്ത് ഒരുവിധ ഫീസുമില്ലാതെ സൗജന്യമായി നടന്നിരുന്ന ഇടപാടുകളിൽനിന്ന് വിദേശകുത്തകകൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കുകയാണ് കേന്ദ്രം.
പാർലമെന്റിലെ വാദപ്രതിവാദങ്ങളും സർക്കാരിന്റെ ഇരട്ടത്താപ്പും
രാജ്യസഭയിൽ ഈ വിഷയം ജോൺ ബ്രിട്ടാസ് ശക്തമായി ഉന്നയിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ അന്നു നൽകിയ മറുപടി ഓർക്കുന്നത് നന്നാകും. പ്രതിപക്ഷത്തെ, വിശേഷിച്ചും കമ്യൂണിസ്റ്റ് പാർടികളെ, ആകെ ആക്ഷേപിച്ചും വസ്തുതകൾ വളച്ചൊടിക്കുന്നു എന്നും ആരോപിച്ചുമാണ് ധനമന്ത്രി പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ, 2000 രൂപയ്ക്കുമുകളിൽമാത്രമേ ചാർജുള്ളൂ എന്നും അത് വ്യാപാരികൾക്കുമാത്രമാണ് ബാധകമെന്നുമാണ് ഇപ്പോൾ ന്യായീകരണം. പ്രതിമാസം ഒരുലക്ഷം രൂപവരെ ലഭിക്കുന്ന പേമെന്റുകൾക്ക് ഇളവ് നൽകുമെന്ന എൻപിസിഐയുടെ വിശദീകരണം കണ്ണിൽ പൊടിയിടാൻമാത്രമാണ്. പ്രതിമാസം ഒരുലക്ഷം എന്നാൽ പ്രതിദിനം വെറും 3000 രൂപയിൽ താഴെമാത്രമാണ്. ഇത് ചെറുകിട കച്ചവടക്കാരുടെ വരുമാനവുമായി തട്ടിച്ചുനോക്കിയാലും വളരെ തുച്ഛം.
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 2000 രൂപയ്ക്കുമുകളിലുള്ള പേമെന്റുകൾക്ക് ഫ്ലാറ്റ് ചാർജും 75,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ചാർജും ഏർപ്പെടുത്തുകയാണ്. വലിയ തുകകൾ വരുന്ന ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾക്ക് ഈടാക്കുന്നതിനേക്കാൾ എത്രയോ ഉയർന്ന നിരക്കാണ് യുപിഐയിൽ ഈടാക്കുന്നത്. ഇത് സർക്കാരിന്റെ ജനവിരുദ്ധനയത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്കുമേൽ ഇത്തരം അടിച്ചേൽപ്പിക്കലുകൾ വലിയ പ്രത്യാഘാതമുണ്ടാക്കും. മറുവശത്ത് 10 വർഷത്തിനിടെ വൻകിട കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകളാണ് സർക്കാർ എഴുതിത്തള്ളലുകളിലൂടെയും ഹെയർകട്ടുകളിലൂടെയും ഒഴിവാക്കിയത്.
ദേശീയതയുടെ പേരിൽ അമേരിക്കൻ കമ്പനികളെ പോഷിപ്പിക്കുന്നു
അമേരിക്കൻ കമ്പനികളുടെ താൽപ്പര്യങ്ങൾക്കുമുന്നിൽ സർക്കാരിന്റെ കീഴടങ്ങലാണ് യഥാർഥത്തിൽ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ യുപിഐ ഇടപാടുകളിൽ 80 ശതമാനവും നിയന്ത്രിക്കുന്നത് രണ്ട് അമേരിക്കൻ കമ്പനികളാണ്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേയും ഗൂഗിളിന്റെ ജിപേയും. ഈവർഷം യുപിഐ ഇടപാടുകളുടെ മൊത്തം മൂല്യം 400 ലക്ഷം കോടി രൂപയാണെങ്കിൽ, അതിൽ 320 ലക്ഷം കോടി രൂപയും കടന്നുപോകുന്നത് ഈ രണ്ട് അമേരിക്കൻ കമ്പനികളിലൂടെയാണ്. അതായത്, ഇപ്പോൾ ചുമത്തുന്ന യുപിഐ ഇടപാട് ചാർജിൽനിന്ന് ഈ കമ്പനികൾക്ക് വലിയ വിഹിതം ലഭിക്കും.
