ad
Deshabhimani

യുഎസ് ഷട്ഡൌൺ 25 ാം ദിവസത്തിലേക്ക്, 1.4 ദശലക്ഷം തൊഴിലാളികൾ ദുരിതത്തിൽ

u s
വെബ് ഡെസ്ക്

Published on Oct 26, 2025, 02:06 PM | 2 min read


വാഷിങ്ടൺ: യു എസ് ഫെഡറൽ ഗവൺമെന്റ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ട് 25 ദിവസം പിന്നിടുന്നു. നവംബർ ഒന്നു മുതൽ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ഭക്ഷ്യസഹായം നിലയ്ക്കുന്ന സാഹചര്യമാണ്. സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം അഥവാ എസ്എൻഎപി ആനുകൂല്യങ്ങൾക്കായി കണ്ടിജൻസി ഫണ്ടുകൾ ഉപയോഗിക്കില്ലെന്ന് യുഎസ്ഡിഎ പ്രഖ്യാപിച്ചിരിക്കയാണ്. ഏകദേശം 1.4 ദശലക്ഷം ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിട്ടതിന് പുറമെ വലിയൊരു വിഭാഗം ശമ്പളമില്ലാതെ ജോലി ചെയ്യുന്നു.


റിപ്പബ്ലിക്കൻ പാർട്ടിയുടെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൽ" പൊതുജനാരോഗ്യ സംരക്ഷണത്തിനുമേൽ ഏർപ്പെടുത്താനിരുന്ന വെട്ടിക്കുറയ്ക്കലുകൾ സംബന്ധിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ വിഭാഗങ്ങൾ ചേരിതിരഞ്ഞ തർക്കത്തിൽ നിന്നാണ് ഒക്ടോബർ ഒന്നിന് ഷട്ട്ഡൗൺ ആരംഭിച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലുകളിൽ ഒന്നായി ഇത് മാറുകയാണ്.


ട്രംപ് ഭരണകൂടം അടച്ചുപൂട്ടലിന്റെ ഉത്തരവാദിത്തം ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളുടെ മേൽ ചുമത്തി, അതിനെ "ഡെമോക്രാറ്റിക് ഷട്ട്ഡൗൺ" എന്ന് മുദ്രകുത്തി ഉത്തരവാദിത്തം ഒഴിയുകയാണ് ചെയ്യുന്നത്.


അടച്ചുപൂട്ടൽ ആരംഭിച്ചതിനുശേഷം, എട്ട് ഫെഡറൽ ഏജൻസികളിലായി 4,000 ജോലികൾ ഇല്ലാതാക്കാൻ ട്രംപ് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നം കോടതിയിൽ എത്തിയതോടെ ഒരു ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് വഴിയാണ് പിരിച്ചുവിടലുകളുടെ അടുത്ത ഘട്ടം തടഞ്ഞത്. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നഗരങ്ങളിലും ജില്ലകളിലും സംസ്ഥാനങ്ങളിലും സ്ഥിതി ചെയ്യുന്ന ഏകദേശം 28 ബില്യൺ യുഎസ് ഡോളറിന്റെ ഫെഡറൽ ഫണ്ട് ഭരണകൂടം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ ആദ്യ ദിവസം, ന്യൂയോർക്ക് നഗരത്തിലെ പദ്ധതികൾക്കായി മാത്രം 18 ബില്യൺ യുഎസ് ഡോളർ ഫെഡറൽ ഫണ്ട് ട്രംപ് മരവിപ്പിച്ചു.


അതിജീവനത്തിനായി സർക്കാർ സഹായ പദ്ധതികളെ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാരുടെ കഷ്ടതകൾ വളരുകയാണ്. നവംബർ വരെ അടച്ചുപൂട്ടൽ തുടർന്നാൽ, 42 ദശലക്ഷം ആളുകൾക്ക് ഭക്ഷ്യസഹായം നൽകുന്ന സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്ന് നിരവധി സംസ്ഥാനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെക്സസ്, പെൻസിൽവാനിയ, മിനസോട്ട, ന്യൂയോർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏഴ് ദശലക്ഷം ആളുകൾക്ക് ഭക്ഷ്യസഹായം നൽകുന്ന WIC എന്നറിയപ്പെടുന്ന സ്ത്രീകൾ, ശിശുക്കൾ, കുട്ടികൾ എന്നിവർക്കായുള്ള പ്രത്യേക സപ്ലിമെന്റൽ ന്യൂട്രീഷൻ പ്രോഗ്രാമിനും സമാനമായ ആശങ്കകൾ ഉയർന്നിട്ടുണ്ട് .


 “ക്രൂരതയുടെ തികഞ്ഞ കൊടുങ്കാറ്റ്.”എന്നാണ് അടച്ചു പൂട്ടൽ വിശേഷിപ്പിക്കപ്പെട്ടത്. അമേരിക്കയിലെ സാമൂഹിക സുരക്ഷാ വലയിൽ അവശേഷിക്കുന്നവരെ കൂടി ഇല്ലാതാക്കുന്ന നീക്കമാണ്. ഇതിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചരിത്രപരമായ ഏറ്റുമുട്ടലിനോടുള്ള പ്രതികാരമാണ് സർക്കാർ അടച്ചുപൂട്ടൽ. പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന ഏതൊരു പദ്ധതിയും വെട്ടിക്കുറയ്ക്കുകയോ ഇല്ലാതാക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുക. അവ കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദികളായ പൊതുപ്രവർത്തകരെ പിരിച്ചുവിടുക എന്നിവയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം," എന്ന് ലിബറേഷൻ ന്യൂസിന്റെ എഡിറ്റർ വാൾട്ടർ സ്മോലാരെക് പ്രതികരിച്ചു.  


ഒക്ടോബർ 24-ന് പുറത്തിറക്കിയ യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം 3% എന്ന നിരക്കിൽ വർദ്ധിച്ചു. പാവപ്പെട്ടവരെയും തൊഴിലാളികളെയുമാണ് ഇത് ബാധിക്കുന്നത്. ട്രംപ് സർക്കാർ അവരുടെ പ്രശ്നങ്ങളെ എളുപ്പം മാറ്റി നിർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home