ശ്രാവസ്തി കവിതാപുരസ്കാരം ഷാജു വി വിയുടെ സൊമാറ്റോ ഡെലിവറി ബോയിക്ക്

2026-ലെ ശ്രാവസ്തി കവിതാപുരസ്കാരം ഷാജു വി.വി. യുടെ സൊമാറ്റോ ഡെലിവറി ബോയ് എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.
കവിതാ നിരൂപകനും വിവർത്തകനുമായ ഡോ പി സുരേഷ് അധ്യക്ഷനും കവിയും ഗ്രന്ഥകാരിയും കോളേജ് അധ്യാപികയുമായ നൂറ വി , കവിയും അധ്യാപകനുമായ വിഷ്ണുപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ശ്രാവസ്തി, മലയാളവിഭാഗത്തിലെ അധ്യാപകനും ചിന്തകനുമായിരുന്ന ഡോ പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ശ്രാവസ്തി കവിതാപുരസ്കാരം.
2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളകവിതാസമാഹാരങ്ങളിൽ നിന്നാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
'മലയാളകവിത വ്യത്യസ്തമായ വഴികളിലൂടെ പുതിയ ഭാവുകത്വത്ത അഭിസംബോധന ചെയ്യുന്നതിൻ്റെ ധീരമായ ശ്രമങ്ങളായിരുന്നു പരിശോധിച്ച സമാഹാരങ്ങളിലെല്ലാം കാണാൻ കഴിഞ്ഞത്. ഭാഷ, ദർശനം, പ്രമേയം, നിരീക്ഷണം തുടങ്ങിയവയിലെല്ലാം സ്വയം പുതുക്കാനും മലയാളകവിതയെ നവീകരിക്കാനും ഈ കവികൾക്കു കഴിയുമെന്നകാര്യത്തിൽ തർക്കമില്ല': ജൂറി അഭിപ്രായപ്പെട്ടു.
ഷാജു വി വി യുടെ സൊമാറ്റോ ഡെലിവറി ബോയ് എന്ന കവിതാസമാഹാരം മലയാളകവിത പിന്തുടർന്നുവരുന്ന ശീലങ്ങളെ അടിമുടി പുതുക്കാൻ കഴിയുന്ന മട്ടിൽ വിധ്വംസകമായ ഭാവനയും ഭാഷയും ഉൾവഹിക്കുന്നു. ദാർശനികമായ കാഴ്ചകളുടെയും മൗലിക നിരീക്ഷണങ്ങളുടെയും ആഴത്തിലുള്ള സവിശേഷ ജീവിതാവിഷ്കാരങ്ങളാണ് ഷാജുവിൻ്റെ സമാഹാരത്തിലുള്ളതെന്നും ജൂറി ഏകകണ്ഠേന തയ്യാറാക്കിയ കുറിപ്പിൽ അറിയിച്ചു.










0 comments