'ധൂം മച്ചാലെ... സൊഹ്റാൻ മംദാനിയുടെ വിജയപ്രസംഗത്തിന് ഒരു 'ബോളിവുഡ് ട്വിസ്റ്റ്'

ന്യൂയോർക്ക്: ന്യൂ യോർക്ക് സിറ്റിയിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സോഹ്റാൻ മംദാനി. എന്നാൽ, ഈ ഉജ്ജ്വല വിജയത്തെ ഏറ്റവും ആവേശത്തിലാക്കിയത്, ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പ്രസംഗത്തിന് നൽകിയ 'ബോളിവുഡ് ട്വിസ്റ്റ്' ആയിരുന്നു. ന്യൂയോർക്കിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറും, ആദ്യത്തെ ഇന്ത്യൻ - അമേരിക്കൻ മേയർ എന്ന നിലയിലാണ് അദ്ദേഹം റെക്കോർഡ് സ്ഥാപിച്ചത്.
വിജയപ്രസംഗം പൂർത്തിയാക്കിയ ഉടൻ തന്നെ, അന്തരീക്ഷത്തെ ഇളക്കിമറിച്ച് ബോളിവുഡ് ചിത്രം 'ധൂം' സിനിമയിലെ സൂപ്പർഹിറ്റ് ടൈറ്റിൽ ഗാനം 'ധൂം മച്ചാലെ' മുഴങ്ങി!
ആവേശം നിറഞ്ഞ ആ നിമിഷങ്ങളിൽ, മംദാനി ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന് അദ്ദേഹം ഭാര്യ രാമ ദുവാജിയെ ആലിംഗനം ചെയ്തു. പിന്നാലെ അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയും ലോകപ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരും അദ്ദേഹത്തോടൊപ്പം വേദിയിൽ ചേർന്നു.
വിജയവേദിയിൽ 'ധൂം മച്ചാലെ' പ്ലേ ചെയ്യുന്നതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. മംദാനിയുടെ "അവിശ്വസനീയമായ പ്രഭാവം" എന്നാണ് ഒരു എക്സ് (X) ഉപയോക്താവ് ഈ രംഗത്തെ വിശേഷിപ്പിച്ചത്, . അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച യുവനേതാവ്, തൻ്റെ സാംസ്കാരിക വേരുകളോടുള്ള സ്നേഹം പ്രകടിപ്പിച്ച രീതി ശ്രദ്ധേയമായി.
പ്രതീക്ഷയുടെയും നീതിയുടെയും രാഷ്ട്രീയം: മംദാനിയുടെ വാക്കുകൾ
വിജയപ്രസംഗത്തിൽ മംദാനി തൻ്റെ രാഷ്ട്രീയം വ്യക്തമാക്കുകയും, ഡൊണാൾഡ് ട്രംപിനും നഗരത്തിലെ അധികാരാധിപത്യത്തിനും ശക്തമായ താക്കീത് നൽകുകയും ചെയ്തു.
“ഇന്ന് ന്യൂയോർക്ക് ഒരു പുതിയ കാലഘട്ടത്തിലേക്ക് കാൽവെക്കുകയാണ്. ഭയത്തിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയത്തിന് പകരം പ്രതീക്ഷയുടെയും നീതിയുടെയും രാഷ്ട്രീയമാണ് നമുക്ക് മുന്നിൽ. എൻ്റെ മുസ്‌ലിം വ്യക്തിത്വം ഒരിക്കലും മറച്ചുവെക്കേണ്ട കാര്യമല്ല. അത് എനിക്ക് കരുണയും നീതിയും പഠിപ്പിക്കുന്നു.”
തന്റെ കുടിയേറ്റ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം അഭിമാനത്തോടെ സംസാരിച്ചു. “കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഞാൻ വെല്ലുവിളിക്കുന്നു. ന്യൂയോർക്ക് നഗരം കുടിയേറ്റക്കാരാൽ നിർമിതമായതാണ്, അവരാൽ തന്നെയാണ് അത് മുന്നോട്ടു പോകുന്നതും. ഇനി, എൻ്റെ ഈ ചരിത്ര വിജയത്തോടെ, ഒരു കുടിയേറ്റക്കാരനാണ് അതിനെ നയിക്കുന്നത്.”
തൊഴിലാളി സംഘടനകളുടെ കൂടെയായിരിക്കും നമ്മൾ നിലകൊള്ളുക. തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
മകൻ ചരിത്രം കുറിച്ചപ്പോൾ അഭിമാനത്തോടെ മീരാ നായർ
ട്രംപിൻ്റെ വെല്ലുവിളികളെ തകർത്തുകൊണ്ട് മംദാനി നേടിയ ഈ ഉജ്ജ്വല വിജയത്തെ അദ്ദേഹത്തിൻ്റെ അമ്മയും വിഖ്യാത സംവിധായികയുമായ മീരാ നായരും ബോളിവുഡും ആവേശത്തോടെയാണ് ഏറ്റെടുത്തത്.
മകൻ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയറായതിൻ്റെ സന്തോഷം മീരാ നായർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ മകനുള്ള ആശംസകളും അഭിനന്ദനങ്ങളും കൊണ്ട് അവർ നിറച്ചു.
വിജയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും അനുമോദനങ്ങളും അടങ്ങിയ നിരവധി പോസ്റ്റുകൾ അവർ തൻ്റെ ഇൻസ്റ്റാഗ്രാം 'റീഷെയർ' വഴി പങ്കുവെച്ചു. മീരാ നായരെ കൂടാതെ, സംവിധായിക സോയ അക്തർ അടക്കമുള്ള ബോളിവുഡിലെ പ്രമുഖരും മംദാനിയെ അഭിനന്ദിച്ചെത്തി.
ന്യൂയോർക്കിൻ്റെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് യുവാവ് 'ധൂം മച്ചാലെ'യുടെ ഈണത്തിൽ അധികാരത്തിലേക്ക് നടന്നു കയറുമ്പോൾ, അത് അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു പുതിയ തുടക്കമായി മാറുകയാണ്.










0 comments