ഗാസയിലെ ഭക്ഷ്യശേഖരം തീർന്നു

ഗാസ സിറ്റി : ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം രണ്ടുമാസമാകവേ ഗാസയിലെ ഭക്ഷ്യശേഖരം പൂർണ്ണമായും തീർന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം വെളിപ്പെടുത്തി. ഉപരോധം പത്തുലക്ഷത്തിലധികം കുട്ടികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് ഗാസയിലെ സർക്കാരിന്റെ മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കണമെന്ന് ഗാസയുടെയും ലോകത്തിന്റെയും അഭ്യർഥന മാനിക്കാതെയാണ് ഇസ്രയേൽ ഉപരോധവും ആക്രമണവും ശക്തമായി തുടരുന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന കൂടാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇവരിൽ മൂന്നുകുട്ടികളുണ്ട്. വെള്ളി പുലർച്ചെ മുതൽ ഇസ്രയേലി ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാർച്ച് 18ന് ഇസ്രയേൽ ഹമാസുമായുള്ള വെടിനിർത്തൽ ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചശേഷം ഗാസയിൽ 1,978 പേർ കൊല്ലപ്പെടുകയും 5,207 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









0 comments