വംശീയവെറിക്കെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനുമായി പടവാളേന്തിയ ധീരവനിത

നവനീതം പിള്ള
കേപ് ടൗൺ: വിപരീത സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ ജീവിതമാണ് നവനീതം പിള്ളയുടേത്. കുഞ്ഞുനാളിൽ ചുറ്റും കണ്ടുപരിചയിച്ച മനുഷ്യജീവിതത്തിന്റെ ഇല്ലായ്മകളും വേദനകളും അരക്ഷിതാവസ്ഥകളുമാണ് അവരെ ഒരു പോരാളിയാക്കിയത്. ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ എന്നും ജയിച്ചു കയറിയ നവനീത് പിള്ളയെന്ന നവി എത്തിനിൽക്കുന്നത് സമാധാന നൊബേലെന്ന അഭിമാനകരമായ നേട്ടത്തിലാണ്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നവിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. വംശീയ വെറിക്കും സ്ത്രീകൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾക്കുമെതിരെ ആയിരുന്നു നവി നിരന്തരം പടവാളുയർത്തിയത്. ആ പോരാട്ടത്തിന്റെ തുടക്കം കുട്ടിക്കാലത്തു തന്നെ തുടങ്ങുകയും ചെയ്തു. ഇന്ത്യൻ തമിഴ് വംശജരായ നവി പിള്ളയുടെ പൂർവ്വികർ 1890 കളിൽ കരിമ്പ് തോട്ടങ്ങളിലെ കരാർ തൊഴിലുകൾക്കായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്.
എട്ട് മക്കളുള്ള കുടുംബത്തിൽ അഞ്ചാമത്തെ കുട്ടിയായി 1941 സെപ്റ്റംബർ 23-ന് നതാൽ പ്രവിശ്യയിലുള്ള ഡർബനിലെ ഒരു ദരിദ്ര പ്രദേശത്താണ് നവിയുടെ ജനനം. നരേൻസാമി നായ്ഡുവും ശാന്തമ്മയുമായിരുന്നു മാതാപിതാക്കൾ. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. ചെറിയപ്രായത്തിൽ തന്നെ കല്യാണം കഴിച്ചയയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, നവിയുടെ രക്ഷിതാക്കൾ പുരോഗമനവാദികളായിരുന്നു. ആൺകുട്ടികൾക്കെന്ന പോലെ തങ്ങളുടെ പെൺമക്കൾക്കും വിദ്യാഭ്യാസം നൽകണമെന്ന് അവർ നിർബന്ധം പിടിച്ചു. സ്കൂളുകളിൽ സീറ്റുകൾ പരിമിതമായിരുന്നിട്ടും മാതാവ് മുൻകൈയെടുത്ത് നവിയെ സ്കൂളിൽ ചേർത്തു.
മാതാപിതാക്കളുടെ ആ തീരുമാനമാണ് ഇന്ന് ലോകം ആദരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായി മാറിയ നവി പിള്ളയുടെ പ്രചോദനം. കുട്ടിക്കാലം മുതൽ പ്രബന്ധ രചനയ്ക്ക് നവി പിള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നതാൽ സർവകലാശാലയിൽ ചേർന്നു. 1963-ൽ ബാച്ചിലർ ഓഫ് ആർട്സ് (BA) ബിരുദവും, 1965-ൽ നിയമ ബിരുദവും (LLB) കരസ്ഥമാക്കി. തുടർന്ന് 1981-ൽ ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് മാസ്റ്റർ ഓഫ് ലോസ് (LL.M.) ബിരുദവും, 1988-ൽ അവിടെനിന്നു തന്നെ ഡോക്ടറേറ്റ് ഓഫ് ജൂറിസ്പ്രൂഡൻസ് (S.J.D.) ബിരുദവും നേടി. ഹാർവാർഡിൽ നിന്നു നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ വനിതയാണ് നവനീതം പിള്ള.
വർണവിവേചന പോരാളിയും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ എൻ ടി നായ്ക്കറുടെ കീഴിൽ രണ്ട് വർഷത്തെ പരിശീലനം നേടി. ശേഷം സ്വന്തമായി നിയമ പ്രാക്ടീസ് ആരംഭിച്ചു. അപ്പാർത്തീഡ് കാലഘട്ടത്തിൽ വെള്ളക്കാരല്ലാത്ത അഭിഭാഷകർക്ക് ജഡ്ജിമാരുടെ ചേമ്പറുകളിൽ പ്രവേശിക്കാൻ പോലും അനുവാദമില്ലാതിരുന്ന കാലത്താണ് ആദ്യത്തെ വെള്ളക്കാരിയല്ലാത്ത അഭിഭാഷകയായി മാറിയത്. ഈ നേട്ടം ജീവിതത്തിലെ മറ്റൊരു വലിയ വഴിത്തിരിവായി. 28 വർഷത്തെ അഭിഭാഷക ജീവിതം. 1965ൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ ഗാബി പിള്ളയെ വിവാഹം കഴിച്ച നവി പിള്ള രണ്ട് കുട്ടികളെ ദത്തെടുത്തു. ഇസ്വരി, കാമിനി എന്നാണ് കുട്ടികളുടെ പേര്. 1995 ൽ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ആക്ടിങ് ജഡ്ജിയായി നിയമിതയായി.
വർണവിവേചനങ്ങൾക്കെതിരെ നിരന്തരം പോരാടി. ജയിലുകളിൽ നടന്നിരുന്ന ക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ധീരമായി പ്രവർത്തിച്ചു. 1973-ൽ നെൽസൺ മണ്ടേല ഉൾപ്പെടെ റോബൻ ദ്വീപിൽ തടവിലായിരുന്ന രാഷ്ട്രീയതടവുകാർക്ക് നിയമോപദേശം നേടാനുള്ള അവകാശം നേടിയെടുത്തത് ഇവരുടെ സുപ്രധാന നിയമപോരാട്ടങ്ങളിലൊന്നായിരുന്നു. ഇതിനെല്ലാം പുറമെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്കുവേണ്ടി നിരന്തരം പോരാടി.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കായി 'അഡ്വൈസ് ഡെസ്ക് ഫോർ ദ അബ്യൂസ്ഡ്' എന്ന സംഘടന സ്ഥാപിച്ചു, സ്ത്രീകൾക്കായി അഭയകേന്ദ്രങ്ങൾ നടത്തി. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവമായിരുന്ന നവി പിള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.









0 comments