തായ്‌വാനീസ് പ്രണയകഥയ്ക്ക് അന്താരാഷ്ട്ര ബുക്കർ

ലണ്ടൻ: 'തായ്‌വാൻ ട്രാവലോഗ്' എന്ന നോവലിന് 2026-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം. തായ്‌വാനീസ് എഴുത്തുകാരി യാങ് ഷുവാങ്-സിരചിച്ച ഈ പുസ്തകം മാൻഡറിൻ ചൈനീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ലിൻ കിംഗ് ആണ്. ലണ്ടനിലെ ടേറ്റ് മോഡേണിൽ നടന്ന ചടങ്ങിൽ ജൂറി അധ്യക്ഷ നടാഷ ബ്രൗൺ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. മാൻഡറിൻ ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടുന്ന ആദ്യത്തെ നോവലാണിത്.
കേവലമൊരു കഥ പറയുന്നതിനപ്പുറം സാങ്കൽപ്പിക അടിക്കുറിപ്പുകളുംയഥാർത്ഥ വിവർത്തക കുറിപ്പുകളും ചേർത്തുള്ള പരീക്ഷണാത്മക ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്.
മികച്ച അന്താരാഷ്ട്ര വിവർത്തനത്തിനുള്ള ഈ പുരസ്കാര തുകയായ ഏകദേശം 52 ലക്ഷത്തിലധികം രൂപ എഴുത്തുകാരി യാങ് ഷുവാങ്-സിയും വിവർത്തക ലിൻ കിംഗും തുല്യമായി പങ്കിടും. നാഗസാക്കിയിൽ നിന്നുള്ള ജാപ്പനീസ് നോവലിസ്റ്റ് അയോയമ ചിസുക്കോയും, അവളുടെ തായ്‌വാനീസ് പരിഭാഷകയും പാചകക്കാരിയുമായ ചിസുരുവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
1938-ൽ ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്ന തായ്‌വാന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നാഗസാക്കിയിൽ നിന്നുള്ള ജാപ്പനീസ് എഴുത്തുകാരി അയോയമ ചിസുക്കോ തായ്‌വാൻ സന്ദർശിക്കാനെത്തുന്നു. രാഷ്ട്രീയത്തിലോ ഔദ്യോഗിക പരിപാടികളിലോ താല്പര്യമില്ലാത്ത അവൾ, അവിടുത്തെ വിഭവങ്ങളിലൂടെ തായ്‌വാനെ അറിയാൻ ആഗ്രഹിക്കുന്നു.

ഈ യാത്രയിൽ അവൾക്ക് തുണയാകുന്നത് ചിസുരു എന്ന തായ്‌വാനീസ് യുവതിയാണ്. ചിസുരു അവളുടെ പരിഭാഷകയും ഒപ്പം മികച്ചൊരു പാചകക്കാരിയുമാണ്. ഒപ്പമുള്ള യാത്രകൾക്കിടയിൽ ചിസുരുവിനോട് ചിസുക്കോയ്ക്ക് പ്രണയം തോന്നുന്നു. എന്നാൽ സാമ്രാജ്യത്വ ഭരണാധികാരികളുടെ നാട്ടിൽ നിന്നുള്ള ചിസുക്കോയും, അധിനിവേശ കോളനിയിലെ ചിസുരുവും തമ്മിലുള്ള വർഗ്ഗ-അധികാര വ്യത്യാസങ്ങൾ അവരുടെ ബന്ധത്തെ സങ്കീർണ്ണമാക്കുന്നു. ഒരേസമയം ഇതൊരു പ്രണയകഥയും ശക്തമായ രാഷ്ട്രീയ നോവലുമായാ മാറുന്നതായി ജൂറി വിലയിരുത്തി.
ആൻഡ് അദർ സ്റ്റോറീസ്' എന്ന സ്വതന്ത്ര പ്രസാധക കമ്പനിയാണ് നോവൽ പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാം വർഷമാണ് ഒരേ പ്രസാധകരുടെ പുസ്തകങ്ങൾ ബുക്കർ സമ്മാനം നേടുന്നത്. കഴിഞ്ഞ വർഷം 'ഹാർട്ട് ലാമ്പ്' എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം.










0 comments