Deshabhimani

ലോകരാജ്യങ്ങൾ റഷ്യയെ മാതൃകയാക്കണം

Russia - Cuba

റഷ്യൻ ടാങ്കറായ 'അനാറ്റോലി കൊളോഡ്കിൻ' ഒരു എഐ ചിത്രം.

വെബ് ഡെസ്ക്

Published on Apr 01, 2026, 12:09 PM | 2 min read

ന്യൂഡൽഹി : ലോകപൊലീസ് വേഷമണിഞ്ഞ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്ന അമേരിക്കയിലെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള രണ്ടാം ഭരണകൂടം കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.


വെനിസ്വേലയെയും ഇറാനെയും ആക്രമിച്ചും ക്യൂബയെ ഉപരോധത്തിലൂടെ തളച്ചും ആധിപത്യം ഉറപ്പിക്കാമെന്ന ട്രംപിന്റെ വ്യാമോഹത്തിനാണ് റഷ്യൻ കപ്പലിന്റെ വരവോടെ തിരിച്ചടിയേറ്റത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി 'മൈറ്റ് ഈസ് റൈറ്റ്'

അഥവാ കരുത്തുള്ളവന്റേതാണ് നീതി എന്ന നയം സ്വീകരിക്കുന്ന ട്രംപിന്റെ 'ഡോൺറോ സിദ്ധാന്തം' വെറും കടലാസിലൊതുങ്ങുന്നതാണെന്ന് ഇതോടെ തെളിഞ്ഞു.


അടങ്ങാത്ത സാമ്രാജ്യത്വ അധിനിവേശത്തോടെ രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപ് എണ്ണസമ്പന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ മയക്കുമരുന്ന് മാഫിയ തലവനെന്ന് മുദ്രകുത്തി തട്ടിക്കൊണ്ടുപോയതും അവിടുത്തെ ഊർജ സമ്പത്ത് കൈയടക്കിയതും ഈ അധിനിവേശത്തിന്റെ ഭാഗമാണ്. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് കരുത്ത് പ്രകടിപ്പിക്കുന്ന ക്യൂബയെ തകർക്കാൻ അമേരിക്ക ഉപരോധം കടുപ്പിച്ചു. ഇതിന് പിന്നാലെ ഇസ്രയേലിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇറാനെയും യുഎസ് ലക്ഷ്യമിട്ടു.


വെനിസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം തടഞ്ഞും മെക്സിക്കോയെപ്പോലുള്ള അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും ക്യൂബയെ ഇരുട്ടിലാക്കാനാണ് ട്രംപ് ശ്രമിച്ചത്. ക്യൂബൻ ജനതയെ പട്ടിണിക്കിട്ടും ഇന്ധനക്ഷാമം സൃഷ്ടിച്ചും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുക എന്ന സാമ്രാജ്യത്വ അജണ്ടയാണ് ഇതിന് പിന്നിൽ.


ക്യൂബൻ തീരത്ത് അമേരിക്ക പ്രഖ്യാപിച്ച അപ്രഖ്യാപിത നാവിക ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് റഷ്യൻ ടാങ്കറായ 'അനാറ്റോലി കൊളോഡ്കിൻ' ഹവാനയിൽ എത്തിയത് ട്രംപിന് ഏറ്റ കനത്ത തിരിച്ചടിയാണ്. മാനുഷിക പരിഗണന മുൻനിർത്തി റഷ്യ അയച്ച ഈ ഇന്ധനക്കപ്പലിനെ തടയാൻ അമേരിക്കൻ സൈന്യത്തിന് ധൈര്യമുണ്ടായില്ല. മറ്റൊരു ആണവശക്തിയെ നേരിടാനുള്ള അമേരിക്കയുടെ പേടി ഇതോടെ മറനീക്കി പുറത്തുവന്നു. ട്രംപിന്റെ വിരട്ടലുകൾ വെറും തട്ടിപ്പാണെന്ന് ഇതോടെ ലോകത്തിന് ബോധ്യമായി.


ക്യൂബ ഒരു ഒറ്റപ്പെട്ട ദ്വീപല്ല. ലോകമെമ്പാടുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് ഡോക്ടർമാരെ അയച്ചും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ സജീവ പങ്കാളികളായും ക്യൂബ കാട്ടിയ ഐക്യദാർഢ്യം ലോകം മറന്നിട്ടില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായ ക്യൂബയെ സംരക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ കടമയാണ്.


റഷ്യ കാട്ടിയ ആർജവം മറ്റു രാജ്യങ്ങളും പിന്തുടരേണ്ടതുണ്ട്. അമേരിക്കയുടെ ഉപരോധം ലംഘിച്ചും ക്യൂബയുമായി വ്യാപാര - വാണിജ്യ ബന്ധങ്ങൾ തുടരാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണം. അമേരിക്കയുടെ തന്നിഷ്ടത്തിന് വഴങ്ങാത്ത ഒരു പുതിയ രാജ്യാന്തര ക്രമം കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സോഷ്യലിസ്റ്റ് ക്യൂബയുടെ ഇച്ഛാശക്തിക്ക് മുന്നിൽ സാമ്രാജ്യത്വത്തിന്റെ പടക്കപ്പലുകൾക്ക് വഴിമാറേണ്ടി വരുമെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home