Deshabhimani

Articles

ബാരിക്കേഡുകൾക്ക് ജനാധിപത്യശബ്ദം നിശ്ശബ്ദമാക്കാനാകില്ല

ബാരിക്കേഡുകൾക്ക് ജനാധിപത്യശബ്ദം നിശ്ശബ്ദമാക്കാനാകില്ല

Delhi protest
avatar
എം എ ബേബി

Published on Oct 13, 2026, 01:30 AM | 4 min read

ഏതാനും മാസങ്ങളായി ജന്തർ മന്തറിലെ ബാരിക്കേഡുകൾക്കുമുന്നിൽ നിരവധി പ്രതിഷേധങ്ങൾ അലയടിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനിൽ (ഇസിഐ) നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന അന്വേഷണാത്മക മാധ്യമ റിപ്പോർട്ട് പുതിയ പ്രതിഷേധതരംഗങ്ങൾക്ക്‌ വഴിവച്ചു; ഇത്തവണ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെയാണിത്‌. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം, ഇപ്പോൾ തെരഞ്ഞെടുപ്പുപ്രക്രിയയുടെ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള പോരാട്ടമായി വളർന്നിരിക്കുന്നു.


​മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ന്യൂഡൽഹി ജില്ലയിലാകെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്‌എസ്‌) 163-–ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒട്ടേറെ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും പ്രധാന റോഡുകളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഈ നടപടികളൊന്നും പ്രതിഷേധത്തെ തളർത്തിയില്ല. എന്നാൽ, ഡൽഹി പൊലീസ് നടത്തിയ കൂട്ടത്തോടെയുള്ള കസ്റ്റഡിയിലെടുക്കലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇനിയും ഉത്തരം കിട്ടാത്ത ഗൗരവമേറിയ ചില ചോദ്യങ്ങൾ ഉയർത്തി: ഈ തലസ്ഥാനം ആരുടേതാണ്? ഈ തെരുവുകൾ ആരുടേതാണ്?


​കഴിഞ്ഞ ജൂലൈയിൽ, തലസ്ഥാനത്തെ സ്ഥിരം പ്രതിഷേധവേദിയായ ജന്തർ മന്തർ, ഇക്കൊല്ലത്തെ അതുവരെയുള്ള ഏറ്റവും വലിയ യുവജനപ്രക്ഷോഭങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ചു. വലിയ വിജയമായി ആ പ്രക്ഷോഭം മാറുകയും ചെയ്‌തു. നീറ്റ്‌ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂലൈ 20-ന് നടന്ന പ്രതിഷേധങ്ങൾക്കുശേഷം ഡൽഹി പൊലീസ് ഈ പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്‌ വൻതോതിൽ വർധിപ്പിച്ചു. തെരുവുകൾ അടച്ചുപൂട്ടുന്നതും കൃത്രിമങ്ങൾവഴി ജനവിധി അട്ടിമറിക്കുന്നതും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്. സർക്കാരിനെതിരെ പ്രതിഷേധിക്കണമെങ്കിൽ പൗരർ ആദ്യം സർക്കാരിന്റെ അനുമതി തേടേണ്ട അവസ്ഥയാണ്. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കണമെന്ന നിബന്ധന ഡൽഹി പൊലീസ് നിർബന്ധമാക്കിയിരുന്നു. മർദിതർക്ക്‌ മർദകനെതിരെ സംസാരിക്കാൻ കഴിയുക മർദകൻ അതിനായി അനുമതി നൽകുമ്പോൾമാത്രമാണെന്ന അവസ്ഥയാണ്‌.


