മാർപാപ്പ ആശുപത്രി വിടുന്നു; ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ശ്വാസകോശ അർബുദത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പ ശനിയാഴ്ച ആശുപത്രി വിടുമെന്ന് വത്തിക്കാൻ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസമാണ് 71കാരനായ മാർപാപ്പ ആശുപത്രിയിൽനിന്ന് മടങ്ങുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള ജാലകത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും വത്തിക്കാൻ വ്യക്തമാക്കി.
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ മാർപ്പാപ്പയ്ക്ക് അർബുദ ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തിരുന്നു. ശ്വാസകോശ അർബുദത്തിന്റെ സാധാരണ വകഭേദമായ അഡിനോകാർസിനോമയാണ് സ്ഥിരീകരിച്ചത്.
ശനി രാവിലെ നടത്തിയപരിശോധനഫലങ്ങൾ തൃപ്തികരമാണെന്നും മാർപാപ്പയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെ ചാപ്പലിൽ കുർബാന അർപ്പിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങളും വെള്ളിയാഴ്ച വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
അർബുദം ശ്വാസകോശത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്നും തുടർചികിത്സ ആവശ്യമാണോയെന്നും കണ്ടെത്താനുള്ള പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്. ഇൗ മാസം 20 വരെയുള്ള മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. നവംബർ ആറ് മുതൽ 17 വരെ നിശ്ചയിച്ചിട്ടുള്ള ലാറ്റിനമേരിക്കൻ സന്ദർശനമാണ് മാർപാപ്പയുടെ അടുത്ത പ്രധാന പരിപാടി.








0 comments