"ഗ്രീൻലാൻഡ് ഞങ്ങൾക്ക് വേണം"; വെനസ്വേലയ്ക്ക് പിന്നാലെ അടുത്തനീക്കം തുറന്നുപറഞ്ഞ് ട്രംപ്

ഡോണൾഡ് ട്രംപ് | Photo:AFP
വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡിലും അധിനിവേശം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും തന്ത്രപ്രധാനമായ മേഖലയാണ് ഗ്രീന്‍ലാന്‍ഡെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരമായുള്ള സംവാദത്തിനിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
"ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഗ്രീൻലാൻഡ് ഞങ്ങൾക്ക് ആവശ്യമാണ്. അത് സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ല," ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം ട്രംപിന്റെ അടുത്ത സഹായിയുടെ ഭാര്യ കാറ്റി മില്ലർ അമേരിക്കൻ പതാകയുടെ നിറത്തിലുള്ള ഗ്രീൻലാൻഡ് പതാക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. "ഉടൻ" എന്നായിരുന്നു ആ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡെൻമാർക്ക് അധീന പ്രദേശവുമായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ആവശ്യം ട്രംപ് പ്രകടിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ആർട്ടിക് മേഖലയിലെ ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരിഗണിച്ച് പ്രദേശം അമേരിക്കയുമായി കൂട്ടിച്ചേർക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു.
അതേസമയം, ട്രംപിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ രംഗത്തെത്തി. "ഗ്രീൻലാൻഡ് ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ ഭൂമിയാണ്. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും,"- അദ്ദേഹം പറഞ്ഞു.










0 comments