​സമരഭൂമിക നിഷേധിക്കപ്പെടുന്നു


രാജ്യതലസ്ഥാനത്ത്‌ പ്രതിഷേധിക്കാൻ ഇടം ഇല്ലാതാവുകയാണ്‌. ഒരുകാലത്ത് ഇവിടെ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിരുന്ന വേദി ബോട്ട് ക്ലബ്ബായിരുന്നു. പിന്നീട് അവിടെനിന്ന് ജന്തർ മന്തറിലേക്ക് മാറ്റി. എന്നാൽ ‘അനുമതി നിഷേധിച്ചു’ എന്ന കാരണം പറഞ്ഞ് അവിടേക്കുള്ള പ്രവേശനം പതിവായി തടയുന്നു. കോവിഡ്‌ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതുവരെ, മണ്ഡി ഹൗസിൽനിന്ന് ജന്തർ മന്തറിലേക്കോ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കോ ആയിരുന്നു പതിവായി പ്രതിഷേധറാലികൾ സംഘടിപ്പിച്ചിരുന്നത്. വലിയ റാലികൾ പലപ്പോഴും രാംലീല മൈതാനത്തുനിന്ന് ആരംഭിച്ച് പാർലമെന്റ് സ്ട്രീറ്റിൽ സമാപിക്കുമായിരുന്നു. അടച്ചുപൂട്ടലിനുശേഷം ചുരുക്കം ചില സന്ദർഭങ്ങളൊഴിച്ചാൽ, പ്രതിഷേധങ്ങൾക്ക് അനുമതി ലഭിച്ചിട്ടില്ലെന്നുതന്നെ പറയാം. ജനപ്രതിനിധികൾക്കുമുന്നിൽ ജനങ്ങൾ തങ്ങളുടെ വിയോജിപ്പും പ്രതിഷേധവും പ്രതീകാത്മകമായി പ്രകടിപ്പിച്ചിരുന്ന ഇടമായിരുന്നു പാർലമെന്റ് സ്ട്രീറ്റ്.


​ഇത്തരം നിരോധനങ്ങൾ നടപ്പാക്കാൻ നിയമപരമായ പിൻബലം ലഭിക്കുന്നത് ബിഎൻഎസ്‌എസ്‌ 163-–-ാം വകുപ്പിലൂടെയാണ്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 144–ാംവകുപ്പിനു പകരമായാണ് ഇത് കൊണ്ടുവന്നത്. ആവർത്തിച്ച് നിരോധനാജ്ഞകൾ പുറപ്പെടുവിക്കുന്നത് ഗുരുതര ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. പ്രകടനങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങൾ ഫലത്തിൽ പ്രതിഷേധങ്ങൾ പൂർണമായും തടയുന്നതിനുള്ള ഉപാധിയായി മാറ്റപ്പെടുകയാണോ എന്നതാണ് അതിൽ പ്രധാനം. സർക്കാരിനെയോ അതിന്റെ നയങ്ങളെയോ ചോദ്യംചെയ്യുന്ന പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കാൻ അധികാരികൾക്ക് നിയന്ത്രണാതീതമായ വിവേചനാധികാരം ലഭിക്കുന്നത് ആശങ്കാജനകമാണ്.


​2018-ൽ മസ്ദൂർ കിസാൻ ശക്തി സംഘടൻ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പുറപ്പെടുവിച്ച വിധിയിൽ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി അംഗീകരിക്കുകയും ജന്തർ മന്തറിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രതിഷേധങ്ങൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനുമുമ്പ്, 2012-ലെ രാംലീല മൈതാൻ കേസിലും ഇതേ തത്വം കോടതി ഉയർത്തിപ്പിടിച്ചു.


​ഇത് ഡൽഹിയിൽമാത്രം ഒതുങ്ങുന്ന കാര്യമല്ല. ബംഗളൂരുവിൽ ടൗൺ ഹാളിൽ നടന്നിരുന്ന പ്രതിഷേധങ്ങൾ ഫ്രീഡം പാർക്കിലേക്ക് മാറ്റി. പിന്നീട്‌ അവിടെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2022-ൽ കർണാടക ഹൈക്കോടതി പ്രതിഷേധങ്ങൾ ഫ്രീഡം പാർക്കിൽമാത്രമായി പരിമിതപ്പെടുത്തി. 2025 ഡിസംബറിൽ, ‘പുനരുദ്ധാരണ’പ്രവർത്തനങ്ങൾ മറയാക്കി പാർക്ക് പൂർണമായും അടച്ചുപൂട്ടുകയും വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുകയും ചെയ്തു.


