ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയതായി കേസ്, കാലിഫോര്‍ണിയ ആര്‍ക്കേഡിയ മേയര്‍ രാജിവെച്ചു

കാലിഫോര്‍ണിയ: ചാര പ്രവര്‍ത്തനം ആരോപിച്ചുള്ള കേസിന് പിന്നാലെ അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള അർക്കേഡിയ നഗരത്തിലെ മേയർ രാജിവെച്ചു. ചൈനീസ് സർക്കാരിന്റെ അനധികൃത ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. 58-കാരിയായ ഐലീൻ വാംഗ് ആണ് പുറത്തായത്.
യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന് വേണ്ടി ചാരവൃത്തിയിലേർപ്പെട്ടു എന്ന കുറ്റമാണ് ഐലീനെതിരെ ചുമത്തിയത്. ഇതിന് പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
2020 മുതൽ 2022 വരെയുള്ള കാലയളവിൽ ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചൈനയ്ക്ക് അനുകൂലമായ വാർത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാൻ ഇവർ സഹായിച്ചു. ഇതിനായി 'യുഎസ് ന്യൂസ് സെന്റർ' എന്ന വെബ്സൈറ്റ് ഇവർ ഉപയോഗിച്ചു എന്നിങ്ങനെയാണ് കുറ്റം.
വാംഗിന്റെ മുൻ പ്രതിശ്രുത വരൻ യാവോനിംഗ് 'മൈക്ക്' സൺ ഇതേ കുറ്റത്തിന് നിലവിൽ നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളാണ് വാംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈകാര്യം ചെയ്തിരുന്നത്.
ലോസ് ഏഞ്ചൽസിന് സമീപമുള്ള അർക്കേഡിയ നഗരത്തിൽ ഭൂരിഭാഗവും ഏഷ്യൻ വംശജരാണ്, പ്രത്യേകിച്ച് ചൈനീസ് വംശജരായ വലിയൊരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ തെറ്റായ ബന്ധങ്ങളാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും, നഗരത്തോടുള്ള സ്നേഹത്തിൽ മാറ്റമില്ലെന്നും വാംഗ് അഭിഭാഷകർ മുഖേന പ്രസ്താവനയിറക്കി.










0 comments