‘മുടിവെട്ടി’ന്റെ മറവിലെ ബാങ്ക് കൊള്ള

എസ് എസ് അനിൽ
Published on Sep 04, 2026, 01:30 AM | 3 min read
രാജ്യത്തെ പൊതുസമ്പത്തും അധ്വാനിക്കുന്ന ജനങ്ങളുടെ സമ്പാദ്യവും വൻകിട കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന സാമ്പത്തിക കൊള്ളയാണ് "ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്' (ഐബിസി) എന്ന നിയമത്തിന്റെ മറവിൽ അരങ്ങേറുന്നത്. സീ ഗ്രൂപ്പ് സ്ഥാപകനും മുൻ രാജ്യസഭാംഗവുമായ സുഭാഷ് ചന്ദ്രയ്ക്ക് ധനസ്ഥാപനങ്ങൾ നൽകാനൊരുങ്ങിയ ഒത്തുതീർപ്പ് ഈ പകൽക്കൊള്ളയുടെ യഥാർഥ മുഖം ഒന്നുകൂടി വ്യക്തമാക്കുന്നു.
ചന്ദ്രയ്ക്ക് കിട്ടാനിരുന്നത് 99.97 ശതമാനം മുടിവെട്ട്
വിവിധ ധനസ്ഥാപനങ്ങൾക്കായി സുഭാഷ് ചന്ദ്ര നൽകാനുണ്ടായിരുന്ന കുടിശ്ശിക 22,006.57 കോടി രൂപയാണ്. എന്നാൽ ഐബിസി ചട്ടപ്രകാരം നിശ്ചയിച്ച തിരിച്ചടവ് തുക 6.25 കോടി രൂപ മാത്രം; മറ്റ് ചെലവുകൾക്കായി 25 ലക്ഷം രൂപയും. ആകെ കിട്ടാനുള്ള തുകയുടെ കേവലം 0.03 ശതമാനം ഈടാക്കി ബാക്കി 22,000 കോടിയോളം രൂപ ബാങ്കുകൾ ഉപേക്ഷിക്കുന്നു– 99.97 ശതമാനം ഹെയർകട്ട് അഥവാ പച്ചമലയാളത്തിൽ മുടിവെട്ട്.
ഈ കേസിൽ ഉൾപ്പെട്ട പൊതുമേഖലാ ബാങ്കുകൾ കനറ ബാങ്കും , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും മാത്രമാണ്; മറ്റുള്ളവയെല്ലാം സ്വകാര്യ ബാങ്കുകളും ധനസ്ഥാപനങ്ങളുമാണ്. ഇതിൽ കനറ ബാങ്കിന് ലഭിക്കാനുണ്ടായിരുന്ന 352.10 കോടി രൂപയ്ക്ക് പകരമായി നിശ്ചയിച്ചത് വെറും 10 ലക്ഷം രൂപയാണ്–നഷ്ടം 352 കോടി. യൂണിയൻ ബാങ്കിന് ലഭിക്കേണ്ട 167.25 കോടി രൂപയ്ക്ക് പകരം ലഭിക്കുന്നത് വെറും 4.75 ലക്ഷം രൂപയും–നഷ്ടം 167.20 കോടി. ഇൗ കടുംവെട്ട് തീരുമാനം എൻസിഎൽടി(നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അവിഹിത ഒത്തുതീർപ്പുകൾക്ക് നിയമസാധുത നൽകുന്ന സംവിധാനമാണ് ഇവിടെ മറനീക്കുന്നത്.
മൊത്തം ഇളവ് 10 ലക്ഷം കോടി
കഴിഞ്ഞ 10 വർഷംമാത്രം രാജ്യത്തെ വാണിജ്യ ബാങ്കുകൾ പാർലമെന്റിൽ ഔദ്യോഗികമായി അറിയിച്ച് എഴുതിത്തള്ളിയത് 18,76,593 കോടി രൂപയാണ്. ഇതിന് പുറമേയാണ് ഐബിസി വഴിയുള്ള കോർപറേറ്റ് മുടിവെട്ട്. ഇതുവഴിയുള്ള നഷ്ടം ഔദ്യോഗിക "എഴുതിത്തള്ളൽ' കണക്കുകളിൽ റിസർവ് ബാങ്കോ ധനമന്ത്രാലയമോ ഉൾപ്പെടുത്താറില്ല. പാർലമെന്റിൽ ഈ ചോദ്യമുയർന്നപ്പോൾപ്പോലും നഷ്ടത്തിന്റെ കൃത്യമായ കണക്കുകൾക്ക് പകരം, തിരിച്ചുപിടിച്ച നാമമാത്ര തുകകൾമാത്രം നിരത്തി തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. 2016-ൽ ഐബിസി നിലവിൽ വന്നശേഷം തീർപ്പുകൽപ്പിച്ച 1419 അക്കൗണ്ടുകളിലൂടെ ഏകദേശം 14.14 ലക്ഷം കോടി രൂപയുടെ കുടിശ്ശികയ്ക്ക് പകരമായി ബാങ്കുകൾക്ക് ലഭിച്ചത് വെറും നാല് ലക്ഷം കോടിയോളം രൂപ മാത്രമാണ്. 10 ലക്ഷം കോടിയിലധികം രൂപ ബാങ്കുകൾ ‘മുടിവെട്ട്' എന്ന പേരിൽ കുത്തകകൾക്ക് വിട്ടുകൊടുത്തു.
