ad
Deshabhimani

പുതിയ വാഴ ഇനങ്ങൾ; വളർച്ചയിലും വിളവിലും മെച്ചം

plantain farming
avatar
മലപ്പട്ടം പ്രഭാകരന്‍

Published on Aug 14, 2026, 02:48 PM | 2 min read

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ വാഴ ഗവേഷണകേന്ദ്രം വികസിപ്പിച്ച വാഴ ഇനങ്ങൾ ഏറെ വ്യത്യസ്തത പുലർത്തുന്നതും മികച്ച ഉൽപ്പാദനശേഷിയും രോഗപ്രതിരോധ ശക്തിയുള്ളവയുമാണ്‌. കേരളത്തിന്റെ മണ്ണിനും മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയും പ്രതികരിച്ച് വളരാനും പിണ്ടിപ്പുഴുവിനെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്‌. അവയെപ്പറ്റി:

പൊപൗലു (പസഫിക് പ്ലാന്റൈൻ)


പസഫിക് ദ്വീപ്‌ സമൂഹത്തിലെ പ്രത്യേക ഇനം വാഴയെ കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായി വളരുന്നതിനും തടപ്പുഴുവിനെ നേരിടാനുള്ള പ്രതിരോധം സന്നിവേശിപ്പിച്ചും വികസിപ്പിച്ച പുതിയ ഇനമാണിത്. ടിഷ്യുകൾച്ചർ രൂപത്തിൽ വികസിപ്പിച്ച ഇനങ്ങളും അടുത്ത കാലത്തായി വിതരണം ചെയ്യുന്നുണ്ട്.


രുചിയിലും നിറത്തിലും നേന്ത്രനോട് സമാനം. വിളവെടുപ്പ് കാലയളവും അതുപോലെ തന്നെ (10–-11 മാസം). പഴമായും കറിക്കായയായും ഉപയോഗിക്കാം. ഇളം പച്ചനിറമുള്ള കായകൾ പഴുക്കുമ്പോൾ ആകർഷകമായ മഞ്ഞ നിറം ഉണ്ടാകും. ശരാശരി ഏഴ്‌ പടലകളും 75–-80 വരെ കായകളും ഉണ്ടാകും. വാഴയുടെ ശത്രുകീടമായ തടപ്പുഴു (പിണ്ടിപ്പുഴു)വിനെയും ഇലപ്പുള്ളി രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്‌ക്കുണ്ട്. 20–-25 കിലോഗ്രാം വരെ തുക്കവും ഉണ്ടാകും.


​ഫിയ- 03


കറിക്കായയായി ഉപയോഗിക്കാൻ അനുയോജ്യമായ ഒരു സങ്കരയിനം വാഴയാണ്‌ ഫിയ -03 (PHIA-03). ഉൽപ്പാദനശേഷിയും രോഗപ്രതിരോധ ശേഷിയും ഇതിനുണ്ട്. 12 മാസമാണ് വിളവെടുക്കാനുള്ള സമയം. പഴം സ്വാദിഷ്ഠമാണ്. 7-8 പടലകളിലായി നൂറ്റമ്പതിൽ അധികം കായകൾ ഉണ്ടാകും. മുഴുപ്പുള്ളതും നിറയെ മാംസവും കട്ടി കുറഞ്ഞ തൊലിയുമുള്ള ഇവയുടെ കുല ഏറെ ആകർഷകമാണ്‌.


ടിഎംബി 5295


പഴമായും കറിക്കായയായും ചിപ്‌സ് ഉണ്ടാക്കാനും ഉപയോഗിക്കാം. 7-8 പടലകളിലായി 120–-130 വരെ കായകൾ ഉണ്ടാകും. നല്ല പച്ച നിറമുള്ള കായകൾ പഴുക്കുമ്പോൾ പച്ച കലർന്ന മഞ്ഞ നിറമുള്ളതാകും. വ്യാവസായിക പ്രാധാന്യമുള്ള ഇനമാണിത്. രോഗ പ്രതിരോധശേഷിയും ഉണ്ട്‌.


ഉയരം കുറഞ്ഞ കർപ്പൂരവള്ളി


നമ്മുടെ പ്രധാന നാടൻ ഇനമാണ് കർപ്പൂരവള്ളി. അധികം ഉയർന്നു വളരുന്നതിനാൽ പ്രകൃതിക്ഷോഭത്തിന് എളുപ്പം വിധേയമാകുന്നു എന്ന പോരായ്മ പരിഹരിച്ച് ഉയരം കുറച്ചും പോഷകാംശവും ഉൽപ്പാദനവും കൂട്ടിയും വികസിപ്പിച്ചതാണ്‌. പച്ചക്കായക്ക് ചാരനിറവും പഴുക്കുമ്പോൾ തൊലി ഇളം മഞ്ഞ നിറവുമായിരിക്കും. പഴം വ്യാവസായിക പ്രാധാന്യം നൽകുന്ന വിധം സംസ്‌കരിച്ച് വിവിധ ഉൽപ്പന്നങ്ങളാക്കി വിപണനത്തിന് ഉപയോഗിക്കാം. ജാം, ബനാന ഫിഗ് (ഉണക്കപ്പഴം) ഉൾപ്പെടെ പല രൂപത്തിലും സംസ്‌കരിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home