Deshabhimani

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം നിയമനടപടിയിലൂടെ മാത്രം; ഇന്ത്യൻ ഹൈകമീഷണർ

Sheikh Hasina
വെബ് ഡെസ്ക്

Published on Oct 04, 2026, 02:37 PM | 1 min read

ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം നിയമനടപടികളിലൂടെ പരിഗണിച്ചുവരികയാണെന്ന് ഇന്ത്യ അറിയിച്ചു. ഹസീനയെ കൈമാറുന്നതിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും ഇന്ത്യയുടെ ബംഗ്ലാദേശിലെ ഹൈകമീഷണർ ദിനേഷ് ത്രിവേദി വ്യക്തമാക്കി. കോടതി നടപടിയുടെ ഭാഗമായതിനാലാണ് സമയപരിധി പറയാനാകാത്തത്.


ധാക്കയിൽ നടന്ന ബേ ഓഫ് ബംഗാൾ കോൺവർസേഷൻ 2026ൽ സംസാരിക്കുകയായിരുന്നു ത്രിവേദി. ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുകയാണ്. തുടർ നടപടികൾക്ക് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.


ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വ്യോമസേനയോ കരസേനയോ അവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതല്ലെന്നും ത്രിവേദി പറഞ്ഞു. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന ഹസീനയെ അയൽരാജ്യമെന്ന നിലയിൽ സഹായിക്കേണ്ടതുണ്ട്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ലെന്നും ത്രിവേദി വ്യക്തമാക്കി.


മാസങ്ങളായി ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയുമായി ചർച്ചകൾ നടത്തി വരികയാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിലവിലുള്ള നടപടിക്രമങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്.


2024ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിലെ നിയമനടപടികളുടെ പശ്ചാത്തലത്തിൽ അവരെ കൈമാറണമെന്ന ആവശ്യവുമായി ബം​ഗ്ലാദേശ് ഇന്ത്യയെ സമീപിക്കുന്നുണ്ട്. ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിലെ പ്രധാന വിഷയമായി ഹസീനയുടെ ഇന്ത്യയിലേക്കുള്ള പലായനം മാറിക്കഴിഞ്ഞു. ഈ വിഷയങ്ങൾ തുടർച്ചയായ ചർച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും പരിഹരിക്കേണ്ടതാണെന്നും ത്രിവേദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home