മികച്ച സംഘാടകൻ; സമരധീരൻ


എം വി ഗോവിന്ദൻ
Published on Sep 23, 2026, 12:00 AM | 3 min read
സ.അഴീക്കോടൻ രാഘവന്റെ 54–-ാം രക്തസാക്ഷിത്വ വാർഷിക ദിനമാണ് ഇന്ന്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും അന്നത്തെ ഐക്യമുന്നണിയുടെ കൺവീനറുമായിരിക്കെയാണ് മാർക്സിസ്റ്റ് വിരുദ്ധ ശക്തികൾ സഖാവിനെ കൊലക്കത്തിക്ക് ഇരയാക്കിയത്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകൻ, എതിർപ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരൻ, പ്രശ്നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്ത നേതാവ് എന്നീ വിശേഷണത്തിനെല്ലാം അർഹനായ ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു അഴീക്കോടൻ; ഏവർക്കും പ്രിയപ്പെട്ട സഖാവായിരുന്നു. പാർടി പരിപാടിയിൽ പങ്കെടുക്കാനായി അദ്ദേഹം തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷ ശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്ന് നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായി.
വളരെ സാധാരണ തൊഴിലാളികുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന് അടുത്തായിരുന്നു വീട്. അഞ്ചാം ക്ലാസുവരെ പഠിച്ചു. സൈക്കിൾ-–പെട്രോമാക്സ് കടയിലെ ജോലിക്കാരനായി. അതിനുശേഷം ചെറുപ്രായത്തിൽ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാപ്രവർത്തകനും പ്രസംഗവേദികളിലെ ശ്രദ്ധേയ സാന്നിധ്യവുമായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന് പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു.
സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടൻ. പാർടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതിൽ ത്യാഗനിർഭര പ്രവർത്തനമാണ് അഴീക്കോടൻ നടത്തിയത്. തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെയും ഒരുമിച്ച് അണിനിരത്തി പ്രക്ഷോഭപാതകൾക്ക് അദ്ദേഹം കരുത്തുപകർന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു.
സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1964ൽ സിപിഐ എം രൂപീകരണഘട്ടത്തിൽ അനന്യമായ സംഘാടനവൈഭവം പ്രകടിപ്പിച്ചു. മാർക്സിസം ലെനിനിസത്തിന്റെ ആശയപരവും പ്രായോഗികവുമായ അടിത്തറയിൽ ഉറച്ചുനിന്ന് രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച തൊഴിലാളിവർഗ നേതാവായിരുന്നു അഴീക്കോടൻ. 1967ൽ ഐക്യമുന്നണി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധിതവണ നേരിട്ടു. അശേഷം പതറാതെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെട്ടു; ക്രൂരമർദനം അനുഭവിക്കേണ്ടി വന്നു. 1950, 1962, 1964 വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.
പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടു. ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാപ്രവർത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നൽകി.
1969ൽ ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായി. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തി.
സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരം വരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ അഴീക്കോടൻ ദിനാചരണം.
സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ, തൃശൂർ ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റുമരിച്ച സഖാവിന്റെ മൃതദേഹം, ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് അത്രമേൽ നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്.
ബിജെപിയുടെ സഹായത്തോടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫിന്റെ ജനദ്രോഹ നടപടികൾ തുടരുമ്പോഴാണ് ഈ വർഷത്തെ അഴീക്കോടൻ ദിനം കടന്നുപോകുന്നത്. പത്തുവർഷം എൽഡിഎഫ് സർക്കാർ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനപദ്ധതികൾക്കും വി ഡി സതീശൻ സർക്കാർ വിള്ളൽ വീഴ്ത്തുന്നതിനും കേരളം സാക്ഷ്യം വഹിക്കുകയാണ്. പൊതുജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായിരുന്ന സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾപോലും ഇന്ന് ആവശ്യത്തിന് ലഭ്യമല്ല. അധികാരത്തിലേറി വിരലിലെണ്ണാവുന്ന മാസം മാത്രമേ പൂർത്തിയായിട്ടുള്ളൂവെങ്കിലും പത്തുവർഷത്തിനുശേഷം ലോഡ്ഷെഡിങ് നിത്യസംഭവമാക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഇതിനുള്ള പ്രതിവിധി കണ്ടെത്തുന്നതിനുപകരം ലോഡ്ഷെഡിങ്ങിനെ ന്യായീകരിക്കുന്ന തിരക്കിലാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയാകട്ടെ കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴിക്കുന്നു.
സർക്കാരിനെതിരായി സമൂഹമാധ്യമങ്ങളിൽ രംഗത്തുവരുന്നവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് വ്യഗ്രത കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണരുടെ നീക്കത്തിന് എല്ലാ പിന്തുണയുമായി യുഡിഎഫ് സർക്കാർ രംഗത്തുണ്ട്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കം. അവാസ്തവ കാര്യങ്ങളും വ്യാജവാർത്തകളും നിരന്തരം സൃഷ്ടിച്ച് സിപിഐ എമ്മിനെ ഇകഴ്ത്താനാണ് വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടായ ശ്രമം.
തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയ മോദി സർക്കാർ വിദ്യാർഥി- യുവജന പ്രക്ഷോഭത്തിൽ പകച്ചുപോയി. ഒടുവിൽ, ജനങ്ങൾ യുപിഐ ഇടപാടുകൾക്കുവരെ അധിക പണം നൽകണമെന്ന സ്ഥിതിയാണ് രൂപംകൊണ്ടിരിക്കുന്നത്. യുപിഐ വഴി 2000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വാണിജ്യ ഇടപാടുകൾക്കും 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. യുഎസിനും കുത്തകകൾക്കും വേണ്ടി രാജ്യത്തെ സാധാരണക്കാർക്കുമേൽ ഭാരം ചുമത്തുകയാണ് മോദി സർക്കാർ. ഇന്ത്യ ആദായകരമായ വിലയിൽ റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക 100 ശതമാനം പ്രതികാരച്ചുങ്കം ചുമത്തുമ്പോൾ നോക്കിനിൽക്കാൻ മാത്രമേ മോദിസർക്കാരിന് സാധിക്കുന്നുള്ളൂ. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന കോർപറേറ്റ്-–ഹിന്ദുത്വ അജൻഡയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് സഖാവ് അഴീക്കോടന്റെ സ്മരണ കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല. ആ ഓർമകൾക്കുമുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.














