അമേരിക്കയുടെ 'പറക്കും പെട്രോൾ പമ്പ്' കാണാതായി; ഖത്തറിന് മുകളിൽ വെച്ച് അടിയന്തര സന്ദേശം അയച്ചതായി റിപ്പോർട്ട്

കെ സി-135 സ്ട്രാറ്റോടാങ്കർ വിമാനം
ദോഹ: ഖത്തറിന് മുകളിൽ വെച്ച് അമേരിക്കൻ വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം കാണാതായതായി റിപ്പോർട്ട്. പറക്കുന്നതിനിടെ വിമാനത്തിൽ നിന്നും അടിയന്തര അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്.
അമേരിക്കൻ വ്യോമസേനയുടെ കെ സി-135 സ്ട്രാറ്റോടാങ്കർ (KC-135 Stratotanker) വിമാനമാണ് കാണാതായത്. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്നതിനാലാണ് ഇവ 'പറക്കും പെട്രോൾ പമ്പുകൾ' എന്ന് അറിയപ്പെടുന്നത്.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ നിന്ന് സിഗ്നലുകൾ നഷ്ടമായത്. വിമാനത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ മറ്റ് അനിഷ്ട സംഭവങ്ങളാണോ ഉണ്ടായതെന്ന് വ്യക്തമല്ല.
മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ് ഖത്തറിലെ അൽ ഉദൈദ്. മേഖലയിലെ വ്യോമ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനമാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments