print edition സൗദി–ഹൂതി സംഘർഷം രൂക്ഷം

അനസ് യാസിന്‍
Published on Sep 16, 2026, 12:15 AM | 2 min read
മനാമ: യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതിസേനയും യമനി സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയും തമ്മിൽ സംഘർഷം കൂടുതൽ രൂക്ഷമായി. ഹൂതികൾ സൗദിയിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍–-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 പേർക്ക് പരിക്കേറ്റു. ഏഴു വീടുകള്‍ളും രണ്ടു വാഹനങ്ങളും തകർന്നു.
ഖമീസ് മുഷൈത്ത്, അബഹ, ത്വായിഫ് നഗരങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. പ്രധാന നഗരങ്ങളായ അബഹ, ജിദ്ദ, ജിസാന്‍, ത്വായിഫ്, യാന്‍ബു, മക്ക, അല്‍ ഉല എന്നിവിടങ്ങളില്‍ സൗദി സിവില്‍ ഡിഫന്‍സ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. പരമാധികാരവും സുരക്ഷയും ഉറപ്പാക്കാന്‍ സഖ്യസേന ഉത്തരവാദിത്തത്തോടും ശക്തമായും തിരിച്ചടിക്കുമെന്നും അല്‍ മാലിക്കി അറിയിച്ചു.
മധ്യ യമനിലെ തായിസ് പ്രവിശ്യയില്‍ സൗദി വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആറുദിവസത്തിനിടെ സൗദി സഖ്യസേന യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ മുന്നൂറിലധികം വ്യോമാക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരി അവകാശപ്പെട്ടു. സൗദിയിലെ ഖമീസ് മുഷൈത്തിലെ കിങ് ഖാലിദ് എയര്‍ബേസ്, അബഹ, ത്വായിഫ്, ജിസാന്‍ എന്നിവിടങ്ങളില്‍ ഹൂതിസേന ഹഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് യമനില്‍ ഒന്നേകാൽ ലക്ഷത്തോളം പേരാണ് പലായനംചെയ്തത്.
തുറമുഖ നഗരമായ മോഖ, ബാബ് അല്‍ മന്ദബ് പ്രവേശനകവാടത്തിലുള്ള പെരിം, ഹനീഷ് ദ്വീപുകള്‍ എന്നിവ ഹൂതികള്‍ നിയന്ത്രണത്തിലാണ്. ചെങ്കടലിന്റെ തെക്കന്‍ കവാടമായ ബാബ് അല്‍ മന്ദബ് അടയുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ ദുരന്തമായിരിക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിസന്ധി ചര്‍ച്ചചെയ്യാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുമായി കെയ്‌റോയില്‍ കൂടിക്കാഴ്ച നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായും ചര്‍ച്ച നടത്തി.
ഫ്രാന്‍സിന്റെ അഭ്യര്‍ത്ഥനപ്രകാരം യുഎൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കാതെ യുഎസുമായി ചർച്ചയില്ലെന്ന് ഇറാൻ
തെഹ്‌റാൻ: തന്ത്രപ്രധാന ഹോർമുസ് കടലിടുക്കിലും ആഗോള ഊർജ വിതരണ ശൃംഖലയിലും നിലനിൽക്കുന്ന സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി മാറിയെന്ന് ഇറാന്റെ ഉന്നത സുരക്ഷാമേധാവി. ഇറാന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ അമേരിക്കൻ സാമ്രാജ്യത്വവുമായി ഒരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സെക്രട്ടറി മൊഹ്സെൻ റെസായെ വ്യക്തമാക്കി.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ‘ഇസ്ലാമാബാദ് ധാരണപത്രം' അനുസരിച്ചുള്ള ആവശ്യങ്ങൾ അമേരിക്ക പൂർണമായി നടപ്പിലാക്കണമെന്നാണ് ഇറാന്റെ നിലപാട്. മേഖലയിലെ കപ്പൽച്ചാലുകളുടെയും എണ്ണക്കടത്തിന്റെയും നിയന്ത്രണം ഇറാൻ സേനയുടെ കൈകളിലാണെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രഖ്യാപനം.








0 comments