2021 ജൂണിൽ വീഡിയോകോൺ വേദാന്ത ഗ്രൂപ്പിന് കൈമാറിയപ്പോൾ പൊതുമേഖലാ ബാങ്കുകൾക്കുണ്ടായ നഷ്ടം പരിശോധിച്ചാൽ ഈ ഒത്തുതീർപ്പുകളുടെ യഥാർഥ ചിത്രം വ്യക്തമാകും.
എസ്ബിഐക്ക് ലഭിക്കേണ്ടിയിരുന്ന 11,151 കോടി രൂപയിൽ ലഭിച്ചത് 545 കോടി രൂപ മാത്രം–നഷ്ടം 10,606 കോടി രൂപ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിക്കേണ്ട 5600 കോടി രൂപയിൽ ലഭിച്ചത് 274 കോടി രൂപ മാത്രം–നഷ്ടം 5326 കോടി രൂപ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിക്കേണ്ട 5207 കോടി രൂപയിൽ ലഭിച്ചത് 255 കോടി രൂപ മാത്രം–നഷ്ടം 4952 കോടി രൂപ. ബാങ്ക് ഓഫ് ബറോഡയ്ക്ക് ലഭിക്കേണ്ട 4281 കോടി രൂപയിൽ ലഭിച്ചത് 209 കോടി രൂപ മാത്രം–നഷ്ടം 4072 കോടി രൂപ. കനറ ബാങ്കിന് ലഭിക്കേണ്ട 3674 കോടി രൂപയിൽ ലഭിച്ചത് 180 കോടി രൂപ മാത്രം–നഷ്ടം 3494 കോടി രൂപ. ഈ ഭീമമായ മുടിവെട്ടലിൽ അന്ന് ഒരു ബാങ്കിനും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല; വലിയ മാധ്യമവാർത്തകളും വന്നില്ല. ഇപ്പോൾ ചില ധനകാര്യ സ്ഥാപനങ്ങൾ പ്രതികരിച്ചതും സ്റ്റേ നടപടിയും ശ്രദ്ധതിരിക്കൽ തന്ത്രത്തിന്റെ ഭാഗമാണെന്ന് സംശയിക്കണം. ചിലരുടെ മുഖംമിനുക്കൽ ശ്രമത്തിന്റെ ഭാഗമാണെന്നും കരുതേണ്ടിയിരിക്കുന്നു.
കോർപറേറ്റ് കേന്ദ്രീകരണം
ബാങ്കുകളെ പാപ്പരാക്കി അവയുടെ ആസ്തികൾ തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കാൻ വൻകിട കുത്തകകൾക്ക് ഈ സംവിധാനം വഴിതുറക്കുന്നു. ബാങ്കുകൾക്ക് 61,832 കോടി രൂപ നൽകാനുണ്ടായിരുന്ന 10 കമ്പനികളുടെ കിട്ടാക്കടങ്ങൾ ഐബിസി വഴി മുടിവെട്ട് നടത്തി, വെറും 15,977 കോടി രൂപയ്ക്കാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവും അടുത്ത ചങ്ങാത്ത മുതലാളിയായ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. സാധാരണക്കാരന്റെ നിക്ഷേപങ്ങൾകൊണ്ട് വളർന്ന ബാങ്കുകൾ ഇത്തരം "മുടിവെട്ട്' നഷ്ടം സഹിക്കുമ്പോൾ, വൻകിട കോർപറേറ്റുകൾ കുറഞ്ഞ ചെലവിൽ പുതിയ വ്യവസായ സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു.
ബാങ്ക് ജീവനക്കാരുടെ പോരാട്ടം
ബാങ്കിങ് മേഖലയിൽ നടക്കുന്ന കൊള്ളകളും പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണ നീക്കങ്ങളും ജനമധ്യത്തിൽ എത്തിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ നിർണായക പങ്കാണ് വഹിക്കുന്നത്. ജീവനക്കാരുടെ സംഘടനകളുമായി ഒപ്പുവച്ച കരാറുകൾപോലും ഏകപക്ഷീയമായി ലംഘിച്ചും പ്രകോപനങ്ങൾ സൃഷ്ടിച്ചുമാണ് സർക്കാർ ഇവരെ പണിമുടക്കിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ടുതന്നെ, സെപ്തംബർ 11, 28, 29, 30 തീയതികളിലും ഒക്ടോബർ 26 മുതൽ അനിശ്ചിതകാലത്തേക്കും പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കുകൾ കേവലം ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് മാത്രമുള്ളതല്ല; രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുന്ന കോർപറേറ്റ് കൊള്ളനയങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയാണ്.
സുഭാഷ് ചന്ദ്രയുടെ കേസിൽ സ്റ്റേ ലഭിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. 2016 മുതൽ ഐബിസി വഴി നടപ്പാക്കിയ ഒത്തുതീർപ്പുകൾ സമഗ്രമായ ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. കോർപറേറ്റ് ധനസഹായത്തിന് തുല്യമായി മാറിയ "ഹെയർകട്ട്' വ്യവസ്ഥകളിൽ അടിയന്തര നിയന്ത്രണങ്ങളും സുതാര്യതയും കൊണ്ടുവരേണ്ടതുണ്ട്. പൊതുസമ്പത്ത് സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ പൊതുസമൂഹവും അണിനിരക്കേണ്ടതുണ്ട്.
(ലേഖകൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റാണ്)














