എസ്എഫ്‌ഐ 56-ാം സ്ഥാപക ദിനം: ലണ്ടനിലും എഡിൻബർഗിലും വിപുലമായ ആഘോഷങ്ങൾ

ലണ്ടൻ: എസ്എഫ്ഐയുടെ 56-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി യുകെയിലെ വിവിധ നഗരങ്ങളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. എസ്എഫ്ഐ യുകെ ഘടകത്തിന്റെ നേതൃത്വത്തിൽ ലണ്ടൻ, എഡിൻബർഗ് എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ നിരവധി വിദ്യാർഥികളും പുരോഗമന സംഘടനകളുടെ പ്രതിനിധികളും പങ്കുചേർന്നു.
ലണ്ടനിലെ സൗത്താൾ ടൗൺ ഹാളിൽ ഡിസംബർ 30-നായിരുന്നു ആഘോഷങ്ങൾ. പതാക ഉയർത്തലോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലാൽ സലാം സയ്യാദ് സ്വാഗതം ആശംസിച്ചു. എസ്എഫ്‌ഐയുടെ ചരിത്രപരമായ പോരാട്ടങ്ങളെക്കുറിച്ചും അതിർത്തികൾക്കപ്പുറം ഫാസിസത്തിനെതിരായ പോരാട്ടങ്ങളിൽ പ്രസ്ഥാനത്തിനുള്ള പങ്കിനെക്കുറിച്ചും പ്രസിഡന്റ് നൂപുർ സംസാരിച്ചു. ഐഡബ്ല്യുഎ (ജിബി) പ്രസിഡന്റ് ഹർസേവ് ബെയ്ൻസ്, വൈസിഎൽ ചെയർ മെയ്‌സി റിലി എന്നിവർ ചടങ്ങിൽ അഭിസംബോധന നടത്തി. എസ്എഫ്‌ഐ പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച സമ്മേളനത്തിൽ പുതിയ മേഖലകളിലേക്ക് പ്രവർത്തനരംഗം മാറ്റുന്ന അംഗങ്ങൾക്ക് യാത്രയയപ്പും നൽകി.

എഡിൻബർഗിൽ നടന്ന ചടങ്ങിൽ സബ് കമ്മിറ്റി സെക്രട്ടറി ജുനൈന മുഹമ്മദ് സംഘടനയുടെ പാരമ്പര്യത്തെക്കുറിച്ച് വിശദീകരിച്ചു. യുകെയിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രസക്തിയെക്കുറിച്ച് വൈസ് പ്രസിഡന്റ് അപർണ്ണ വിനോദ് സംസാരിച്ചു. മുൻ പ്രസിഡന്റ് ശ്വേത ഉഷാ ലാൽ, കമ്മിറ്റി അംഗങ്ങളായ നജിദ്, ഇർഫാൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അക്കാദമിക് മേഖലയിലെ രാഷ്ട്രീയ ചർച്ചകളുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബിലാൽ ഷാ, പ്രഥമേഷ്, സൗമ്യദീപ്, ദിദാർ, ആനന്ദ്, ജഗദീഷ്, ശരണ്യ, സ്വയം, സുബ്രബാലൻ എന്നിവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.










0 comments