ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം; മരണസംഖ്യ 787 ആയി ഉയർന്നു

തെഹ്റാൻ: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ആദ്യ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. തുടർന്ന് ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷങ്ങൾ രൂക്ഷമായി. തുടർച്ചയായ നാലാം ദിവസവും ആക്രമണങ്ങൾ തുടരുകയാണ്.
ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും സർക്കാർ ഭരണസംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രയേൽ സഖ്യം സംയുക്ത വ്യോമാക്രമണം നടത്തിയത്. തുടർന്നാണ് മേഖലയിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. ആയത്തുള്ള ഖമനേയിയുടെ കുടുംബാംഗങ്ങളും, ഇറാന്റെ ഉന്നത സൈനിക, രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈൽ കരുത്തും തകർക്കാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. ഇറാന്റെ കമാൻഡ് നെറ്റ്‌വർക്കുകൾക്കും റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടം വരുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ ആറോളം യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാനിയൻ ഡ്രോണുകൾ ആക്രമണം നടത്തി.
ദുബായ്, അബുദാബി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായി. ഇതിനെത്തുടർന്ന് പല ഗൾഫ് രാജ്യങ്ങളും വ്യോമാതിർത്തി അടച്ചത് ആഗോള വ്യോമയാന മേഖലയെ ബാധിച്ചു. സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമായി. ഇതോടെ പ്രവാസികളടക്കം നിരവധിയാളുകളാണ് ഗൾഫ് രാജ്യങ്ങളിൽ കടുങ്ങിയത്. നിലവിൽ ഭാഗീകമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇത് ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, ഇറാാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ അമേരിക്ക-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണത്തിൽ 165 വിദ്യാർഥികളും ജീവനക്കാരും കൊല്ലപ്പെട്ടു. ഇവരുടെ കൂട്ട സംസ്കാരം നടത്തി. നാലാം ദിവസവുും ഇു വിഭാഗങ്ങളും ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ ഏർപ്പെടുത്താനുമായി സമാധാന ചർച്ചകൾ നടത്താൻ രാജ്യങ്ങൾ തയാറാകുന്നില്ലെന്നതും ആശങ്കയുയർത്തുന്നുണ്ട്.










0 comments