2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
print edition സൗദി സൈനിക കോപ്റ്റര്‍ തകര്‍ന്നു

പ്രതീകാത്മക ചിത്രം
അനസ് യാസിന്‍
Published on Oct 20, 2026, 12:32 AM | 1 min read
മനാമ: യമന്‍ അതിര്‍ത്തിയിലെ നജ്‌റാന്‍ മേഖലയില്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ എഎച്ച്-6ഐ നിരീക്ഷണ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കോപ്റ്റര്‍ തകര്‍ന്നതെന്ന് സഖ്യസേന വക്താവ് തുര്‍കി അല്‍ മാലിക്കി അറിയിച്ചു. ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ഹൂതികളുടെ അവകാശവാദം സഖ്യസേന തള്ളി.
തിങ്കളാഴ്ചയും സൗദിക്ക് നേരെ ഹൂതികൾ ആക്രമണങ്ങള്‍ തുടര്‍ന്നതായി സഖ്യസേന അറിയിച്ചു. ഖാമിസ് മുശൈത്, റിയാദ് നഗരങ്ങള്‍ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തു. ആക്രമണത്തിന് തൊട്ടുമുമ്പ് റിയാദ്, അബഹ, ഖാമിസ് മുശൈത് എന്നിവിടങ്ങളില്‍ സിവ്ല്‍ ഡിഫന്‍സ് ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി, വടക്കന്‍ യമനിലെ സാദയിലുള്ള ഹൂതികളുടെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ തറകള്‍ സൗദി സഖ്യസേന ബോംബിട്ട് നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.
അതേസമയം യമന്റെ തെക്കൻ പ്രവിശ്യയായ ശബ്‌വയിലെ സർക്കാർ സേനാ ക്യാമ്പിന് നേരെ തിങ്കളാഴ്ച ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. അൽ-ആലം സൈനിക ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ സൗദി സഖ്യസേന 53 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതി സൈനിക വക്താവ് അറിയിച്ചു.









0 comments