​ഹൈദരാബാദിൽ ധർണാചൗക്കിൽമാത്രമാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്നത്. 2024-ന്റെ തുടക്കത്തിൽ ഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ, മുള്ളുവേലികൾ, കണ്ണീർവാതകപ്രയോഗം, കിടങ്ങുകൾ എന്നിവ ഉൾപ്പെടെയുള്ള തടസ്സങ്ങൾ നേരിടേണ്ടിവന്നു. തൊഴിലാളികളുടെ പണിമുടക്കുകളെയും വിദ്യാർഥികളുടെ മാർച്ചുകളെയും ലക്ഷ്യമിട്ടുള്ള കരുതൽ തടങ്കലുകൾ, നിരോധനാജ്ഞകൾ, ഇന്റർനെറ്റ് വിച്ഛേദിക്കൽ എന്നിവ വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകളുടെ പതിവുപ്രതികരണങ്ങളായി മാറിയിരിക്കുന്നു. രാജ്യത്താകെ ഈ പ്രവണതയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമായും ബിജെപിയാണ്‌; ആദ്യം പ്രതിഷേധങ്ങളുടെ വേദികൾ മാറ്റുന്നു, പിന്നീട് അവയെ നിശ്ചിത ഇടങ്ങളിൽ ഒതുക്കുന്നു, ഒടുവിൽ പൂർണമായും നിരോധിക്കുന്നു.


​വിയോജിപ്പുകളെ അടിച്ചമർത്താനാകില്ല


​അധികാരത്തിലിരിക്കുന്നവർ പൊതുമണ്ഡലത്തെ നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യുമ്പോഴെല്ലാം ജനസാമാന്യത്തിന് അതിനെ മറികടക്കാനുള്ള വഴികൾ കണ്ടെത്താനാകുമെന്ന് ചരിത്രം തെളിയിക്കുന്നു. 2011-ലെ തഹ്‌രീർ സ്‌ക്വയർ പ്രക്ഷോഭം, വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രസ്ഥാനം, പാരിസ് കമ്യൂൺ, പെട്രോഗ്രാഡ് സോവിയറ്റുകൾ എന്നിവ ഇതിന് ചില ഉദാഹരണങ്ങളാണ്.

പൗരത്വ നിയമ ഭേദഗതിക്കും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായി ഡൽഹി ഷഹീൻ ബാഗിൽ നടന്ന ചരിത്രപ്രസിദ്ധമായ കുത്തിയിരിപ്പുസമരം, 2020–21 കാലഘട്ടത്തിൽ ഡൽഹിയുടെ അതിർത്തികളിൽ നടന്ന കർഷകപ്രക്ഷോഭം, മഹാപടാവ്, കിസാൻ ലോങ് മാർച്ച് തുടങ്ങി ഇടതുപക്ഷ നേതൃത്വത്തിലുള്ള തൊഴിലാളി–-കർഷക മുന്നേറ്റങ്ങൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞവർഷങ്ങളിൽ ഇന്ത്യയും ഒട്ടേറെ വലിയ ജനകീയപ്രക്ഷോഭങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2023 നവംബറിൽ നടന്ന മൂന്നുദിവസം നീണ്ട മഹാപടാവ് പ്രക്ഷോഭത്തിൽ രാജ്യത്തുടനീളമുള്ള സംസ്ഥാന തലസ്ഥാനങ്ങളിലെ തെരുവുകളിലേക്ക് തൊഴിലാളികളും കർഷകരും വൻതോതിൽ ഒഴുകിയെത്തി.


​പുതിയ സമരകേന്ദ്രങ്ങൾതന്നെ പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ടുവരികയാണ്. ഭരണകൂടം ഔപചാരിക പൊതുമണ്ഡലത്തെ അടച്ചുപൂട്ടുമ്പോൾ, അതിനെതിരായ പ്രതിരോധം അതിർത്തികളിലും ദേശീയപാതകളിലും ക്യാമ്പസുകളിലും ഡിജിറ്റൽ ശൃംഖലകളിലും മഹല്ലുകളിലുമെല്ലാം പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നു. അടിച്ചമർത്തൽതന്നെയാണ് ഇത്തരം പ്രതിരോധങ്ങൾ വളർന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഓരോ ബാരിക്കേഡും ജനങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭകേന്ദ്രങ്ങളായി മാറുന്നു. വിയോജിപ്പുകളെ ഉത്തരവുകളിലൂടെ ഇല്ലാതാക്കാനാകില്ലെന്ന് മോഹൻ ഭാഗവതും നരേന്ദ്ര മോദിയും അമിത് ഷായും മനസ്സിലാക്കണം. ഇന്റർനെറ്റ് തടസ്സപ്പെടുത്തലും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടലും കരുതൽ തടങ്കലുകളും കൽത്തുറുങ്കിൽ അടയ്ക്കലുംവഴി ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.

