വെനസ്വേലയിൽ റോഡ്രിഗസ് തുടരുമോ; താൽക്കാലിക പ്രസിഡന്റ് പദവിയിൽ 90 ദിവസ കാലാവധി പിന്നിട്ടു

Venezuela Delcy Rodríguez- Photo courtesy AFP
കാരക്കാസ്: വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസ് പദവിയിൽ തുടരുന്നതിന് രാജ്യത്തെ സുപ്രീം കോടതി നിശ്ചയിച്ച് നൽകിയ 90 ദിവസത്തെ പരിധി കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വരെ ആയിരുന്നു കാലാവധി. ഇനി ദേശീയ അസംബ്ലി പൊതുവോട്ടെടുപ്പ് നടത്തി കാലാവധി നീട്ടി നൽകണം. ഇതിനായി സുപ്രീം കോടതി അനുമതിയും നൽകുന്നതാണ് രീതി.
ജനുവരിയിൽ അമേരിക്ക വെന്വേലയിൽ നടത്തിയ ഏകപക്ഷീയമായ അധിനിവേശത്തിന് പിന്നാലെയാണ് റോഡ്രിഗസ് താത്കാലികമായി പദവിയിൽ എത്തിയത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും അമേരിക്കൻ സൈന്യം രാജ്യത്ത് കടന്ന് ബന്ദിയാക്കി പിടിച്ച് കൊണ്ടുപോകുകയായിരുന്നു.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, മഡുറോ ഇപ്പോഴും ഔദ്യോഗിക പ്രസിഡന്റാണ്. എന്നാൽ, "തട്ടിക്കൊണ്ടുപോകൽ" മൂലമുള്ള അഭാവം അദ്ദേഹത്തിന് ചുമതലകൾ നിർവഹിക്കാൻ താൽക്കാലികമായി കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. വെനസ്വേലയുടെ ഭരണഘടന അനുസരിച്ച്, താൽക്കാലിക അഭാവം ഉണ്ടായാൽ വൈസ് പ്രസിഡന്റാണ് (പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടത്. ഇതിന് 90 ദിവസമാണ് പരമാവധി കാലാവധി. ദേശീയ അസംബ്ലിക്ക് ഈ താൽക്കാലിക നിയമനം വീണ്ടും 90 ദിവസത്തേക്ക് നീട്ടാം.
റോഡ്രിഗസ് പ്രസിഡന്റ് സ്ഥാനം ശാശ്വതമായി ഒഴിഞ്ഞതായി പ്രഖ്യാപിച്ചാൽ അടിയന്തര തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരമുണ്ട്.
മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ജനുവരി 3-ന് കാരക്കാസിൽ വെച്ചാണ് ഡൊണൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദിയാക്കി കൊണ്ടു പോയത്. അവർക്കെതിരെ മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി വിചാരണ ചെയ്യുന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല.
യുഎസ് ട്രഷറി വകുപ്പ് കഴിഞ്ഞ ആഴ്ച റോഡ്രിഗസിനെതിരായ ഉപരോധങ്ങൾ നീക്കിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിലാണ് മഡുറോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.










0 comments