Deshabhimani

യെമനിൽ പോരാട്ടം രൂക്ഷം; തായിസിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുത്തെന്ന് സർക്കാർ സേന

Houthi Attack
വെബ് ഡെസ്ക്

Published on Oct 08, 2026, 06:39 AM | 1 min read

സനാ: തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാന മേഖലകൾ കൈയടക്കിയ ഹൂതികൾക്കെതിരെ മുന്നേറ്റം നടത്തിയതായി യെമൻ സർക്കാർ സേന അറിയിച്ചു. എന്നാൽ സർക്കാർ സേനയുടെ മുന്നേറ്റം ചെറുത്തുവെന്നാണ് ഹൂതികളുടെ പ്രതികരണം.


തായിസിന് തെക്കുള്ള ഹൈഫാൻ മേഖലയിലെ അൽ-മൻസറ, അൽ-അഷാരി, ദിബാൻ മലനിരകൾ പിടിച്ചെടുത്തതായി യെമൻ സേന നേരത്തെ അറിയിച്ചിരുന്നു. മോഖ തുറമുഖത്തേക്കും ചെങ്കടലിലേക്കുമുള്ള നിർണായകമായ കവാടങ്ങളായി നിലനിൽക്കുന്ന പ്രദേശങ്ങളാണിത്. തായിസ് പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്തെ അൽ-വസിയ മേഖല തിരിച്ചുപിടിക്കാൻ സേന വലിയ സൈനിക നീക്കം ആരംഭിച്ചിട്ടുണ്ട്. ‍


ഹൂതി വിമതരെ അടിച്ചമർത്താൻ യെമൻ സർക്കാരിന്റെ ‘ഡോൺ ഓഫ് യെമൻ’ എന്ന പേരിലുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പുതിയ ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുകയാണ് ഈ സൈനിര നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. സെപ്റ്റംബറിൽ ഹൂതികൾ ചെങ്കടൽ തീരത്തെ മോഖ ഉൾപ്പെടെയുള്ള പ്രദേശങ്ങളും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മേഖലകളും പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷം സൗദിയിലേക്കും യെമനിലെ മറ്റു പ്രദേശങ്ങളിലേക്കുള്ള ഹൂതികളുടെ കടന്നാക്രമണം ശക്തമായതോടെയാണ് സർക്കാർ സേന തിരിച്ചാക്രമണം ആരംഭിച്ചത്.


യെമന്റെ പടിഞ്ഞാറൻ തീരത്തും ബാബ് അൽ-മന്ദബ് കടലിടുക്കിന് ചുറ്റുമാണ് ഇപ്പോൾ സർക്കാർ സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം. സൗദിയുടെ പിന്തുണയുള്ള യെമൻ സർക്കാർ സേന മോഖ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായാണ് അറിയിച്ചിട്ടുണ്ട്. സൗദിയുടെ വ്യോമ പിന്തുണയോടെയാണ് മുന്നേറ്റമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹൂതികൾ സർക്കാർ സേനയുടെ അവകാശവാദങ്ങൾ നിഷേധിക്കുകയാണ്. ആഗോള കപ്പൽ ഗതാഗതത്തിൽ ഹോർമുസ് കഴിഞ്ഞാൽ നിർണായക പാതയാണ് ബാബ് അൽ-മന്ദബ്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്കിലെ സംഘർഷം ആഗോള വ്യാപാരത്തെയും ഊർജവിതരണത്തെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home