Deshabhimani

print edition ഷി ജിൻപിങ്ങിന്‌ ചുവപ്പ് പരവതാനി വിരിച്ച്‌ ട്രംപ്‌

xijin

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഭാര്യ പെങ് ലിയുവാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും ഒപ്പം വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ​

വെബ് ഡെസ്ക്

Published on Sep 25, 2026, 01:31 AM | 1 min read

വാഷിങ്‌ടൺ : മൂന്നുദിവസത്തെ ഒദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്‌ ഗംഭീര സ്വീകരണമൊരുക്കി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. പത്ത് വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് വൈറ്റ്ഹൗസ് സന്ദർശിക്കുന്നത്.


മെരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വ്യോമവളത്തിൽ എത്തിയ ചൈനീസ് പ്രസിഡന്റിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിക്കാൻ ട്രംപ്‌ ഭാര്യ മെലാനിയക്കൊപ്പം നേരിട്ടെത്തി. നൂറടി നീളമുള്ള ചുവപ്പ് പരവതാനി വിരിച്ച്‌ സൈനിക ബഹുമതികളോടെയാണ് അമേരിക്ക ചൈനീസ് പ്രതിനിധി സംഘത്തെ വരവേറ്റത്. 1962-ൽ ജോൺ എഫ് കെന്നഡി ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് മാക്മില്ലനെ സ്വീകരിച്ചതിനുശേഷം ഇതാദ്യമായാണ്‌ യുഎസ്‌ പ്രസിഡന്റ് നേരിട്ടെത്തി ഒരു രാഷ്‌ട്രത്തലവനെ വരവേൽക്കുന്നത്. വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ യുഎസ് സൈനികർ ഇരു നേതാക്കൾക്കും ആദരമർപ്പിച്ച് പ്രസിഡൻഷ്യൽ സല്യൂട്ടും യുദ്ധവിമാനങ്ങൾ അണിനിരന്ന വ്യോമസേനാ ഫ്ലൈഓവറും നടന്നു. ഓവൽ ഓഫീസിലും ക്യാബിനറ്റ് റൂമിലും ഇരുനേതാക്കളും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. നിർമിതബുദ്ധി, തയ്‌വാൻ വിഷയം, ഇറാൻയുദ്ധം എന്നിവയാണ് പ്രധാന ചർച്ചയായത്‌.


ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച നിർണായകമാണ്‌. ഇപ്പോഴത്തെ ചർച്ചകൾക്ക് വരുംദശകങ്ങളിൽ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയും ചൈനയും എതിരാളികളാകുന്നതിനേക്കാൾ പങ്കാളികളാകേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ പരമാധികാരം, സുരക്ഷ, വികസന അവകാശങ്ങൾ എന്നിവ ആർക്കും ലംഘിക്കാനാകാത്ത ചുവപ്പുരേഖയാണെന്ന്‌ യുഎസിലെ ചൈനീസ് നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.


ഷി ജിൻപിങ്ങിനെ സ്വീകരിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ പാർടിയിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ലോകത്തെ രണ്ട് വൻ സമ്പദ്‌വ്യവസ്ഥകൾ തമ്മിൽ ചർച്ചകൾ നടത്താതിരിക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മയായിരിക്കുമെന്ന് യുഎസ്‌ വിദേശ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.


ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യാപാര ഉടമ്പടി 2027 ജനുവരി വരെ നീട്ടാൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ്ങും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ്‌ കുറയ്ക്കുന്നതിന് പകരമായി അപൂർവധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ചൈന നീക്കുന്നതായിരുന്നു കരാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home