ഗായകൻ സുബീൻ ഗാർഗിന്റേത് അപകടമരണമെന്ന് സിംഗപ്പൂർ കോടതി

സിംഗപ്പൂർ : കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വച്ച് മരണമടഞ്ഞ പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമാണെന്ന് സിംഗപ്പൂർ കോടതി. ഗായികന്റെ മരണത്തിൽ ഒരു അപാകതയുമില്ലെന്ന സിംഗപ്പൂർ പൊലീസ് കോസ്റ്റ് ഗാർഡിന്റെ (പിസിജി) കണ്ടെത്തൽ സ്റ്റേറ്റ് കൊറോണർ ആദം നഖോഡ ശരിവച്ചു. 2025 സെപ്തംബറിൽ സിറ്റി സ്റ്റേറ്റിലെ ദ്വീപിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഗായകൻ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് സിംഗപ്പൂർ അധികാരികളുടെ കണ്ടെത്തൽ. കേസിനെപ്പറ്റി സുബീന്റെ ഭാര്യ ഗരിമ ഉന്നയിച്ച ആശങ്കകളെപ്പറ്റി പരാമർശിച്ച സ്റ്റേറ്റ് കൊറോണർ പിസിജി സമഗ്രമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഗാർഗിന്റേത് ആകസ്മിക മുങ്ങിമരണമാണെന്നും ആരും കൊലപ്പെടുത്തിയതല്ലെന്നും നഖോഡ പറഞ്ഞു. ഗാർഗിനെ പുറത്തെത്തിച്ച നീന്തൽക്കാർ മനഃപൂർവ്വം ഗാർഗിന്റെ മുഖം വെള്ളത്തിനടിയിൽ പിടിച്ചുവെച്ചിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ലെന്ന് നഖോഡയെ ഉദ്ധരിച്ച് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി സിംഗപ്പൂരിലെത്തിയ ഗാർഗ് സെപ്തംബർ 19 ന് ലാസർ ദ്വീപിലാണ് മുങ്ങിമരിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നും പിന്നീട് സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നുദിവസത്തെ നോർത്ത് ഇൗസ്റ്റ് മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചിരുന്നു. ഏഴ് പേരാണ് കേസിൽ ആകെ അറസ്റ്റിലായത്. 2025 ഡിസംബർ 12 ന് കുറ്റപത്രം സമർപ്പിച്ചു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ (NEIF) ചീഫ് ഓർഗനൈസർ ശ്യാംകനു മഹാന്ത, സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, സുബീന്റെ ബന്ധുവും പൊലീസ് ഓഫീസറുമായ സന്ദീപൻ ഗാർഗ്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരായ (പിഎസ്ഒ) നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരാണ് അറസ്റ്റിലായത്. നാല് പേർക്കെതിരെ കൊലപാതകക്കുറ്റവും ഒരാൾക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയും എസ്‌ഐടി ചുമത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ഫണ്ടോ സ്വത്തോ ദുരുപയോഗം ചെയ്തുകൊണ്ട് ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക് ചുവടുവച്ച സുബീൻ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ഗാർഗ് ആയിരുന്നു. നിരവധി ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ഗാർഗ് സംഗീത സംവിധായകൻ, ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.










0 comments