ലഭ്യമായ വിവരങ്ങൾപ്രകാരം ബാങ്കുകൾക്കും ചെറിയൊരു തുക ലഭിക്കും. ബാങ്കുകൾക്കുതന്നെ പൂർണമായും ഡിജിറ്റൽ സൗകര്യം നൽകാനാകുമെന്നിരിക്കെ, ബാങ്കിടപാടുകാരെ അമേരിക്കൻ കുത്തക കമ്പനികളുടെ കാൽക്കീഴിൽ കൊണ്ടുവച്ചതിൽ കേന്ദ്രത്തിന് വലിയ പങ്കുണ്ട്. ഫോൺപേയാണ് യുപിഐ ഇടപാടുകളുടെ 45 ശതമാനവും പ്രോസസ് ചെയ്യുന്നത്. ഫോൺപേ ഈവർഷം ഐപിഒ വഴി ഇന്ത്യൻ ഓഹരിവിപണിയിൽ എത്തിച്ചേരാൻ ശ്രമിച്ചിരുന്നെങ്കിലും അവരുടെ മൂല്യം 100 കോടി അമേരിക്കൻ ഡോളറിനേക്കാൾ താഴെയായതിനാൽ അവർ അത് നിർത്തിവച്ചു. ഇനി അവർ പ്രോസസ് ചെയ്യുന്ന യുപിഐ ഇടപാടുകളിലൂടെ, അതുവഴി ലഭിക്കുന്ന പുതിയ ചാർജുകളിലൂടെ ലാഭം കുന്നുകൂടുമ്പോൾ, അവരുടെ മൂല്യം യാന്ത്രികമായി വർധിക്കും. അതുവഴി ഇന്ത്യൻ വിപണിയിൽ അവർക്ക് കടന്നുകയറാനും വലിയ നേട്ടമുണ്ടാക്കാനും കഴിയും. ദേശീയത വിളമ്പുന്ന കേന്ദ്രസർക്കാരിന്റെ വിദേശ കോർപറേറ്റ് കൂറാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ചെറുകിടവ്യാപാരികളെയും തെരുവുകച്ചവടക്കാരെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന ഈ തീരുമാനം ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് നിർദേശം. ഈ നീക്കം തുടർന്നാൽ ജനങ്ങൾക്ക് നേരിട്ടുള്ള പണമിടപാടുകളിലേക്ക് തിരികെ പോകേണ്ടിവരും. എന്നാൽ, ചെറിയ കറൻസി നോട്ടുകളുടെ ദൗർലഭ്യം അതിനുള്ള സാധ്യതകൾ ഇല്ലാതാക്കി. ചുരുക്കത്തിൽ, നോട്ട് നിരോധിച്ചും കറൻസി ദൗർലഭ്യംവഴിയും ജനങ്ങളെ ഡിജിറ്റൽ ലോകത്തേക്ക് എത്തിച്ചശേഷം അവരെ പിഴിഞ്ഞ് ബഹുരാഷ്ട്ര കുത്തകകളുടെ കീശ വീർപ്പിക്കാൻ കളമൊരുക്കുകയാണ് യൂണിയൻ സർക്കാർ.
പൊതുമേഖല വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പേമെന്റ് സംവിധാനം ജനങ്ങൾക്ക് സുതാര്യവും ചെലവുകുറഞ്ഞതുമായിരിക്കണം. വിദേശകുത്തകകൾക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള മാർഗമാകരുത്. കേന്ദ്രത്തിന്റെ ജനവിരുദ്ധനടപടി പിൻവലിപ്പിക്കാൻ ട്രേഡ് യൂണിയനുകളും തൊഴിലാളികളും സാധാരണക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.














