ഏഷ്യൻ ഗെയിംസിനിടെ ജപ്പാനിൽ നാശം വിതച്ച് 'ദുജുവാൻ' ചുഴലിക്കാറ്റ്; നാല് മരണം

ടോക്കിയോ: ഏഷ്യൻ ഗെയിംസ് നടക്കുന്നതിനിടെ ജപ്പാനിൽ വിശിയടിച്ച ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചു. നാലുപേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആറുപേരെ കാണാതായിട്ടുണ്ട്.
പരക്കെ പരിഭ്രാന്തി വിതച്ച് വീശിയടിച്ച 'ദുജുവാൻ' (Dujuan) ചുഴലി ചൊവ്വാഴ്ച രാവിലെയോടെ ജപ്പാൻ തീരം വിട്ട് പസഫിക് ഭാഗത്തേക്ക് നീങ്ങി. ഇതുകാരണം മത്സരങ്ങളെ കൂടുതൽ ബാധിച്ചില്ല. ടോക്കിയോയ്ക്ക് സമീപത്ത് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിതരണം മുടങ്ങിയിരിക്കയാണ്. ദുരന്ത നിവാരണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 460 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ടോക്കിയോക്ക് 120 കിലോമീറ്റർ തെക്കുള്ള ഓഷിമ ദ്വീപിൽ 48 മണിക്കൂറിനിടെ 832 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഇത് സെപ്റ്റംബർ മാസത്തിൽ ഇവിടെ ലഭിക്കാറുള്ള ശരാശരി മഴയുടെ ഇരട്ടിയിലധികമാണ്. ടോക്കിയോയിലെ എഡോഗാവയിൽ 24 മണിക്കൂറിനിടെ 282.5 മില്ലീമീറ്റർ മഴ പെയ്തു. പലയിടങ്ങളിലും കടൽ ക്ഷോഭം രൂക്ഷമായി. ചുഴലിയുടെ സാന്നധ്യത്തിന് മുന്നോടിയായി പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിഥികൾ താമസിക്കുന്ന കപ്പൽ മാറ്റി
പ്രതികൂല കാലാവസ്ഥ കാരണം എഷ്യൻ ഗെയിംസിലെ കുതിരപ്പന്തയം (Equestrian Eventing), തുഴച്ചിൽ (Rowing) മത്സരങ്ങളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തേണ്ടി വന്നു. അതിഥികൾക്ക് താമസിക്കാനായി ഏര്‍പ്പെടുത്തിയ പടുകൂറ്റൻ ആഢംബര കപ്പൽ 'കോസ്റ്റ സെറീന' (Costa Serena) തീരത്തു നിന്ന് ഉൾകടലിലേക്ക് മാറ്റി. നഗോയ തുറമുഖത്താണ് കപ്പൽ ഉണ്ടായിരുന്നത്. കാറ്റ് രൂക്ഷമായ സമയത്ത് കപ്പലിൽ എത്തിച്ചേരാൻ കഴിയാതിരുന്നവര്‍ക്ക് അധികൃതര്‍ ബദൽ താമസ സൗകര്യം ഒരുക്കി.
ടോക്കിയോ ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിൽ കാറ്റ് അധികമായി ബാധിക്കാതെ പോയത് ഗെയിസ് വേദികളെ സുരക്ഷിതമാക്കി. ഐച്ചി നഗോയ മേഖലകളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. പരക്കെ പരിഭ്രാന്തിയും അനിശ്ചിതത്വവും തീര്‍ത്തുവെങ്കിലും കാറ്റ് പെട്ടെന്ന് ശമിച്ചതും ആശ്വാസമായി.









0 comments