വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഏജൻസികൾ സ്ഥലത്ത്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് എഫ്ബിഐയും രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം തെരുവിലും പെൻസിൽവാനിയ അവന്യൂവിലും വെടിവെപ്പ് നടന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും, ഉദ്യോഗസ്ഥരുമായി സഹകരിച്ച് കാര്യങ്ങൾ സ്ഥിരീകരിച്ചു വരികയാണെന്നും സീക്രട്ട് സർവീസ് അറിയിച്ചു.
എഫ്ബിഐ ഡയറക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. വെടിവെപ്പ് നടന്ന സമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആർക്കും പരിക്കേറ്റതായി തൽക്കാലം റിപ്പോർട്ടുകളില്ല. പ്രദേശം സീക്രട്ട് സർവീസ് കർശന നിരീക്ഷണത്തിലാക്കി. പൊതുജനങ്ങളോട് ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments