സുഡാനിൽ സ്വർണ്ണഖനി തകർന്ന് 11 മരണം; ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരന്തം

ഖാർത്തൂം: സുഡാനിൽ സ്വർണ്ണഖനി തകർന്ന് 11 മരണം. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്താണ് സ്വർണ്ണഖനി അപകടമുണ്ടായത്. അപകടത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ സുഡാനിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണ്ണഖനി ദുരന്തമാണിത്.
ഖനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ചയോടെ 11 മൃതദേഹങ്ങൾ വീണ്ടെടുക്കുകയും 30 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി സർക്കാർ ഉടമസ്ഥതയിലുള്ള 'സുഡാനീസ് മിനറൽ റിസോഴ്‌സ് കമ്പനി' ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വടക്കുകിഴക്കൻ പ്രദേശമായ 'ഓണി' എന്ന സ്ഥലത്താണ് ശനിയാഴ്ച രാത്രിയോടെ ഖനി തകർന്നുവീണത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോ ഭരണകൂടത്തിന്റെ മേൽനോട്ടമോ ഇല്ലാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട, അനധികൃത ഖനികളാണ് സുഡാനിലുള്ളത്.
കഴിഞ്ഞ ആഴ്ച പടിഞ്ഞാറൻ സുഡാനിൽ ആർഎസ്എഫ് പാരാമിലിറ്ററി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്വർണ്ണഖനി തകർന്ന് 82 പേർ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര സംഘർഷങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവവും അനധികൃത ഖനനവും കാരണം സുഡാനിൽ ഖനി അപകടങ്ങൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണ്.










0 comments