"പരസ്പര മത്സരമാവാം ഗുസ്തി വേണ്ട" അമേരിക്കൻ സന്ദര്‍ശനത്തിനിടെ പരോക്ഷ മുന്നറിയിപ്പുമായി ഷി

വാഷിങ്ടൺ:യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വൈറ്റ് ഹൗസിൽ കൂടികാഴച നടത്തി. എഐ, ഇറാൻ യുദ്ധം, കാര്‍ഷിക വസ്തുക്കളുടെ വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രാഥമിക ചര്‍ച്ചകൾ.
ചൈനയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങൾക്കും വലിയ നേട്ടമാണെന്നും എന്നാൽ ഏറ്റുമുട്ടലുകൾ വലിയ നഷ്ടങ്ങളാവും ഇരുപക്ഷത്തിനും നൽകുക എന്നും ഷി വ്യക്തമാക്കി. ലോകത്തെ വലിയ സൈനിക സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം കടുത്തതാണ്. പരസ്പര മത്സരം ആവാം അവ ഗുസ്തി പിടുത്തമാവരുത് “Let’s race, not wrestle” എന്ന സന്ദേശമാണ് ഷി കൂടികാഴ്ചയ്ക്ക് ശേഷം പുറത്തു വിട്ടത്.
പഴംചൊല്ലിന്റെ മധുരം പുരട്ടിയ നയതന്ത്രം
ഓട്ട മത്സരമാവാം പക്ഷേ ഗുസ്തി പിടിക്കണ്ട എന്ന വാക്ക് ഈ സന്ദര്‍ശനത്തിന്റെ തന്നെ പ്രധാന അടയാളമായി. ഗുസ്തിയിൽ ഒരാൾ ജയിക്കുമ്പോൾ മറ്റേയാൾ പൂർണ്ണമായി തോൽക്കുകയോ വീഴുകയോ ചെയ്യും. അതേസമയം ഓട്ടമത്സരത്തിൽ രണ്ടുപേരും തങ്ങളുടെ പരമാവധി വേഗതയിൽ മുന്നോട്ട് ഓടുകയാണ് ചെയ്യുന്നത് ഇതാണ് ഷി മുന്നോട്ടു വെച്ച നയതന്ത്രം.
നിലവിലുള്ള പ്രബല ശക്തിയും വളര്‍ന്നു വരുന്ന ശക്തിയും തമ്മിൽ കൂട്ടിമുട്ടുമ്പോൾ അത് യുദ്ധത്തിൽ കലാശിക്കാറുണ്ട്. 'ത്യൂസിഡിഡീസ് ട്രാപ്പ്' എന്ന് ചരിത്രത്തിൽ വിളിക്കപ്പെടുന്ന ഈ സാഹചര്യം ഒഴിവാക്കാൻ ഷീ ഓര്‍മപ്പെടുത്തുകയും ചെയ്തു.
2016 ൽ താൻ ആദ്യമായി ഭരണത്തിലെത്തിയത് ഡൊണൾഡ് ട്രംപ് ഓര്‍മ്മപ്പെടുത്തി. അന്നു മുതൽ ഷി ജിൻപിങ്ങുമായി പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ നല്ലൊരു സൗഹൃദമുണ്ടെന്ന് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചതുപോലെ ഭാവിയിലും ഇരുരാജ്യങ്ങളുടെയും നന്മയ്ക്കായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
പുതിയ നികുതിയിൽ നിശ്ശബ്ദം
തായ്‌വാനിൽ നിലപാട് ആവര്‍ത്തിച്ചു
തായ്‌വാൻ പ്രശ്നത്തിൽ ഉറച്ച നിലപാട് തുടര്‍ന്നു. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ യു എസ് എതിര്‍ക്കണം എന്ന നിലപാടാണ് മുന്നോട്ട് വെച്ചത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് മുൻനിര്‍ത്തിയുള്ള ട്രംപിന്റെ പുതിയ പ്രതികാര നികുതി സംബന്ധിച്ച പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ വെച്ച് ഉണ്ടാക്കിയ വ്യാപാര കരാർ നീട്ടുന്നതിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് അറിയിച്ചു.
നേരത്തെ വ്യാപാര യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ അമേരിക്ക ചൈനയ്ക്ക് എതിരെ തീരുവ 145 ശതമാനമായി ഉയര്‍ത്തിയിരുന്നു. ചൈന ഇതിന് പ്രതികരണമായി തീരുവ 125 ശതമാനം വരെയും ഉയർത്തി. കൊറിയൻ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമേരിക്കൻ തീരുവ 47 ശതമാനത്തോളമായും ചൈനയുടേത് 30 ശതമാനത്തോളമായും കുറച്ചത്.
യുഎസ് പ്രഥമവനിത മെലാനിയ ട്രംപും ചൈനീസ് പ്രഥമവനിത പെങ് ലിയുവാനും സന്ദര്‍ശനത്തിൽ പങ്കാളികളായി.









0 comments