ഗ്രീൻലൻഡ് സ്വന്തമാക്കാൻ 'കടുപ്പമേറിയ വഴി'; ഡെന്മാർക്കിന് ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. 'കടുപ്പമേറിയ വഴിയിലൂടെ' ലക്ഷ്യം നേടുമെന്ന ട്രംപിന്റെ പുതിയ പരാമർശം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് വിലയ്ക്ക് വാങ്ങാനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി കലർന്ന പ്രതികരണം. ഗ്രീൻലൻഡ് തന്ത്രപരമായി അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നും അത് നേടിയെടുക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്നുമാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് സൂചിപ്പിച്ചത്.
നേരത്തെയും ഗ്രീൻലൻഡ് വാങ്ങാനുള്ള താൽപ്പര്യം ട്രംപ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡെന്മാർക്ക് ഇത് പരിഹസിച്ച് തള്ളുകയായിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
അഭ്യൂഹങ്ങൾ ശക്തമായതോടെ ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ഡെന്മാർക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും ഡാനിഷ് ഭരണകൂടം ആവർത്തിച്ചു. ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന ചൈനീസ്-റഷ്യൻ സ്വാധീനം ചെറുക്കാനാണ് ഗ്രീൻലൻഡിൽ അമേരിക്ക കണ്ണുവെക്കുന്നത്.
ട്രംപിന്റെ പുതിയ പ്രസ്താവന യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വെനെസ്വേലയ്ക്ക് മേലുള്ള അധിനിവേശത്തിന്റെ സാഹചര്യത്തിൽ ലോകത്താകമാനം പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.










0 comments