ad
Deshabhimani

നെൽവയലുകളിൽ നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ ഇരട്ടിയായി; 90 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്

Rice
വെബ് ഡെസ്ക്

Published on May 31, 2026, 04:42 PM | 2 min read

ബോസ്റ്റൺ: ലോകത്തെ പകുതിയിലധികം ജനങ്ങളുടെ മുഖ്യാഹാരമായ അരി ഉത്പാദനം ഭൂമിക്ക് വലിയ തോതിൽ ഭാരമാകുന്നതായി പുതിയ പഠനം. രാജ്യാന്തര ശാസ്ത്ര ജേണലായ 'നേച്ചർ ഫുഡ്'-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് നെൽവയലുകളിൽ നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ 1960-കൾക്ക് ശേഷം ഇരട്ടിയായി വർദ്ധിച്ചു. പ്രതിവർഷം 110 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ വാതകങ്ങളാണ് ഇപ്പോൾ നെൽവയലുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത്.


മുന്നിൽ ഏഷ്യ


ആഗോളതലത്തിൽ നെൽവയലുകളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ 90.2 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ് ഇതിൽ കൂടുതലും. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വാതക പുറന്തള്ളൽ രേഖപ്പെടുത്തിയത്. മീഥെയ്ൻ പുറന്തള്ളലിൽ കിഴക്കൻ ഏഷ്യ വലിയ പങ്കുവഹിക്കുന്നു.


ആഫ്രിക്കൻ മേഖലയിൽ നെൽക്കൃഷി വ്യാപകമാകുന്നതിനാൽ, ഹരിതഗൃഹ വാതക പുറന്തള്ളലിൻ്റെ പുതിയ കേന്ദ്രമായി ആഫ്രിക്ക മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

ആഗോളതലത്തിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 2015-ൽ 39.74 കോടി ഏക്കറായിരുന്നത് 2024-ഓടെ 42.6 കോടി ഏക്കറായി വർദ്ധിച്ചിട്ടുണ്ട്.


അമേരിക്കയിലെ ബോസ്റ്റൺ കോളേജിലെ എര്‍ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ് പ്രൊഫസറായ ഹാൻക്വിൻ ടിയാൻ്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. വികസ്വര രാജ്യങ്ങളിൽ നെൽകൃഷി വൻതോതിൽ വ്യാപിച്ചു. ഇവിടെ, വിളവെടുപ്പിന് ശേഷമുള്ള വൈക്കോലും മറ്റ് സസ്യവിശിഷ്ടങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന വയലുകളിലേക്ക് തന്നെ വൻതോതിൽ നിക്ഷേപിക്കുന്നത് മീഥെയ്ൻ ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

rice map

അതേസമയം ഉൽപ്പാദനം കുറയ്ക്കാതെ തന്നെ മലിനീകരണം തടയാമെന്നും ഗവേഷകര്‍ ചൂണ്ടി കാണിക്കുന്നു. കൃഷിരീതികളിൽ ചില പ്രായോഗിക മാറ്റങ്ങൾ വരുത്തിയാൽ ഉൽപ്പാദനത്തെ ബാധിക്കാതെ തന്നെ പുറന്തള്ളൽ 10 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നു. കർഷകർക്ക് ഇന്ന് തന്നെ നടപ്പിലാക്കാൻ കഴിയുന്ന ലളിതവും പ്രായോഗികവുമായ പരിഹാരങ്ങളാണ് ഇവ. സ്വയം നിന്ത്രണത്തിലൂടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാൻ കാർഷിക മേഖലയ്ക്ക് സാധിക്കുമെന്ന്." — ഗവേഷണ സംഘത്തിലെ ഡോ. സൂസൻ പാൻ പറയുന്നു.


നെൽവയലുകളിൽ എപ്പോഴും വെള്ളം കെട്ടിനിർത്തുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ വെള്ളം വറ്റിക്കുന്നത് മീഥെയ്ൻ വാതകം ഉണ്ടാകുന്നത് തടയുമെന്ന് സൂസൻ പാൻ ചൂണ്ടികാട്ടി. നൈട്രജൻ അടങ്ങിയ രാസവളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക വഴി നൈട്രസ് ഓക്സൈഡ് പുറന്തള്ളുന്നത് നിയന്ത്രിക്കാം. സസ്യ അവശിഷ്ടങ്ങൾ വെള്ളക്കെട്ടുള്ള വയലുകളിൽ അമിതമായി അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കലും പ്രധാനമാണ്.


ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകാതെ, കൃത്യമായ ആസൂത്രണത്തിലൂടെ നെൽകൃഷിയെ പരിസ്ഥിതി സൗഹൃദമാക്കുക എന്നത് വരും കാലത്ത് ലോകത്തിൻ്റെ മുൻഗണനയായി മാറണമെന്നും പഠനം ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home