'വീമ്പുപറയുകയല്ല, ഞാന്‍ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു'; എനിക്കും വേണം നൊബേലെന്ന് ട്രംപ്

വാഷിങ്‌ടൺ: വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ, താൻ അതിന് അർഹനാണെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും മുൻപ് ഒരു ലോക നേതാവും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു.
"ഞാൻ ആരും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. വീമ്പുപറയുകയല്ല, വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ്. ചരിത്രത്തിൽ മറ്റൊരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ പരിഹരിച്ചിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. തനിക്ക് പുരസ്കാരം നൽകിയില്ലെങ്കിൽ അത് നൊബേൽ കമ്മിറ്റിക്ക് തന്നെയാണ് വലിയ അപമാനമായി മാറുക. എന്നാൽ എന്നെപ്പോലുള്ള ആളുകൾക്ക് പുരസ്കാരം നൽകാതിരിക്കുന്ന ചരിത്രമാണ് അവർക്കുള്ളത്. എന്നാൽ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും അതിനേക്കാൾ എത്രയോ അധികം കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്," ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമാധാന നൊബേൽ നൽകിയതിനെയും ട്രംപ് പരിഹസിച്ചു. "അധികാരമേറ്റ ഉടൻ തന്നെ ഒബാമയ്ക്ക് പുരസ്കാരം നൽകി. എന്നാൽ എന്തിനാണ് അത് ലഭിച്ചതെന്ന് ഒബാമയ്ക്ക് ഇപ്പോഴും അറിയില്ല. ഞാൻ ഒബാമയേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്," ട്രംപ് വാദിച്ചു.
കഴിഞ്ഞ ജനുവരിയിൽ അധികാരമേറ്റ ശേഷം എട്ടോളം അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെട്ടതിനാൽ തനിക്ക് പുരസ്കാരം ലഭിക്കണമെന്നാണ് ട്രംപിന്റെ വാദം. ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഈ പുരസ്കാരത്തിന് താൻ അർഹനാണെന്നും ട്രംപ് അവകാശപ്പെട്ടു.









0 comments