ടെക്സസ് ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആളപായമില്ലെന്ന് അധികൃതർ

വാഷിങ്ടൺ : അമേരിക്കയിലെ ടെക്സസിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലാണ് ഈ റിഫൈനറി സ്ഥിതിചെയ്യുന്നത്. റിഫൈനറിയിലുണ്ടായ സ്ഫോടനത്തെ തുടന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയർന്നു. ഇതോടെ സമീപങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരായി.
ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് പോർട്ട് ആർതർ മേയർ ഷാർലെറ്റ് എം മോസസ് അറിയിച്ചു. റിഫൈനറിയിലെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മേഖലയിലെ അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിനായി ടെക്സസ് കമ്മീഷൻ വായു പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുമായി റിഫൈനറിയിൽ എത്തിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്ന് 'ഓൾ ക്ലിയർ' അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടുകൾക്കുള്ളിൽതന്നെ കഴിയാനും, പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും നഗര ഭരണകൂടം ഫേസ്ബുക്കിലൂടെ അറിയിച്ചു.
അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള കടന്നാക്രമണം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോള എണ്ണ വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതേ തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ സ്ഫോടനം.
പ്രതിദിനം നാലര ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിൽ സംസ്കാരിക്കാനുള്ള ശേഷിയുള്ള റിഫൈനറിയാണിത്. ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയാണ് ഈ റിഫൈനറിയിൽ ഉല്പാദിപ്പിക്കുന്നത്. ഏകദേശം 770 ജീവനക്കാരുള്ള റിഫൈനറിലുണ്ടായ ഈ അപകടം എണ്ണ വിപണിയെ കൂടുതൽ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.









0 comments