Deshabhimani

print edition സ്നേഹത്തിന്റെ സുഗന്ധം

Art

‘പെർഫ്യൂം’ നാടകത്തിൽ അപ്പുണ്ണി ശശി

avatar
കെ വി കരുണാകരൻ

Published on Oct 18, 2026, 01:30 AM | 1 min read

അപ്പുണ്ണിക്കഥകളിലൂടെ അരങ്ങിന്റെ ഹൃദയം കവർന്ന അപ്പുണ്ണി ശശിയുടെ പുതിയ നാടകമാണ് "പെർഫ്യൂം’. സ്വന്തം പേരിനൊപ്പം നാടകം ചേർത്തു പറയുന്ന അപൂർവം നടന്മാരേ നമുക്കിടയിലുള്ളൂ. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളുടെ അവതരണത്തിലൂടെയാണ് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ ശശി അപ്പുണ്ണി ശശിയായത്. അയ്യായിരത്തിലധികം വേദികളിൽ നിറഞ്ഞാടിയ ഈ കഥാപാത്രം പ്രേക്ഷക മനസ്സിൽ എന്നും ജീവിക്കുന്നു.


ശ്രദ്ധേയമായ ഒറ്റയാൾ നാടകങ്ങൾ പിറന്നു വീണ മണ്ണാണിത്. കരിവെള്ളൂർ മുരളി എഴുതി സംവിധാനം ചെയ്ത് രജിതാ മധു അരങ്ങിലാടിത്തിമിർത്ത അബുബക്കറിന്റെ ഉമ്മയുൾപ്പെടെ നിരവധി നാടകങ്ങൾ. നിരവധി പേർ അണിനിരക്കുന്ന നാടകങ്ങൾക്കൊപ്പം ഒറ്റയാൾ നാടകങ്ങൾക്കും പ്രസക്തിയുണ്ടെന്ന് തെളിയിച്ചവ.


ഒരാൾ വിവിധ കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്ന നാടകങ്ങൾക്ക് മേന്മയെക്കാളേറെ പ്രതിസന്ധിക്കാണ് സാധ്യത. പരിക്കില്ലാതെ അരങ്ങനുഭവമുണ്ടാക്കാനായില്ലെങ്കിൽ തകർന്നു പോകാവുന്നവ. അവിടെയാണ് അപ്പുണ്ണി ശശി എന്ന നാടകപ്രതിഭ അഭിനയചാതുരികൊണ്ട് സദസ്യരെ വിസ്മയിപ്പിക്കുന്നത്.


സമകാലിക സാമൂഹിക ജീവിതത്തെ വിമർശവിധേയമാക്കുന്നതോടൊപ്പം ചുറ്റുപാടിലേക്ക് സുഗന്ധം പ്രസരിപ്പിക്കുന്ന അനുഭവമുണ്ടാക്കുന്ന നാടകമാണ് പെർഫ്യൂം. കള്ളനെന്ന് മുദ്രകുത്തപ്പെട്ട ഒരാൾക്ക് സമൂഹം നൽകുന്ന സ്നേഹവും സ്നേഹരാഹിത്യവുമാണ് പ്രമേയം.

കുടുംബ ബന്ധത്തിന്റെ ആഴവും ആർദ്രതയും തീവ്രമായി അവതരിപ്പിക്കുന്ന നാടകമാണിത്. ആറ് വ്യത്യസ്ത കഥാപാത്രങ്ങളായി ശശി രംഗത്തു വരുന്നുണ്ട്. ഈ പകർന്നാട്ടം ആസ്വാദകരെ അത്ഭുതപ്പെടുത്തും.


ഒരു ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ കഥാപാത്രങ്ങളെ അദ്ദേഹം അമ്മാനമാടുകയാണ്. ഉദിനൂർ തിയറ്റർ വില്ലേജിന്റെ വേദിയിലാണ് ‘പെർഫ്യൂ’മിന്റെ അരങ്ങേറ്റം. നിരവധി രംഗപാഠങ്ങളിലൂടെ അരങ്ങുണർത്തിയ ഇ വി ഹരിദാസാണ് സംവിധായകൻ. നാടകത്തിന്റെ സംഗീതം, സെറ്റ് ഡിസൈൻ എന്നിവയെല്ലാം നിർവഹിച്ചത് സംവിധായകനാണ്. നടനെയും രചനയെയും തിരിച്ചറിഞ്ഞ ലളിതസുന്ദരമായ ആവിഷ്കാരമാണ് പെർഫ്യൂം. അൻവിക എന്ന കൊച്ചുമിടുക്കിയും അൽപ്പസമയം അരങ്ങിലെത്തുന്നു.


അർജുൻ വെള്ളിക്കോത്താണ് സംഗീത നിയന്ത്രണം. ഒരു കൊല്ലത്തെ കഠിനാധ്വാനത്തിലൂടെയാണ് അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ നാടകങ്ങൾ പിറക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികൾ. 30 വർഷം മുമ്പ് അരങ്ങിലെത്തിയ തെരഞ്ഞെടുപ്പ് എന്ന ഒറ്റയാൾ നാടകം 3500 വേദിയിലെത്തി. ഹൈദരാബാദിൽ പൈതൃകോത്സവത്തിലും ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, ഫരീദാബാദ് എന്നിവിടങ്ങളിലെല്ലാം അപ്പുണ്ണി നാടകങ്ങൾ കളിച്ചു. അപ്പുണ്ണി ശശി 104 സിനിമയിൽ അഭിനയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home