ഭക്ഷണത്തിനുള്ള സഹായം കുത്തനെ വെട്ടിക്കുറച്ചു, 14 ദശലക്ഷം ആളുകൾ പട്ടിണിയിലേക്കെന്ന് യു എൻ

Photo: WFP/Mohmamed Galal- Sudan Famine
ജനീവ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും അതിന് പിന്നാലെ പ്രമുഖ രാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചതോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ സഹായ ഏജൻസി (WFP) പ്രതിസന്ധിയിലെന്ന് റിപ്പോർട്. അടിയന്തിര സഹായം ആവശ്യമുള്ള ആറ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് ഏകദേശം 14 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതായി യു എൻ മുന്നറിയിപ്പ് നൽകി.
യുഎൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസഹായം ആവശ്യമുള്ളതാണ് വേൾഡ് ഫുഡ് പ്രോഗ്രാം. മറ്റ് പ്രമുഖ പാശ്ചാത്യ ദാതാക്കൾ എല്ലാം ട്രംപിന്റെ ആഹ്വാനത്തിന് കീഴിൽ വിഹിതം വെട്ടിക്കുറച്ചതിനാൽ "മുമ്പൊരിക്കലും ഇത്രയധികം വെല്ലുവിളി നേരിട്ടിട്ടില്ല" എന്ന് യുഎൻ പുതിയ റിപ്പോർട്ടിൽ ചൂണ്ടികാട്ടി.
അഫ്ഗാനിസ്ഥാൻ, കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവിടങ്ങളിലായി 13.7 ദശലക്ഷം പേർ അടിയന്തര ഘട്ട പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ട സാഹചര്യമാണ്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തകരുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഏകദേശം 10 ബില്യൺ ഡോളർ സഹായം ലഭിച്ചിരുന്നതിൽ ഈ വർഷം 40% കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ 6.4 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റ് ബജറ്റിലേക്ക് സഹായങ്ങൾ ചുരുക്കേണ്ടി വന്നു.
"ഇത് വെറുമൊരു ഫണ്ടിംഗ് വിടവ് മാത്രമല്ല - "വിശപ്പിനെതിരായ പോരാട്ടത്തിൽ പതിറ്റാണ്ടുകളായി നാം നേടിയ പുരോഗതി നഷ്ടപ്പെടുന്ന സാഹചര്യം കൂടിയാണെന്ന്" മക്കെയിൻ ചൂണ്ടികാട്ടി
ആഗോള പട്ടിണി ഇതിനകം റെക്കോർഡ് നിലയിലാണ്. അടിയന്തര ഘട്ടങ്ങളിൽ 44 ദശലക്ഷം പേർ ഉൾപ്പെടെ 319 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യമാണ്. മാത്രമല്ല ഇതിനൊപ്പം ഗാസയിലും സുഡാനിലും ക്ഷാമം സൃഷ്ടിക്കപ്പെട്ടു.
സംഘർഷവും പട്ടിണിയും ചൂഷണവും വേട്ടയാടുന്നവർ
അഫ്ഗാനിസ്ഥാനിൽ 9.5 ദശലക്ഷം ഭക്ഷ്യസുരക്ഷയില്ലാത്ത ആളുകളുണ്ട്. ഇവരിൽ 10% ൽ താഴെ ആളുകൾക്ക് മാത്രമേ ഭക്ഷ്യ സഹായം എത്തുന്നുള്ളൂ എന്ന് കണക്കുകൾ പറയുന്നു. ശേഷിച്ചവർ അവരുടെ അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് വരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ്.
കോംഗോയിൽ 28 ദശലക്ഷം ആളുകൾ ഭക്ഷ്യസുരക്ഷയില്ലാതെ പുലരുന്നു. രാജ്യത്ത് നാലിൽ ഒരാൾ ഭക്ഷ്യ സുരക്ഷയില്ലാത്ത സാഹചര്യത്തിൽ സംഘർഷബാധിതമായ മേഖലകളിൽ ജീവിതം തള്ളി നീക്കുന്നു.