​പാബ്ലോ നെരൂദ പറഞ്ഞതുപോലെ, “അവർക്ക് എല്ലാ പൂക്കളെയും ഇറുത്തുമാറ്റാൻ കഴിഞ്ഞേക്കും; എന്നാൽ വസന്തം വന്നെത്തുന്നത് തടയാൻ അവർക്കാകില്ല.” സ്വേച്ഛാധിപത്യപരമായ ആത്മവിശ്വാസം ദുർബലമായ അടിത്തറയിൽ കെട്ടിപ്പൊക്കിയതാണ്. അടിച്ചമർത്തൽ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ അടയാളവുമാണ്.


​നിഷേധിക്കപ്പെടുന്ന 
ജനാധിപത്യ അവകാശങ്ങൾ


​പൊതുമണ്ഡലത്തിലെ അവകാശപോരാട്ടങ്ങൾ ഭരണഘടനയെയും ജനാധിപത്യസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമാണ്. വോട്ടർപട്ടികകളുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) ദരിദ്രർ, കുടിയേറ്റ തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾക്കുനേരെ വോട്ടവകാശത്തിൽനിന്ന് പുറത്താക്കൽഭീഷണി ഉയർത്തുന്നു. ഹ്രസ്വകാല കുടിയേറ്റക്കാർ, നിരക്ഷരരായ വോട്ടർമാർ, വിവാഹിതരായ സ്ത്രീകൾ എന്നിവരൊക്കെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.


​തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം, കമീഷണർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും നിയമനപ്രക്രിയയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്‌ കൈമാറുകയും ചെയ്തു. സിവിൽ, ക്രിമിനൽ നടപടികളിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് ആജീവനാന്തവും സമ്പൂർണവുമായ സംരക്ഷണവും ഈ നിയമം നൽകുന്നു. രാഷ്ട്രപതിക്കുപോലും പദവിയിലിരിക്കുന്ന കാലത്തേക്കുമാത്രമാണ് ഈ സംരക്ഷണം ലഭിക്കുക.


​പൊതുമണ്ഡലത്തിൽ പ്രതിഷേധങ്ങളെ തടയുകയും രഹസ്യമായി വോട്ടർപട്ടികകളിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നതിലൂടെ, ബിജെപി സർക്കാർ നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ തകർക്കുന്നു. ജനാധിപത്യ, -മതനിരപേക്ഷ ശക്തികൾ തെരുവിനെയും കോടതിയെയും ബാലറ്റിനെയും ഒരൊറ്റ ജനാധിപത്യമുന്നേറ്റത്തിന്റെ ഭാഗങ്ങളായി കൂട്ടിയിണക്കണം.


​പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങളുടെ സഹജമായ അവകാശമാണ്. സ്വാതന്ത്ര്യസമരത്തിലൂടെ നേടിയെടുത്ത ഈ അവകാശം ഭരണഘടനയുടെ 19–ാം അനുച്ഛേദത്തിൽ ഉറപ്പുനൽകിയിട്ടുള്ളതാണ്. ജന്തർ മന്തറിലും പാർലമെന്റ് സ്ട്രീറ്റിൽ ഉടനീളവും സമ്മേളിക്കാനും മാർച്ച് നടത്താനുമുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ന്യൂഡൽഹിയിൽ ബിഎൻഎസ്‌എസ്‌ 163–ാംവകുപ്പ് സ്ഥിരമായും വിവേചനരഹിതമായും അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.


സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരായ തടങ്കൽ നടപടികളും അക്രമാസക്തമായ അടിച്ചമർത്തലും സർക്കാർ അവസാനിപ്പിക്കണം. അധികാരികൾ ജന്തർ മന്തറിൽ ബാരിക്കേഡുകൾ തീർക്കുകയാണെങ്കിൽ, ആ തടസ്സങ്ങളെ ധിക്കരിക്കുകമാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെന്ന നിലയിൽ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എണ്ണമറ്റ ജന്തർ മന്തറുകൾ സൃഷ്ടിക്കുകയും ചെയ്യും. ജനാധിപത്യം പ്രയോഗത്തിൽ കൊണ്ടുവന്നുമാത്രമേ അതിനെ സംരക്ഷിക്കാനാകൂ. ജനാധിപത്യം പ്രയോഗത്തിൽ വരുത്താൻ സാധ്യമായ ഏറ്റവും വിശാലമായ പോരാട്ടം കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

വസന്തം വന്നെത്തുകതന്നെ ചെയ്യും.



Deshabhimani
Home