സംഘർഷ ബാധിതമായ കിഴക്കൻ മേഖലയിൽ 10.3 ദശലക്ഷം പേരും പട്ടിണിയിലാണ്. 2025 ൽ ഇവരിൽ 2.3 ദശലക്ഷം ആളുകളെ എങ്കിലും സഹായിക്കാൻ ഭക്ഷ്യ പദ്ധതി ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഫണ്ടിംഗ് വിടവ് കാരണം ഈ വർഷം 1 ദശലക്ഷം ആളുകൾക്ക് മാത്രമേ പിന്തുണ നൽകാനായുള്ളൂ. ഒക്ടോബർ മുതൽ സഹായം 600,000 ആയി കുറയ്ക്കുകയാണ്. 2026 ഫെബ്രുവരി ആവുന്നതോടെ പൂർണ്ണമായും വിതരണ ശൃംഖല തകരും. കാരണം അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രവർത്തനത്തിന് 351.7 ദശലക്ഷം യുഎസ് ഡോളറിന്റെ ഫണ്ടിംഗ് കുറവ് നേരിടുന്നു.
സ്ത്രീകൾ, കുട്ടികൾ, കുടിയിറക്കപ്പെട്ടവർ
ഹെയ്തിയിൽ ജനസംഖ്യയുടെ പകുതിയിലധികവും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. ഇത് ഏകദേശം 5.7 ദശലക്ഷം ആളുകൾ വരും. ധനസഹായത്തിലെ കാലതാമസം കാരണം, അടുത്തിടെ വിശപ്പ് നേരിടുന്ന അടിയന്തര സഹായം ആവശ്യമുള്ള ആളുകൾക്ക് പ്രതിമാസ റേഷൻ പകുതിയായി കുറയ്ക്കാൻ WFP നിർബന്ധിതരായി. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രവർത്തനത്തിന് 44 മില്യൺ യുഎസ് ഡോളറിന്റെ ഫണ്ടിംഗ് കുറവ് നേരിടുന്നു. സ്ത്രീകൾ, കുട്ടികൾ, കുടിയിറക്കപ്പെട്ടവർ എന്നിവരെയാണ് ഇത് കൂടുതൽ ബാധിച്ചത്.
സൊമാലിയയിൽ 4.4 ദശലക്ഷം ആളുകൾ ഉയർന്ന തോതിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. അടിയന്തര ഭക്ഷ്യ സഹായം നൽകുന്നവരുടെ എണ്ണം വെറും 350,000 ആയി കുറച്ചിരിക്കയാണ്. ഏപ്രിലിൽ പ്രാരംഭ വെട്ടിക്കുറവുകൾ വരുത്തിയതിനെ തുടർന്നാണിത്. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തിന് 98.3 ദശലക്ഷം യുഎസ് ഡോളറിന്റെ ഫണ്ടിംഗ് കുറവുണ്ട്.
ദക്ഷിണ സുഡാനിൽ 7.7 ദശലക്ഷം ആളുകൾ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഭക്ഷ്യ സഹായം 2.7 ദശലക്ഷം ആളുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് തന്നെ 50-70 ശതമാനം റേഷൻ എന്ന നിലയിൽ നിയന്ത്രിക്കയും ചെയ്തു. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രവർത്തനങ്ങൾക്ക് 398.9 ദശലക്ഷം യുഎസ് ഡോളറിന്റെ കുറവ് നേരിടും.
സുഡാനിൽ ജനസംഖ്യയുടെ പകുതിയോളം വരുന്ന 25 ദശലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടുന്നു., ഓരോ മാസവും ശരാശരി 4.2 ദശലക്ഷം ആളുകൾക്കാണ് WFP സഹായം എത്തിക്കാനാവുന്നത്. ഇവരിൽ 1.8 ദശലക്ഷം പേർ ക്ഷാമ പ്രദേശങ്ങളിലുമാണ്. പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ പ്രതിമാസം ഏകദേശം 8 ദശലക്ഷം ആളുകൾക്ക് പിന്തുണ വർദ്ധിപ്പിക്കുന്നതിന് WFP ലക്ഷ്യം വെക്കുന്നു. പക്ഷെ അടുത്ത ആറ് മാസത്തിനുള്ളിൽ 600 ദശലക്ഷം യുഎസ് ഡോളർ അടിയന്തിരമായി ഇതിന് ആവശ്യമാവും.

അമേരിക്കയുടെ കഴിഞ്ഞ വർഷത്തെ സഹായം ഏകദേശം 4.5 ബില്യൺ ഡോളറായിരുന്നു. ഇത് മാത്രം ഏകദേശം 1.5 ബില്യൺ ഡോളറായി ചുരുങ്ങി. മറ്റ് മുൻനിര ദാതാക്കളും സമാനമായ നിലയിൽ ധനസഹായം വെട്ടിക്കുറച്ചു.
ഏജൻസിയുടെ പ്രവർത്തനവും വെല്ലുവിളിയിൽ
ഐക്രരാഷ്ട്ര സംഘടനയ്ക്ക് കീഴിൽ മൈഗ്രേഷൻ, ആരോഗ്യം, അഭയാർത്ഥി എന്നിങ്ങനെ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കർമ്മനിരതരായിട്ടുള്ള സഹായ പദ്ധതികൾ തന്നെയും വെല്ലുവിളി നേരിടുന്നു. അവർക്കുള്ള സഹായം നിലച്ചതോടെ ജീവനക്കാരുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കയാണ്.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫണ്ടുകൾ കുത്തനെ വെട്ടിക്കുറയ്ച്ചത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മാനുഷിക സഹായ സമൂഹത്തെയും പ്രതിസന്ധിയിലാക്കി. അതായത് യു എൻ ഏജൻസികൾ പ്രവർത്തിപ്പിക്കാൻ പോലും തികയാത്ത സാഹചര്യം നേരിടുന്നു.
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സംഘടനയാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി). അടിയന്തര ഘട്ടങ്ങളിൽ ഭക്ഷ്യസഹായം നൽകുന്നതിലൂടെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയിലേക്ക് രാജ്യങ്ങളെ നയിക്കുന്നതിൽ ഊന്നൽ നൽകുന്നു. വിശപ്പും പോഷകാഹാരക്കുറവും നേരിടുന്നതിനായി പ്രവർത്തിക്കുന്നു.
1961-ൽ സ്ഥാപിതമായ WFA റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്. ഏകദേശം 120 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പ്രതിവർഷം സഹായം എത്തിക്കുന്നു.
പട്ടിണിയെ ചെറുക്കുന്നതിനും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് 2020-ൽ WFA യ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. രാജ്യങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനകളിലൂടെയാണ് ഈ സംഘടന പൂർണമായും ധനസഹായം നേടുന്നത്.









0 comments